ചെന്നൈ: ആദ്യ ടെസ്റ്റിലെ തോൽവിക്ക് രണ്ടാം ടെസ്റ്റിൽ കണക്കു തീർത്ത് ഇന്ത്യ. ഇംഗ്ലണ്ടിനെതിരെ ഉജ്ജ്വല വിജയമാണ് ഇന്ത്യ ചെപ്പോക്കിൽ നേടിയത്. രണ്ടാം ടെസ്റ്റിൽ ഇംഗ്ലണ്ടിനെ 317 റൺസിന് തകർത്ത് ഇന്ത്യ പരമ്പരയിൽ ഒപ്പമെത്തി (1-1). സ്‌കോർ: ഇന്ത്യ - 329/10, 286/10, ഇംഗ്ലണ്ട് - 134/10, 164/10. ഇന്ത്യ ഉയർത്തിയ 482 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇംഗ്ലണ്ട് 164 റൺസിന് പുറത്തായി. രണ്ടാം ഇന്നിങ്സിൽ അഞ്ചു വിക്കറ്റ് വീഴ്‌ത്തിയ അക്ഷർ പട്ടേലാണ് ഇംഗ്ലണ്ടിനെ തകർത്തത്. അശ്വിൻ മൂന്നു വിക്കറ്റ് വീഴ്‌ത്തിയപ്പോൾ കുൽദീപ് രണ്ടു വിക്കറ്റെടുത്തു.

119 റൺസും എട്ടുവിക്കറ്റുമായി തന്റെ സ്വന്തം ചെപ്പോക്ക് സ്‌റ്റേഡിയത്തിൽ രവിചന്ദ്രൻ അശ്വിൻ നടത്തിയ അശ്വമേധമാണ് ടെസ്റ്റിൽ ഇന്ത്യക്ക് മേധാവിത്വം സമ്മാനിച്ചത്. ആദ്യ ടെസ്റ്റിലെ പരാജയത്തിന് പലിശ സഹിതം കണക്കുവീട്ടിയ ഇന്ത്യ 317 റൺസിനാണ് ഇംഗ്ലണ്ടിനെ തൂത്തെറിഞ്ഞത്. നാലാം ദിനം പൊരുതാൻ പോലുമാകാതെയാണ് ഇംഗ്ലീഷ് പട ഇന്ത്യക്ക് മുന്നിൽ അടിയറവ് പറഞ്ഞത്.

മൂന്ന് വിക്കറ്റ് നഷ്ടപ്പെടുത്തി ഇന്ത്യ ഉയർത്തിയ റൺ ഹിമാലയം നാലാംദിനം കയറാനൊരുങ്ങിയ ഇംഗ്ലണ്ടിന് മേൽ ഇന്ത്യൻ സ്പിന്നർമാർ അഴിഞ്ഞാടുകയായിരുന്നു. നാലാംദിനം തന്റെ ആദ്യപന്തിൽ തന്നെഡൊമിനിക് ലോറൻസിനെ പുറത്താക്കി ആർ.അശ്വിനാണ് ഇംഗ്ലണ്ടിന് ആദ്യ പ്രഹരമേൽപ്പിച്ചത്. തൊട്ടുപിന്നാലെ ബെൻസ്‌റ്റോക്‌സ് (8), ഒലി പോപ്പ് (12), ബെൻ ഫോക്‌സ് (2), ഒലിസ്‌റ്റോൺ (0) തുടങ്ങിയവരും നിരയായി കൂടാരം കയറി. ഒരറ്റത്ത് പിടിച്ചുനിന്ന ജോറൂട്ട് (33), വാലറ്റത്ത് അടിച്ചുതകർത്ത മുഈൻ അലി (18 പന്തിൽ 43) എന്നിവരാണ് ഇംഗ്ലണ്ട് നിരയിൽ അൽപ്പമെങ്കിലും താളം കണ്ടെത്തിയത്. 43 റൺസെടുത്ത മോയിൻ അലിയെ കുൽദീപ് യാദവിന്റെ പന്തിൽ ഋഷഭ് സ്റ്റമ്പ് ചെയ്തതോടെ ഇംഗ്ലണ്ട് ഇന്നിങ്സിന് അവസാനമായി.

ിങ്കളാഴ്ച അശ്വിന്റെ സെഞ്ചുറിയുടെയും (106) ക്യാപ്റ്റൻ വിരാട് കോലിയുടെ അർധ സെഞ്ചുറിയുടെയും (62) പിൻബലത്തിൽ രണ്ടാം ഇന്നിങ്‌സിൽ 286 റൺസെടുത്ത ഇന്ത്യ ഇംഗ്ലണ്ടിനു മുന്നിൽ വെച്ചത് 482 എന്ന കൂറ്റൻ ലക്ഷ്യമായിരുന്നു. സെഞ്ചുറി നേടുകയും ആദ്യ ഇന്നിങ്‌സിൽ അഞ്ചുവിക്കറ്റ് വീഴ്‌ത്തുകയും ചെയ്ത അശ്വിൻ സ്വപ്നതുല്യമായ പ്രകടനമാണ് പുറത്തെടുത്തത്. ഒന്നാം ഇന്നിങ്സിൽ സെഞ്ചുറി നേടിയ രോഹിത് ശർമയുടെയും (161), അർധ സെഞ്ചുറി നേടിയ രഹാനെ (67), ഋഷഭ് പന്ത് (58) എന്നിവരുടെയും മികവിലാണ് ഇന്ത്യ 329 റൺസെടുത്തത്. പിന്നാലെ അഞ്ചു വിക്കറ്റ് വീഴ്‌ത്തിയ അശ്വിന്റെ മികവിൽ ഇംഗ്ലണ്ടിനെ ഒന്നാം ഇന്നിങ്സിൽ ഇന്ത്യ വെറും 134 റൺസിൽ ഒതുക്കിയിരുന്നു.

അരങ്ങേറ്റ ടെസ്റ്റിനിറങ്ങിയ അക്‌സർ പട്ടേൽ അഞ്ച് വിക്കറ്റെടുത്തപ്പോൾ അശ്വിൻ മൂന്നും കുൽദീപ് യാദവ് രണ്ടുംവിക്കറ്റുകൾ വീഴ്‌ത്തി. രണ്ടാമിന്നിങ്‌സിൽ ഇന്ത്യക്കായി മുഴുവൻ വിക്കറ്റുകളും വീഴ്‌ത്തിയത് സ്പിന്നർമാരാണ്. ജയത്തോടെ നാലുമത്സരങ്ങളങ്ങിയ പരമ്പരയിൽ ഇരുടീമുകൾ ഓരോ മത്സരം ജയിച്ചു.