തിരുവനന്തപുരം: തലസ്ഥാന നഗരത്തിന്റെ പ്രാന്ത് പ്രദേശങ്ങളിൽ മോഷ്ടാക്കളും അക്രമി സംഘങ്ങളും അടക്കമുള്ള സാമൂഹ്യ വിരുദ്ധർ താവളമാക്കുന്നു. പിടിച്ചുപറിയും ഗുണ്ടാ ആക്രമണങ്ങളും പതിവാകുന്നത് പൊലീസിനും ചെറിക്കാൻ സാധിക്കാത്ത വിധത്തിലേക്ക് മാറുകയാണ്. ക്രിസ്തുമസിന് തലേദിവസം കഞ്ചാവിന്റെ ലഹരിയിലായ മോഷ്ടാക്കളെ പൊലീസ് നേരിട്ടത് വളരെ പ്രയാസപ്പെട്ടാണ്. പൊലീസ് വാഹനം ആക്രമിക്കുകയും ചെയ്ത സംഭവം സേന കൂടുതൽ ശക്തമായി പ്രവർത്തിക്കേണ്ട സംഭവത്തിലേക്കാണ് വിരൽചൂണ്ടുന്നത്.

ഈ സംഭവത്തോടെ പൊലീസ് കൂടുതൽ ജാഗ്രത പുലർത്തണെന്ന ആവശ്യവും ശക്തമായി. ക്രിസ്മസിന്റെ തലേന്നു രാത്രി മണക്കാടും കമലേശ്വരത്തുമായി മൂന്നു കടകളാണ് ആക്രമിക്കപ്പെട്ടത്. ഈ കടകളിലെ വസ്ത്രങ്ങളും മറ്റു സാധനങ്ങളും കൊള്ളയടിച്ചിരുന്നു. കൊള്ളയടിച്ചത് ആരാണെന്ന വിവരം കിട്ടിയത് അനുസരിച്ചു പൊലീസ് എത്തിയത് വണ്ടിത്താവളം ശാന്തിവിള കോളനിയിലായിരുന്നു. എന്നാൽ, ഇവിടെ അക്രമി സംഘം നിഗൂഢ താവളത്തിൽ തന്നെ ഒളിക്കുകയാണ് ഉണ്ടായത്.

ഫോർട്ട് പൊലീസ് സ്‌റ്റേഷനിലെ എ സി പ്രതാപന്റെയും തിരുവല്ലം എസ് ഐ ജിതിന്റെയും നേതൃത്വത്തിൽ പൊലീസ് ഇവർ ഒളിച്ചിരിക്കുന്ന സങ്കേതത്തിന്നരികിൽ എത്തി. തുടർന്നങ്ങോട്ട് സാഹസിക നടപടികൾ തന്നെയാണ് പൊലീസ് നേരിടേണ്ടി വന്നത്. പൊലീസ് വണ്ടി കടന്നു ചെല്ലാൻ സാധിക്കാത്തയിടത്തായിരുന്നു ഒളിസങ്കേതം. രാത്രി ഏഴ് മണിയോടെ പ്രതികളെ പിടികൂടാനായി എത്തിച്ചേർന്നയിടം ചെറിയൊരു കുന്നിൻ പ്രദേശമായിരുന്നുവെന്നും കാടുപിടിച്ചു കിടക്കുന്ന സ്ഥലമായിരുന്നുവെന്നും വ്യക്തമാക്കി.

പൊലീസ് ജീപ്പ് പോകുന്നയിടെ വരെ പോയി. വണ്ടി ഒതുക്കിവെച്ച് ഇടവഴിയിലൂടെ മുന്നോട്ടു നീങ്ങിയ പൊലീസ് സംഘത്തിനു നേരെ ഏറുപടക്കം, പെട്രോൾ ബോംബ്, ബിയർകുപ്പികൾ എന്നിവ എറിയാൻ തുടങ്ങി. സമയം രാത്രിയോടടുത്തതിനാലും കാടുപിടിച്ച് കിടക്കുന്ന സ്ഥലമായതിനാലും വന്യമായ സ്ഥലമായതിനാലും പൊലീസ്‌കാർ കുറവായതിനാലും പൊലീസിന് എതിർക്കാൻ പോലും സാധിക്കാത്ത അവസ്ഥ വന്നു.

പിടികൂടിയ പ്രതികളെ ഇവരുടെ കൂട്ടാളികൾ തന്നെ രക്ഷപ്പെടുത്താനും ശ്രമം നടത്തി. ഒരാളെ അപ്പോൾ തന്നെ പിടികൂടി. പിറ്റേന്ന് 3 പേരെ പിടികൂടുകയായിരുന്നു. തിരുവനന്തപുരത്തും പരിസരപ്രദേശങ്ങളിലുമായി സ്ഥിരം മാല പൊട്ടിക്കൽ,.. തുടങ്ങി നിരവധി കേസുകളിലെ പ്രതികളാണ് ഇവർ. ക്രിമിനൽ പ്രവർത്തനങ്ങൾ പതിവാക്കിയ ജെസി, ആദർശ്, സുറുമ എന്നു വിളിക്കുന്ന അനൂപ് എന്നിവരാണ് പിടിയിലായത്.

കൊള്ളയടിക്കപ്പെട്ട സ്ഥലങ്ങളിലെ സി സി ടി വി ദൃശ്യങ്ങൾ ട്രേസ് ചെയ്തിട്ടാണ് ഇവരെ പിടിച്ചത്. പിടികൂടിയ ഇടത്തിൽ കൂടുതൽ പേരുകൾ ഉണ്ടായിരുന്നതായി വിവരം ലഭഇച്ചിരുന്നു. എന്നാൽ പൊലീസിനെ കണ്ടപാടെ മറ്റുള്ളവർ പിന്നിലുള്ള കുറ്റിക്കാടുകളിലൂടെ എങ്ങോട്ടോ മറയുകയായിരുന്നു. ഇവരിൽ ചിലർ വന്നാണ് റോഡിൽ നിർത്തിയിട്ടിരിക്കുകയായിരുന്ന ജീപ്പ് അടിച്ചു തകർക്കുകയും പൊലീസിന്റെ ഹാന്റ് സെറ്റും വയർലെസ് സെറ്റും അടിച്ചു കൊണ്ടു പോവുകയും ജീപ്പിന് തീയിടാൻ ശ്രമിക്കുകയും ചെയ്തത്.