കുമളി: പെരിയാർ കടുവ സങ്കേതത്തിലെ അനധികൃത മരംവെട്ട് അന്വേഷിക്കാനെത്തിയ വനംവകുപ്പ് ഇന്റലിജൻസ് ഉദ്യോഗസ്ഥനേയും വാച്ചർമാരേയും സഹപ്രവർത്തവർത്തകരുടെ സാന്നിധ്യത്തിൽ മർദിച്ച സംഭവത്തിൽ അഞ്ച് പേർ അറസ്റ്റിൽ. പെരിയാർ റിസർവിലെ താത്കാലിക വാച്ചർമാരായ തദ്ദേശവാസികാളാണ് അറസ്റ്റിലായത്. ജനുവരിയിൽ നടന്ന സംഭവത്തിൽ ഇന്നലെയാണ് അഞ്ച് പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്യുന്നത്.

വനം വനംവകുപ്പിലെ തിരുവനന്തപുരം ഇന്റലിജൻസ് വകുപ്പിൽ ജോലി ചെയ്യുന്ന ബീറ്റ് ഓഫീസർ സുജിത്തിനും രണ്ട് വാച്ചർമാർക്കുമാണ് മർദനമേറ്റിരുന്നത്.വള്ളക്കടവ് റേഞ്ചിൽ ഉൾപ്പെട്ട വഞ്ചിവയൽ കോളനിയിൽ വച്ചായിരുന്നു നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. വനം വകുപ്പിലെ വനിത ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലായിരുന്നു മർദനം അരങ്ങേറിയത്.ബീറ്റ് ഫോറസ്റ്റ് ഓഫിസർ സി. സുജിത്, താൽക്കാലിക വാച്ചർമാരായ അലിയാർ,കാർത്തിക് എന്നിവർക്കാണ് മർദനമേറ്റത്.

ജനുവരി 25നായിരുന്നു സംഭവം. പെരിയാർ കടുവ സങ്കേതത്തിലെ മരംവെട്ട് സംബന്ധിച്ചു ലഭിച്ച പരാതി അന്വേഷിക്കാനാണ് ഇവർ എത്തിയത്. എന്നാൽ വിവാദമായ ഗ്രൗണ്ട് നിർമ്മാണവുമായി ബന്ധപ്പെട്ട് അന്വേഷിക്കാൻ എത്തിയതാകാം എന്ന തെറ്റിദ്ധാരണയിലാണ് കോളനി നിവാസികൾ ഇവരെ മർദിച്ചതെന്ന് പിന്നീട് വാർത്ത എത്തിയത്. അപരിചിതരായ ആരെ കണ്ടാലും കൈകാര്യം ചെയ്യാൻ വനം വകുപ്പ് ഉദ്യോഗസ്ഥൻ തന്നെ നൽകിയ നിർദ്ദേശത്തിന് പിന്നാലെയാണ് കേസ് അന്വേഷിക്കാനെത്തിയ ഉദ്യോഗസ്ഥനെ പ്രദേശവാസികൾ ചേർന്ന് മർദിച്ചത്. ആളുകൾ വളഞ്ഞിട്ട് ഇവരെ മർദിക്കുന്നതു കണ്ടിട്ടും വള്ളക്കടവ് റേഞ്ചിലെ ഉദ്യോഗസ്ഥർ കാഴ്ചക്കാരായി നിൽക്കുന്നതും സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.

പെരിയാർ വന്യജീവി സങ്കേതത്തിന്റെ കരുതൽ മേഖലയിൽ മണ്ണുമാന്തി ഉപയോഗിച്ച് ഗ്രൗണ്ട് നിർമ്മിച്ചത് വിവാദമായിരുന്നു. ഈ പ്രശ്‌നം കത്തി നിൽക്കുമ്പോഴാണ് അനധികൃതമായി മരം വെട്ടുന്നത് അന്വേഷിക്കാൻ ഉദ്യോഗസ്ഥനായ സുജിത്തും രണ്ട് വാച്ചർമാരും സ്ഥലത്തെത്തുന്നത്.
നിലവിലുണ്ടായിരുന്ന ഗ്രൗണ്ട് ഉപയോഗയോഗ്യമാക്കുക മാത്രമാണു ചെയ്തതെന്നാണ് വനം വകുപ്പും കോളനി നിവാസികളും അവകാശപ്പെട്ടത്.

എന്നാൽ പെരിയാർ റിസർവിൽ മണ്ണ് മാന്തി ഉപയോഗിച്ച് നടത്തിയ പ്രശ്‌നങ്ങൾ വശളാകുകയായിരുന്നു. ആള് മാറിയാണ് ഫോറസ്റ്റ് ഉദ്യോഗസ്ഥരെ മർദിച്ചതെന്ന് മനസിലായതോടെ ആക്രമണത്തിന് നേതൃത്വം നൽകിയവർ ആശുപത്രിയിൽ ആദ്യം തന്നെ അഡ്‌മിറ്റാകുകയും ഉദ്യോഗസ്ഥനെതിരായി പരാതി നൽകുകയും ചെയ്തു.

ഉദ്യോഗസ്ഥനെ ആക്രമിച്ച പ്രതി അഡ്‌മിറ്റാകുകയും പട്ടികജാതിക്കാരനായ തന്നെ ആക്രമിച്ചെന്ന് കള്ളക്കേസും നൽകുകയായിരുന്നു. പട്ടികജാതി/ പട്ടികവകുപ്പ് നിയമങ്ങൾ ചുമത്തിയാണ് കേസ് നൽകിയത്. കട്ടപ്പന ഡി.വൈ.എസ്‌പി നടത്തിയ അന്വേഷണത്തിൽ കള്ളക്കേസാണെന്ന് തെളിയുകയായിരുന്നു.

മർദനമമേറ്റ ഉദ്യോഗസ്ഥന്റെ പരാതിയിലാണ് ഇന്നലെ കൗണ്ടർ കേസ് തെളിഞ്ഞതും പ്രതികളെ പിടികൂടുന്നതഡും. മർദനത്തിൽ പങ്കാളികളായ കൂടുതൽ പ്രതികളെ കണ്ടെത്താനായി പൊലീസ് അന്വേഷണം ഊർജിതമാക്കി.