ന്യൂഡൽഹി: ഗുജറാത്ത് സമുദ്രാതിർത്തിയിൽ മത്സ്യത്തൊഴിലാളികൾക്ക് നേരെയുണ്ടായ വെടിവെപ്പിൽ പാക്കിസ്ഥാനെ പ്രതിഷേധമറിയിച്ച് ഇന്ത്യ. പാക് ഹൈക്കമ്മീഷനിലെ ഉന്നത നയതന്ത്ര ഉദ്യോഗസ്ഥനെ വിളിച്ചു വരുത്തി വിദേശകാര്യ മന്ത്രാലയം പ്രതിഷേധം അറിയിച്ചു. പാക് സർക്കാർ അന്വേഷണം നടത്തണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു.

കഴിഞ്ഞ ദിവസം ഗുജറാത്ത് തീരത്ത് ഇന്ത്യൻ മത്സ്യത്തൊഴിലാളികൾക്കു നേരെയുണ്ടായ പാക്ക് വെടിവെപ്പിൽ ഒരു മത്സ്യത്തൊഴിലാളി കൊല്ലപ്പെട്ടിരുന്നു. പാക്ക് നാവിക ഉദ്യോഗസ്ഥൻ വെടിവച്ചുവെന്നാണ് നിഗമനം. അന്താരാഷ്ട്ര സമുദ്രാതിർത്തിയിലാണ് സംഭവം നടന്നത്.

ഗുജറാത്തിലെ ഓഖയിൽ നിന്ന് മത്സ്യ ബന്ധനത്തിന് പോയ ജൽപാരിയെന്ന ബോട്ടിന് നേരെയാണ് ആക്രമണം നടന്നത്. ബോട്ടിൽ ഏഴ് മത്സ്യത്തൊഴിലാളികളാണ് ഉണ്ടായിരുന്നത്. മറ്റുള്ളവരെ സുരക്ഷിതമായി തിരികെ എത്തിച്ചു. അവരിൽ നിന്ന് കാര്യങ്ങൾ ചോദിച്ചറിയുകയാണ്. പത്ത് പാക് നാവികർക്ക് എതിരെ ഗുജറാത്ത് പൊലീസ് കേസ് എടുത്തിരുന്നു.

പാക് വെടിവയ്പിൽ ഇന്ത്യക്കാരനായ മത്സ്യബന്ധനത്തൊഴിലാളി കൊല്ലപ്പെട്ടതിന് പിന്നാലെയാണ് കേസ് എടുത്തത്.പോർബന്ദർ നവി ബന്ദാർ പൊലീസാണ് കേസെടുത്തിരിക്കുന്നത്. അന്താരാഷ്ട്ര സമുദ്രാതിർത്തിയിൽ ശനിയാഴ്ച വൈകുന്നേരമാണ് പാക് വെടിവയ്പുണ്ടായത്. വെടിവയ്പിൽ പരിക്കേറ്റ ദിലീപ് നടു സോളങ്കി എന്ന മത്സ്യബന്ധനത്തൊഴിലാളിയുടേ പരാതിയിലാണ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുള്ളത്.

മഹാരാഷ്ട്രയിലെ താനെ സ്വദേശിയായ ശ്രീധർ രമേഷ് ചാംറേ എന്ന മുപ്പത്തിരണ്ടുകാരനാണ് പാക് വെടിവയ്പിൽ കൊല്ലപ്പെട്ടത്. ജൽപരി എന്ന മത്സ്യബന്ധന ബോട്ടിന് നേരെയാണ് വെടിവയ്പുണ്ടായത്. ബോട്ടിലുണ്ടായിരുന്ന ഏഴുപേരിൽ ഒരാൾക്ക് വെടിവയ്പിൽ പരിക്കേറ്റിട്ടുണ്ട്. ഗുജറാത്തിലെ ഓഖയിൽ ആശുപത്രിയിൽ ചികിത്സയിലാണ് ഇയാളുള്ളത്.

