വണ്ടന്മേട് (ഇടുക്കി): ശുദ്ധജല പദ്ധതിയിൽ നിന്ന് 3 മാസമായി വെള്ളം നിഷേധിച്ചതിനെ തുടർന്ന് ഗൃഹനാഥൻ ആത്മഹത്യയ്ക്കു ശ്രമിച്ചു. ചക്കുപള്ളം പഞ്ചായത്തിലെ സുൽത്താൻകട പാലയ്ക്കൽ സാബു (42) ആണ് ആത്മഹത്യക്കു ശ്രമിച്ചത്. വിഷം കഴിക്കുകയും ദേഹത്ത് മണ്ണെണ്ണ ഒഴിക്കുകയും ചെയ്ത സാബുവിനെ സുഹൃത്തുക്കൾ ചേർന്നാണ് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.നിലവിൽ തൂക്കുപാലത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ് സാബു.

ചക്കുപള്ളം പഞ്ചായത്തിലെ പുതുമനമേട്ടിൽ കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് 25 വർഷം മുൻപ് നിർമ്മിച്ച ശുദ്ധജല പദ്ധതിയിൽ സാബു ഉൾപ്പെടെ 7 ഗുണഭോക്താക്കളാണ് ഉള്ളത്. 3 മാസം മുൻപ് മുതൽ സാബുവിനും കുടുംബത്തിനും ശുദ്ധജലം നിഷേധിച്ചു. ഇതുസംബന്ധിച്ച് സാബു വണ്ടന്മേട് പൊലീസിൽ പരാതി നൽകി. നടപടി ഉണ്ടാകാതെ വന്നതോടെ പത്താംക്ലാസ് വിദ്യാർത്ഥിനിയായ മകളും പരാതി നൽകി.തുടർന്ന് പൊലീസ് സ്ഥലത്തെത്തുകയും ബുധനാഴ്ച എല്ലാവരെയും സ്റ്റേഷനിലേക്ക് വിളിപ്പിക്കുകയും ചെയ്തു. എന്നാൽ സാബുവും ഭാര്യയും എത്തിയെങ്കിലും മറ്റാരും വന്നില്ല. ഇതിനിടെ പൊലീസ് ഉദ്യോഗസ്ഥനിൽ നിന്ന് അധിക്ഷേപം ഉണ്ടായതിന്റെ മനോവിഷമത്തിൽ ഇന്നലെ ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുവെന്നാണ് സാബു പറയുന്നത്.

ശുദ്ധജല പദ്ധതിയുടെ വൈദ്യുതി ചാർജ് ഇനത്തിൽ അടയ്ക്കേണ്ട തുകയുടെ വിഹിതം സാബു നൽകാതിരുന്നതിനാലാണ് വെള്ളം ലഭ്യമാകാതിരുന്നതെന്നാണ് അന്വേഷണത്തിൽ വ്യക്തമായതെന്നാണ് പൊലീസ് നൽകുന്ന വിശദീകരണം.അതേസമയം സാബുവിനെ സ്റ്റേഷനിലേക്ക് വിളിപ്പിച്ചിരുന്നെങ്കിലും മോശമായി പെരുമാറിയിട്ടില്ലെന്ന് വണ്ടന്മേട് എസ്എച്ച്ഒ വി എസ്.നവാസ് പറഞ്ഞു.അയൽവാസിയുമായി ബന്ധപ്പെട്ട തർക്കത്തിന്റെ പേരിൽ സാബു ന്യൂനപക്ഷ കമ്മിഷന് നൽകിയിരുന്ന പരാതിയിൽ മൊഴിയെടുക്കാനാണ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചിരുന്നത്. ഇത് പരിഹരിക്കാൻ ഇരുകൂട്ടരുമായി സംസാരിക്കാൻ നടപടി സ്വീകരിച്ചിരുന്നതായും വി എസ്.നവാസ് വ്യക്തമാക്കി.