ചെങ്ങന്നൂർ: കോവിഡ് ബാധിതനായ പത്രഏജന്റ് ചികിത്സ ലഭിക്കാതെ മരിച്ചു. പെണ്ണുക്കര പുല്ലാംതാഴെ വാഴോലിത്താനത്ത് ഭാനുസുതൻ പിള്ള (60) ആണ് മരിച്ചത്. സംഭവത്തെപ്പറ്റി വീട്ടുകാർ പറയുന്നത് ഇങ്ങനെ: രാവിലെ 7ന് ശ്വാസതടസ്സവും വിമ്മിഷ്ടവും അനുഭവപ്പെട്ടതിനെ തുടർന്ന് ചെങ്ങന്നൂരിലെ സ്വകാര്യ ആശുപത്രിയിൽ ഇദ്ദേഹത്തെ എത്തിച്ചു. ഇദ്ദേഹവും മൂത്തമകനും കോവിഡ് പോസിറ്റീവ് ആണെന്ന് പരിശോധനയിൽ കണ്ടെത്തിയെങ്കിലും ചികിത്സയ്ക്ക് പ്രതിദിനം ഇരുപത്തിമൂവായിരം രൂപയാകുമെന്ന് ആശുപത്രി അധികൃതർ അറിയിച്ചതോടെ വലിയ സാമ്പത്തിക സ്ഥിതി ഇല്ലാത്ത ഇവർ സർക്കാർ സംവിധാനങ്ങളെ ആശ്രയിക്കാൻ തീരുമാനിക്കുകയായിരുന്നു.

ആരോഗ്യ വകുപ്പിന്റെ കോവിഡ് ജാഗ്രതാ പോർട്ടലിൽ ആശുപത്രിയിൽ വെച്ച് രജിസ്റ്റർ ചെയ്തെങ്കിലും പിന്നീട് അറിയിപ്പൊന്നും ലഭിച്ചില്ല. ഉച്ചയായിട്ടും നടപടി ഉണ്ടാകാത്തതിനെ തുടർന്ന് ആരോഗ്യ വകുപ്പ് അധികൃതരെ ബന്ധപ്പെട്ടു. മുളക്കുഴയിലെ കോവിഡ് ഫസ്റ്റ്ലൈൻ ട്രീറ്റ്മെന്റ് കേന്ദ്രത്തിൽ എത്തിക്കാനായിരുന്നു നിർദ്ദേശം. ആംബുലൻസിൽ കേന്ദ്രത്തിൽ എത്തിച്ചപ്പോൾ ശ്വാസം മുട്ടൽ മൂലം ബുദ്ധിമുട്ട് അനുഭവിക്കുന്ന രോഗിയെ പ്രവേശിപ്പിക്കാൻ സാധിക്കില്ലെന്നായിരുന്നു നിലപാട്. ഇതോടെ ഭാനുസുതൻ പിള്ളയെ വീട്ടിലേക്ക് തിരികെ കൊണ്ടുപോയി.

ഇദ്ദേഹത്തിന്റെ ജ്യേഷ്ഠന്റെ മരുമകളും പഞ്ചായത്ത് അംഗവുമായ സീമാ ശ്രീകുമാറും ആലഗ്രാമപഞ്ചായത്ത് പ്രസിഡന്റും സംഭവത്തിൽ ഇടപെട്ടിട്ടും ചികിത്സ ലഭ്യമായില്ലെന്ന് ആക്ഷേപമുണ്ട്. ആലാ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ആർ. മുരളീധരൻപിള്ള മുഖേന ആരോഗ്യ വകുപ്പ് അധികൃതരെയും ഇതര സർക്കാർ സംവിധാനങ്ങളെയും ബന്ധപ്പെട്ടപ്പോൾ വീണ്ടും ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് കേന്ദ്രത്തിൽ എത്തിക്കാൻ ആവശ്യപ്പെട്ടു. രണ്ടാതും കൊണ്ടുപോയപ്പോൾ പ്രവേശിപ്പിക്കാൻ സാധിക്കില്ലെന്ന് ട്രീറ്റ്മെന്റ് കേന്ദ്രത്തിലെ ഡോക്ടർമാർ അറിയിച്ചു. ഇതേ തുടർന്ന് വീട്ടിലേക്ക് തിരികെ കൊണ്ടുപോയി. ഈ സമയമത്രയും ശ്വാസതടസ്സവും വിമ്മിഷ്ടവും മൂലം ഭാനുസുതൻപിള്ളയുടെ നില അതീവ ഗുരുതരമായി.

മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകാൻ വൈകുന്നേരം നാലുമണിയോടെ ആരോഗ്യവകുപ്പ് അധികൃതരുടെ ഭാഗത്തുനിന്നും നിർദ്ദേശമെത്തിയപ്പോഴേക്കും ഇദ്ദേഹം മരിക്കുകയായിരുന്നെന്ന് സീമ പറഞ്ഞു.സംസ്ഥാനസർക്കാരും ആരോഗ്യവകുപ്പും ലോകോത്തര ചികിത്സയാണ് കോവിഡ് രോഗികൾക്കായി ഒരുക്കിയിരിക്കുന്നതെന്ന് ആവർത്തിക്കുമ്പോഴാണ് ചികിത്സകിട്ടാതെ മണിക്കൂറുകൾ രോഗിയുമായി ബന്ധുക്കൾക്ക് അലയേണ്ടി വരികയും ഒടുവിൽ മരണത്തിന് കീഴടങ്ങുകയും ചെയ്തത്.