ആലപ്പുഴ: മുൻ കോൺഗ്രസ് നേതാവും ആലപ്പുഴ മുൻ നഗരസഭാ അധ്യക്ഷനുമായിരുന്ന ഇല്ലിക്കൽ കുഞ്ഞുമോൻ സിപിഎമ്മിലേക്ക്. അച്ചടക്ക നടപടിയുടെ പേരിൽ കോൺഗ്രസിൽ നിന്ന് പുറത്താക്കിയ ഇല്ലിക്കൽ കുഞ്ഞുമോൻ സിപഎമ്മിന്റെ പ്രാദേശിക നേതാക്കളുമായി ചർച്ച നടത്തി. സഹപ്രവർത്തകരുടെ കൂടിയാലോചിച്ച് അടുത്ത ദിവസം തന്നെ തീരുമാനം പ്രഖ്യാപിക്കുമെന്ന് കുഞ്ഞുമോൻ പറഞ്ഞു.

'ഒരു മുഖ്യധാരാ രാഷ്ട്രീയ പാർട്ടിയുമായി ചേർന്നുകൊണ്ട് ഇടതുപക്ഷ സഹയാത്രികനായി പ്രവർത്തിക്കാനാണ് അഗ്രഹിക്കുന്നത്. കോൺഗ്രസിന്റെ ന്യൂനപക്ഷ വിരുദ്ധ നിലപാടിൽ പ്രതിഷേധിച്ചാണ് നടപടി. ചേരണമെങ്കിൽ സിപിഎമ്മിൽ തന്നെ ചേരണം. ശനിയാഴ്ച നൂറോളം സഹപ്രവർത്തകരുടെ യോഗം വിളിച്ചിട്ടുണ്ട്. അവരുമായി കൂടിയാലോചിച്ച് അടുത്ത ദിവസം തന്നെ തീരുമാനം പ്രഖ്യാപിക്കും. ചില നേതാക്കന്മാരുമായി കൂടിയാലോചന നടത്തിയിട്ടുണ്ട്. ശനിയാഴ്ചത്തെ യോഗത്തിന് ശേഷമെ ഇക്കാര്യത്തിൽ തീരുമാനത്തിലെത്തുകയുള്ളൂ.' - കുഞ്ഞുമോൻ പറഞ്ഞു.

ആലപ്പുഴ ഡിസിസി മുൻ അധ്യക്ഷൻ എം.ലിജുവിനെ ന്യൂനപക്ഷ വിരുദ്ധനായി ചിത്രീകരിച്ചത് കണ്ടെത്തിയതിനെ തുടർന്നാണ് കുഞ്ഞുമോനെ പാർട്ടിയിൽ നിന്ന് പുറത്താക്കിയത്. ആദ്യം അദ്ദേഹത്തെ പാർട്ടിയിൽ നിന്ന് സസ്പെന്റ് ചെയ്തു. തുടർന്ന് കുഞ്ഞുമോൻ പത്രസമ്മേളനം നടത്തുകയും എം.ലിജുവിനെതിരേ കൂടുതൽ ആരോപണങ്ങൾ ഉന്നയിക്കുകയും ചെയ്തിരുന്നു. ഇതിനെ തുടർന്നാണ് കെപിസിസി. പ്രസിഡന്റ് കെ.സുധാകരൻ കുഞ്ഞുമോനെ പാർട്ടിയിൽ നിന്ന് അനിശ്ചിതകാലത്തേക്ക് പുറത്താക്കിയത്. തുടർച്ചയായ അച്ചടക്ക ലംഘനം നടത്തിയതിന്റെ പേരിലായിരുന്നു നടപടി.

കഴിഞ്ഞ ദിവസം കെപിസിസി മുൻ ജനറൽ സെക്രട്ടറി ജി.രതികുമാർ കോൺഗ്രസ് വിട്ട് സിപിഎമ്മിൽ ചേർന്നിരുന്നു. കൊല്ലം ജില്ലയിൽനിന്നുള്ള കോൺഗ്രസ് നേതാവാണ് രതികുമാർ. എകെജി സെന്ററിൽ വച്ച് മുതിർന്ന സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണൻ രതികുമാറിനെ സ്വീകരിച്ചു. സിപിഎം ജില്ലാ സെക്രട്ടറി സുദേവിനൊപ്പമാണ് രതികുമാർ എത്തിയത്. കെപിസിസിയുടെ അവസ്ഥ ഉപ്പു ചാക്ക് വെള്ളത്തിൽ വച്ചതുപോലെയെന്ന് കോടിയേരി പരിഹസിച്ചു. കെപിസിസി ജനറൽ സെക്രട്ടറിമാരടക്കം മൂന്ന് പ്രധാന നേതാക്കൾ രാജിവയ്ക്കുന്നത് ഇതാദ്യമാണ്. കോൺഗ്രസ് വിട്ടവർ സിപിഎമ്മിലേക്ക് വരുന്നത് പാർട്ടിയുടെ പൊതുസ്വീകാര്യതയ്ക്കു തെളിവെന്നും കോടിയേരി പറഞ്ഞു.

കെപിസിസി മുൻ ജനറൽ സെക്രട്ടറി കെ.പി.അനിൽകുമാർ, കെപിസിസി മുൻ സെക്രട്ടറി പി.എസ്.പ്രശാന്ത്, മുൻ കോൺഗ്രസ് എംഎൽഎ എ.വി.ഗോപിനാഥ് എന്നിവർ നേരത്തേ കോൺഗ്രസ് വിട്ടിരുന്നു. ഇതിൽ കെ.പി.അനിൽകുമാറും പി.എസ്.പ്രശാന്തും സിപിഎമ്മിൽ ചേർന്നു.