കാസർകോട്: ലഹരി വിൽപ്പനയ്ക്കിടെ സാഹസികമായി എക്‌സൈസ് സംഘം പ്രതിയെ പിടികൂടി. നിയമസഭാ തെരഞ്ഞെടുപ്പിന്റെ മുന്നോടിയായി എക്‌സെസ് സംഘം നടത്തിയ ശക്തമായ പരിശോധനയിലാണ് മാവിലാകടപ്പുറത്ത് വെച്ച് പ്രതിയെ പിടികൂടിയത്. വലിയപറമ്പ പഞ്ചായത്തിലെ മാവിലാകടപ്പുറം ഒരിയര പുലിമുട്ട് സമീപത്ത് വച്ചാണ് കുപ്രസിദ്ധ മയക്ക് മരുന്ന് ഇടപാടുകാരനും നിരവധി കേസുകളിൽ പ്രതിയുമായ കാസർഗോഡ് ജില്ലയിൽ പള്ളിക്കര വില്ലേജിലെ മാസ്തിഗുഡ ദേശത്ത് അബ്ദുൾ മജീദിന്റെ മകൻ ലാലാ കബീർ എന്ന് വിളിക്കുന്ന അഹമ്മദ് കബീറിനെ പിടികൂടിയത്.

പുലിമുട്ടിന് അടുത്തുള്ള പുഴയിലേക്ക് ചാടുകയായിരുന്ന പ്രതിയെ അതിസാഹസികമായിട്ടാണ് സംഘം അറസ്റ്റ് ചെയ്തത്. ഉപഭോക്താക്കളുടെ ഇടയിൽ ഐസ് എന്നറിയപ്പെടുന്ന എം.ഡി.എം.എ എന്ന മാരക മയക്കുമരുന്നാണ് പ്രതിയിൽ നിന്നും പിടികൂടിയത്. 'നീലേശ്വരം എക്‌സൈസ് റെയ്ഞ്ച് ഇൻസ്‌പെക്ടർ കെ കലേഷ് പ്രിവന്റി ഓഫീസർമാരായ കെ വി വിനോദൻ, കെ പീതാംബരൻ സിവിൽ എക്‌സൈസ് ഓഫീസർമാരായ കെ പ്രദീഷ്, നിഷാദ് പി.നായർ, മജ്ഞുനാഥൻ,പ്രിജിൽ കുമാർ, ശ്യാംജിത്ത്, വനിതാ എക്‌സൈസ് ഓഫിസർ കെ സതി, എക്‌സൈസ് ഡ്രൈവർ ബിജിത്ത് എന്നിവരുടെ നേതൃത്വത്തിലാണ് റെയ്ഡ് നടത്തിയത്.

പ്രതി സഞ്ചരിച്ച KL 60 N6978 ബജാജ് അവഞ്ചർ ബൈക്കും കസ്റ്റഡിയിൽ എടുത്തു. തുടർന്ന് കാഞ്ഞങ്ങാട് കോടതിയിൽ ഹാജരാക്കി പ്രതിയെ റിമാന്റ് ചെയ്തു നേരത്തെ ഹണി ട്രാപ്പ് കവർച്ച അടക്കം നിരവധി കേസുകളിൽ പ്രതിയായിരുന്നു ലാല കബീർ. കഴിഞ്ഞ സെപ്റ്റംബറിലാണ് ബേഡകം കാഞ്ഞിരത്തുങ്കാലിന് സമീപത്തെ മണ്ണടുക്കത്തെ ഇലക്ട്രോണിക്സ് കടയിൽ ഭാര്യക്കൊപ്പമെത്തി കവർച്ച നടത്തുന്നതിനിടെ പൊലീസിനെ കണ്ട് ഭാര്യയെ ഉപേക്ഷിച്ച് കബീർ കടന്നുകളഞ്ഞത്. കടയുടെ പൂട്ട് തകർക്കുന്നതിനിടെ അവിടെയെത്തിയ പൊലീസ് സംഘത്തെ കണ്ട് കബീർ ഭാര്യയെ കൂട്ടാതെ ഓടിരക്ഷപ്പെടുകയായിരുന്നു.

സ്വിഫ്റ്റ് കാറിൽ കണ്ട സ്ത്രീയെ പൊലീസ് ചോദ്യം ചെയ്തപ്പോൾ ഓടിപ്പോയത് തന്റെ ഭർത്താവാണെന്ന കാര്യം യുവതി വെളിപ്പെടുത്തിയിരുന്നില്ല. കാർ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. യുവതിയിൽ നിന്നും ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം നടത്തിയപ്പോൾ കാഞ്ഞിരത്തിങ്കാലിൽ താമസിക്കുന്ന കുംബഡാജെ ആനപ്പാറയിലെ ശിഹാബുദ്ദീന്റെ ബൈക്ക് മോഷ്ടിച്ച ശേഷമാണ് കബീർ സ്ഥലം വിട്ടതെന്ന് തെളിഞ്ഞു. പ്രതിയായ ലാല കബീറിനെ പിന്നീട് ഊട്ടിയിൽ വച്ചാണ് അറസ്റ്റ് ചെയ്തത്.

ബേഡകം പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത ഹണിട്രാപ് കേസിൽ പ്രതിയായ ലാലാ കബീർ കാസർകോട് ഡി വൈ എസ് പി ബാലകൃഷ്ണൻ നായരുടെ നേതൃത്വത്തിലുള്ള പ്രത്യേക സ്‌ക്വാഡ് ആണ് അറസ്റ്റ് ചെയ്തത്. കേരളം, കർണാടക, തമിഴ്‌നാട്, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളിൽ മോഷണം അടക്കം നിരവധി കേസുകളിൽ പ്രതിയായ ഇയാൾ അന്ന് 13 വർഷത്തിന് ശേഷമായിരുന്നു കേരള പൊലീസിന്റെ പിടിയിലാവുന്നത്. കോടതി പിടികിട്ടാ പുള്ളിയായി പ്രഖ്യാപിച്ച ഇയാൾക്ക് കാസർകോട് പൊലീസ് അടക്കം നിരവധി സ്റ്റേഷനുകളിൽ വാറന്റ് ഉണ്ടായിരുന്നുഞ്ഞത്.