കൊച്ചി: യു.എ.ഇ. കോൺസുലേറ്റിലേക്കായി യൂണിടാക് ഉടമ സന്തോഷ് ഈപ്പൻ വാങ്ങിനൽകിയത് ഏഴ് ഐഫോണുകൾ എന്ന കണ്ടെത്തലിലേക്ക് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. ഇതിൽ ഒരു ഫോൺ ഉപയോഗിക്കുന്നത് സന്തോഷ് ഈപ്പൻ തന്നെയാണെന്നാണ് സൂചന.

ഏഴിൽ ആറു ഫോണിന്റെയും ഉപയോക്താക്കളെ ഇ.ഡി. കണ്ടെത്തി. ശേഷിക്കുന്ന ഒരുഫോണിൽ ബി.എസ്.എൻ.എൽ. നമ്പറാണ് ഉപയോഗിക്കുന്നത്. ഇത് ജിത്തു എന്നുപേരുള്ള ആളാണെന്നാണു സൂചന. ഇത് ആരാണ് ഉപയോഗിക്കുന്നതെന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘം. മൂന്ന് ഫോണുകൾ ദുബായ് കോൺസുലേറ്റിൽ നടന്ന നറക്കെടുപ്പിലെ വിജയികൾക്ക് കൊടുത്തു. ഒരു ഫോൺ ശിവശങ്കറിന്റെ കൈയിലായിരുന്നു. മറ്റൊരെണ്ണം കൈമനത്തെ ഒരു വീട്ടിലുണ്ടെന്നും തിരിച്ചറിഞ്ഞു. ഒരെണ്ണം സന്തോഷ് ഈപ്പന്റെ കൈയിലും. ബാക്കിയൊന്ന് ജിത്തുവിന്റെ പേരിലും.

യു.എ.ഇ. ദേശീയ ദിനാഘോഷത്തിനെത്തുന്ന അതിഥികൾക്ക് സമ്മാനിക്കാൻ സ്വപ്നാ സുരേഷിന്റെ നിർദ്ദേശപ്രകാരമാണ് സന്തോഷ് ഈപ്പൻ കൊച്ചിയിൽനിന്ന് ആറു ഐഫോണുകൾ വാങ്ങിനൽകിയത്. കൂട്ടത്തിൽ വിലയേറിയ 1.13 ലക്ഷത്തിന്റെ ഐഫോൺ 11 പ്രോ 256 ജി.ബി.യുടേതായിരുന്നു. ഇത് കോൺസൽ ജനറലിന് സമ്മാനമായി കൊടുക്കാനാണു വാങ്ങിയത്. എന്നാൽ, ഇതിനേക്കാൾ മികച്ച ഫോൺ കോൺസൽ ജനറൽ ആവശ്യപ്പെട്ടതോടെ തിരുവനന്തപുരത്തുനിന്ന് പുതിയ ഫോൺ വാങ്ങിനൽകി. 1.13 ലക്ഷത്തിന്റെ ഫോൺ സന്തോഷ് ഈപ്പൻ സ്വയം ഉപയോഗിക്കാൻ തുടങ്ങി.

സംസ്ഥാന അഡീഷണൽ പ്രോട്ടോകോൾ ഓഫീസർക്ക് കോൺസുലേറ്റിൽനിന്ന് ഐഫോൺ ലഭിച്ചിരുന്നു. ഇതിനുപുറമേ ഒരു വിമാനക്കമ്പനി മാനേജർ, തിരുവനന്തപുരത്തെ പരസ്യ ഏജൻസിയിലുള്ള പ്രവീൺ എന്നിവരാണ് മറ്റു ഫോണുകൾ ഉപയോഗിക്കുന്നത്. ശേഷിക്കുന്ന ഒരു ഫോണിന്റെ കാര്യത്തിലുള്ള ആശയക്കുഴപ്പം തിങ്കളാഴ്ചയോടെ പരിഹരിക്കപ്പെടും. ഇത് കൈമനത്തെ വീട്ടിലുണ്ടെന്നാണ് സൂചന. ശിവശങ്കറുമായി ബന്ധപ്പെട്ടാണ് ഈ ഫോൺ ഉപയോഗിക്കുന്നതെന്നും കണ്ടെത്തി. ഒരു ഫോൺ ആർക്കാണ് നൽകിയതെന്ന് കണ്ടെത്താനും ശ്രമം നടത്തും.

രമേശ് ചെന്നിത്തലയ്ക്ക് ഒരു ഐഫോൺ നൽകിയെന്ന് താൻ ഉദ്ദേശിച്ചിട്ടില്ലെന്നും നറുക്കെടുപ്പിൽ വിജയിയായ ആൾക്ക് ചെന്നിത്തല ഒരു ഐഫോൺ നൽകിയെന്നാണ് ഉദ്ദേശിച്ചതെന്നും സന്തോഷ് ഈപ്പൻ അന്വേഷണ ഏജൻസിക്കു മുന്നിൽ വ്യക്തമാക്കി. ആർക്കൊക്കെ ഫോൺ കിട്ടിയെന്നു വ്യക്തതയില്ലാത്തതിനാലാണ് ഹൈക്കോടതിയിൽ നൽകിയ ഹർജിയിൽ പേരുകൾ പറയാതിരുന്നതെന്നും സന്തോഷ് ഈപ്പൻ പറഞ്ഞു.

ലൈഫ് മിഷൻ പദ്ധതിയുടെ നിർമ്മാണ കരാർ ലഭിക്കാൻ 4.48 കോടി രൂപയുടെ കമ്മിഷനു പുറമേ 5 ഐ ഫോണുകളും സ്വപ്ന ചോദിച്ചു വാങ്ങിയതായി യൂണിടാക് ഉടമ സന്തോഷ് ഈപ്പൻ ഹൈക്കോടതിയെ അറിയിച്ചിരുന്നു. 99,900 രൂപയുടെ ഒരു ഫോൺ ഉപയോഗിച്ചിരുന്നത് എം.ശിവശങ്കർ ആണെന്നു തെളിഞ്ഞതോടെ സിബിഐ ഫോണുകളുടെ പിറകേ അന്വേഷണത്തിലാണ്.