അയനല്ലൂർ: തമിഴകത്തെ ദുരഭിമാന കൊലപാതകങ്ങൾ നടുക്കിയത് നിരവധി തവണയാണ്. സമുദായങ്ങളുടെ പേരിൽ വൻ മതിൽകെട്ടുകൾ തീർക്കുന്നവരുടെ നാട്ടിൽ വീണ്ടും ഒരു ദുരഭിമാന കൊലപാതകം ചർച്ചയാകുകയാണ്. തമിഴ്‌നാട്ടിലെ അയനല്ലൂരിൽ ഭർത്താവിനെ ഭർതൃ കുടുംബാംഗങ്ങൾ കൊലപ്പെടുത്തിയെന്ന പരാതിയുമായി യുവതിയാണ് രംഗത്തുവന്നത്.

പ്രണയിച്ചു വിവാഹം കഴിച്ചതിന് ഭർത്താവിനെ വീട്ടുകാർ കൊലപ്പെടുത്തിയെന്നാണ് ആരോപണം. അന്യസമുദായത്തിൽപ്പെട്ട തന്നെ വിവാഹം ചെയ്തതിനാലാണ് ഭർത്താവിനെ വീട്ടുകാർ കൊന്നതെന്ന് അമുൽ എന്ന യുവതി നൽകിയ പരാതിയിൽ പറയുന്നു. നവജാത ശിശുവുമായാണ് തിരുവള്ളൂർ പൊലീസിൽ യുവതി പരാതി നൽകാനെത്തിയത്.

ട്രെയിൻ യാത്രയ്ക്കിടെ കണ്ടുമുട്ടിയ അമുലും ഗൗതമും പ്രണയത്തിലാകുകയായിരുന്നു. വ്യത്യസ്ത സമുദായത്തിൽപ്പെട്ടവരായതിനാൽ വീട്ടുകാർ വിവാഹത്തെ എതിർത്തു. എന്നാൽ ഇവർ വിവാഹിതരായി ചെന്നൈയിലേക്ക് പോയി. ഗൗതം തന്റെ കുടുംബത്തെ സന്ദർശിക്കാൻ ഇടയ്ക്ക് നാട്ടിലേക്ക് പോകാറുണ്ടായിരുന്നു. രണ്ട് വർഷത്തിനു ശേഷം അമുൽ ഗർഭിണി ആയതോടെ ഇവർ അമുലിന്റെ നാടായ ആവൂരിലേക്ക് താമസം മാറ്റി. സെപ്റ്റംബർ 17ന് ഇവർക്ക് ഒരു പെൺകുഞ്ഞും ജനിച്ചു.

അതേദിവസം, ഒരു ബന്ധു മരിച്ചെന്ന വിവരമറിഞ്ഞ് നാട്ടിലേക്ക് പോയ ഗൗതം പിന്നീട് തിരിച്ചെത്തിയില്ല. ഫോൺ സ്വിച്ച് ഓഫായി. തുടർന്ന് അമുലിന്റെ ബന്ധുക്കൾ ഗൗതമിനെ അന്വേഷിച്ച് ഗ്രാമത്തിൽ പോയപ്പോൾ ഗൗതമിന് ആദരാഞ്ജലി അർപ്പിച്ചുള്ള വലിയ പോസ്റ്റർ ആണ് കണ്ടത്. സെപ്റ്റംബർ 17ന് രാത്രി 7 മണിക്ക് മരിച്ചതായാണ് പോസ്റ്ററിൽ പറയുന്നത്. സ്വാഭാവിക മരണമാണെന്നും പോസ്റ്ററിൽ വ്യക്തമാക്കുന്നുണ്ട്.

ഭർത്താവിന്റെ മരണം തന്നെ അറിയിച്ചില്ലെന്നും ഇതൊരു ദുരഭിമാനക്കൊലയാണെന്നും യുവതി പരാതിയിൽ പറയുന്നു. സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി. നേരത്തെ തമിഴകത്തെ പിടിച്ചു കുലുക്കിയ കൗസല്യ - ശങ്കർ ദുരഭിമാന കൊലക്കേസിൽ കോടതി ശിക്ഷ വിധിച്ചിരുന്നു. കൗസല്യയുടെ പിതാവ് ചിന്നസ്വാമിയെ ഹൈക്കോടതി കുറ്റവിമുക്തനാക്കി. കൂടാതെ, അഞ്ച് പ്രതികൾക്ക് ജീവപര്യന്തം തടവുശിക്ഷയും മറ്റ് അഞ്ചുപേർക്ക് വധശിക്ഷയും വിധിച്ചു. തിരുപ്പൂർ ജില്ല കോടതി ജഡ്ജി അലമേലു നടരാജൻ 2017 ഡിസംബറിലാണ് ചിന്നസ്വാമിക്ക് വധശിക്ഷ വിധിച്ചത്. മറ്റ് പ്രതികൾക്കും വധശിക്ഷ നൽകാൻ ഉത്തരവിട്ടിരുന്നു.