ഗുജറാത്ത് തീരത്ത് നിന്ന് ഒക്ടോബർ 26നായിരുന്നു ജൽപരി പുറപ്പെട്ടത്. ജകൗ തീരത്തിന് സമീപത്ത് വച്ച് പാക് നാവിക സേന ഇവരെ പിന്തുടർന്ന് വെടിവയ്ക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. കൊല്ലപ്പെട്ട ശ്രീധർ മൃതദേഹം ജമ്‌നാനഗറിൽ പോസ്റ്റ് മോർട്ടത്തിനായി എത്തിച്ചിരുന്നു. ഭാര്യയും രണ്ട് പെൺമക്കളും പ്രായമായ രക്ഷിതാക്കൾക്കുമൊപ്പമായിരുന്നു ശ്രീധർ കഴിഞ്ഞിരുന്നത്.

അതേ സമയം, ഗുജറാത്ത് തീരത്ത് മത്സ്യത്തൊഴിലാളികൾക്ക് നേരെ വെടിവച്ചെന്ന റിപ്പോർട്ടുകൾ പാക്കിസ്ഥാൻ നിഷേധിച്ചു. ജൽപാരി എന്ന ബോട്ടിനെയോ വെടിവെപ്പിനെയോ കുറിച്ച് അറിയില്ലെന്ന് പാക്കിസ്ഥാൻ മാരിടൈം സെക്യൂരിറ്റി ഏജൻസി വ്യക്തമാക്കി.

മത്സ്യത്തൊഴിലാളികൾക്ക് നേരെ പാക്കിസ്ഥാൻ നടത്തിയ വെടിവയ്പിലെ പ്രതിഷേധം നയതന്ത്രതലത്തിൽ ഉന്നയിക്കുമെന്ന ഇന്ത്യയുടെ പ്രതികരണത്തിന് പിന്നാലെയാണ് പാക് വിശദീകരണം. നവംബർ ആറിന് അന്താരാഷ്ട്ര സമുദ്രാതിർത്തി ലംഘിച്ച് മത്സ്യബന്ധനം നടത്തിയ പത്മിനി കോപ്പ് എന്ന് ഇന്ത്യൻ ബോട്ടും 7 മത്സ്യത്തൊഴിലാളികളും കസ്റ്റഡിയിൽ ഉണ്ടെന്നും ജൽപാരി എന്ന ബോട്ടിനെ കുറിച്ചോ മത്സ്യത്തൊഴിലാളി കൊല്ലപ്പെട്ടതിനെ കുറിച്ചോ വിവരം ഇല്ലെന്നുമാണ് പാക്കിസ്ഥാൻ മാരിടൈം സെക്യൂരിറ്റി ഏജൻസിയുടെ വാദം. എന്നാൽ പാക് വിശദീകരണം ഇന്ത്യ മുഖവിലയ്‌ക്കെടുക്കുന്നില്ല.

ജൽപരി എന്ന ബോട്ടും ശ്രീ പത്മിനിയും ഒരുമിച്ചായിരുന്നു ജകൗ തീരത്തോടടുത്ത് മീൻ പിടിച്ചിരുന്നതെന്നാണ് ദി ഇന്ത്യൻ എക്സ്‌പ്രസ് റിപ്പോർട്ട് ചെയ്യുന്നത്. നേരത്തെയും ഗുജറാത്ത് തീരത്ത് ഇന്ത്യൻ മത്സ്യത്തൊഴിലാളികൾക്ക് നേരെ പാക്കിസ്ഥാൻ വെടിവച്ചിട്ടുണ്ട്. 2015 നടന്ന ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടിരുന്നു. കഴിഞ്ഞ വർഷം ഏപ്രിലിലും പാക് നാവികസേന നടത്തിയ ആക്രമണത്തിൽ രണ്ട് പേർക്ക് പരിക്കേറ്റിരുന്നു.