തൊടുപുഴ: ഇളംദേശത്ത് സംഘർഷം. യുവാവിന്റെ കൈക്ക് വെട്ടേറ്റു. ആശുപത്രിയിലെത്തിച്ചത് പൊലീസെന്നും സൂചന. സംഭവത്തെക്കുറിച്ച് അറിയില്ലെന്ന് പൊലീസ്. ഇന്നു പുലർച്ചെ 2 മണിയോടെ ഇവിടെ എത്തിയ പെരുമ്പാവൂർ സ്വദേശിക്കാണ് വെട്ടേറ്റത്. ഇയാൾ കോട്ടയം മെഡിക്കൽ കോളേജിൽ ചികത്സയിലാണ്. ആക്രമണത്തിൽ പരിക്കേറ്റതിനെത്തുടർന്ന് യുവാവ് സമീപത്തെ വീട്ടിൽ ഓടിക്കയറി. വീട്ടുകാരെ ഉണർത്തിയെന്നും വീട്ടുകാർ പൊലീസിനെ വിളിച്ചുവരുത്തുകയായിരുന്നെന്നുമാണ് അറിയുന്നത്.

ഇളംദേശത്തിന്റെ ഭൂരിഭാഗം കാഞ്ഞാർ പൊലീസ് സ്റ്റേഷൻ പരിധിയുമാണ് ഉൾപ്പെട്ടിട്ടുള്ളത്. ഈ രണ്ട് സ്റ്റേഷനുകളിലും സംഭവത്തെക്കുറിച്ച് മറുനാടൻ അന്വേഷിച്ചെങ്കിലും വിവരമൊന്നുമില്ലന്നായിരുന്നു പ്രതികരണം. ഇന്റിമേഷൻ എത്തിയാൽ കേസെടുക്കുമെന്നാണ് പൊലീസ് നിലപാട്.
ഇളംദേശം കേന്ദ്രീകരിച്ച് കഞ്ചാവു കച്ചവടവും തമ്മിൽത്തല്ലുമായി നടക്കുന്ന സംഘമാണ് യുവാവിനെ ആക്രമിച്ചതെന്നാണ് വ്യാപകമായി പ്രചരിക്കുന്ന വിവരം.

രാഷ്ട്രീയ പിൻബലമുള്ളതിനാൽ ഈ സംഘത്തെതൊടാൻ പൊലീസ് മടിയക്കുന്നതായുള്ള ആരോപണങ്ങളും ഉയരുന്നുണ്ട്. പെരുമ്പാവൂർ സ്വദേശി രാത്രി വൈകി ഇളംദേശത്ത് എത്തിയ സാഹചര്യത്തെക്കുറിച്ച് ഇനിയും പൊലീസ് അന്വേഷണം ആരംഭിച്ചിട്ടില്ലന്നാണ് അറിയുന്നത്. പരിക്ക് ഗുരുതരമല്ലന്നും ആദ്യമെത്തിച്ച ആശുപത്രിയിൽ കോവിഡ് ഭീതിയുള്ളതിനാൽ പ്രവേശിപ്പിക്കാവില്ലന്ന് അറിയിച്ച പശ്ചാത്തലത്തിലാണ് മെഡിക്കൽ കോളേജിലേയ്ക്ക് മാറ്റിയതെന്നും പൊലീസ് വെളിപ്പെടുത്തിയതായിട്ടുള്ള വിവരവും പുറത്തുവരുന്നുണ്ട്.

നിരവധി പേർ അക്രമി സംഘത്തിലുണ്ടായിരുന്നെന്നുംഏറെ നേരെ സംഘർഷം നീണ്ടുനിന്നെന്നും മറ്റുമുള്ള അഭ്യൂഹങ്ങളും പ്രചരിക്കുന്നുണ്ട്.കഴിഞ്ഞ കുറേ മാസങ്ങളായി പ്രദേശത്ത് അക്രമസംഭവങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. മാസങ്ങൾക്ക് മുൻപ് കലയന്താനി സ്വദേശിയായ തട്ടുകട നടത്തിയിരുന്ന വ്യക്തിയെ പട്ടാപകൽ വീട്ടിൽ നിന്ന് വലിച്ചിറക്കി ഗുണ്ടാസംഘം ആക്രമിച്ചിരുന്നു. ചലനശേഷി നഷ്ടപ്പെട്ട നിലയിലാണ് ഇപ്പോഴത്തെ ഇയാളുടെ ജീവിതം.

രാഷ്ടീയ സ്വാധീനമുള്ള ഗുണ്ടാസംഘം നിർദ്ദേശിച്ചയാളെ കേസ്സിൽ പ്രതിചേർത്ത് പൊലീസ് സംഭവം അവസാനിപ്പിക്കുകയായിരുന്നെന്നാണ് ആരോപണം. ഇളംദേശം കേന്ദ്രീകരിച്ച് പ്രവർത്തിയക്കുന്ന മാഫിയ സംഘം ഇടപെടാത്ത കുറ്റകൃത്യങ്ങളില്ലന്നും സാധാരണക്കാരുടെ ജീവിതത്തിനുപോലും ഭീഷിണിയാവുന്നതരത്തിലേക്ക് ഇവർ വളർന്നെന്നും പൊലീസിന്റെ നിക്രീയത്വമാണ് ഇതിനുകാരണമെന്നും പരക്കെ ആരോപണമുണ്ട്.