കൊച്ചി:പത്ത് രൂപയെചൊല്ലി റസ്റ്റോറന്റിൽ കത്തി കുത്ത് മൂന്ന് പ്രതികൾ പിടിയിൽ. ആവണംകോട് സ്വദേശികളായ ആലക്കട വീട്ടിൽ കിരൺ (25), ചെറുകുളം വീട്ടിൽ നിഥിൻ (27), അണിങ്കര വീട്ടിൽ വിഷ്ണു (24) എന്നിവരാണ് നെടുമ്പാശ്ശേരി പൊലീസിന്റെ പിടിയിലായത്.

നെടുമ്പാശ്ശേരി എയർ പോർട്ടിനടുത്ത് 'ഖാലി വാലി' എന്ന റസ്റ്റോറന്റിൽ ഷവർമക്ക് 10 രൂപ അധികമായി എന്ന തർക്കമാണ് കത്തിക്കുത്തിലും, കടയിൽ 30,000 രൂപയുടെ വസ്തു വകകൾ നശിപ്പിച്ചതിലും അവസാനിച്ചത്. വ്യാഴാഴ്ച രാത്രിയായിരുന്നു സംഭവം. കടയുടമയായ അബ്ദുൾ ഗഫൂറിനും, മക്കളായ മുഹമ്മദ് റംഷാദ്, യാസർ എന്നിവർക്കാണ് മർദ്ദനമേറ്റതും, കുത്തുകൊണ്ടതും. മുഹമ്മദ് റംഷാദ് ഹോസ്പിറ്റലിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ ആണ്.

പ്രതികൾക്കെതിരെ അബ്കാരി, കഞ്ചാവ് കേസുൾ മുൻപ് ഉണ്ടായിട്ടുണ്ട്. ശ്രീമൂല നഗരം, ശ്രീഭൂതപുരത്ത് പ്രവർത്തിക്കാതെ കിടക്കുന്ന ഇഷ്ടികകളത്തിൽ നിന്നും, ആവണം കോട് കപ്പത്തോട്ടത്തിൽ നിന്നുമാണ് ഇവരെ പിടികൂടിയത്. നെടുമ്പാശ്ശേരി എസ്.എച്ച്.ഒ പി.എം.ബൈജു, എസ്,ഐ ജയപ്രസാദ്, എഎസ്ഐ പ്രമോദ്, പൊലീസുകാരായ ജോസഫ്, ജിസ്‌മോൻ, അബ്ദുൾ ഖാദർ എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്. അങ്കമാലി കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു.