മുംബൈ: ഫ്‌ളാറ്റിന്റെ ജനലിൽ നിന്നും വീണപ്പോൾ ആ കുരുന്ന് ജീവനെ കൈവിടാതെ രക്ഷിച്ചത് പ്രകൃതിയുടെ വരദാനമായി നിന്ന 'ജീവന്റെ മരം'. നാലാം നിലയിൽ നിന്നും താഴേയ്ക്ക് വീണ ഒരു വയസുകാരൻ അഥർവ മരചച്ചില്ലയിൽ തട്ടിയതിനാൽ വീഴ്‌ച്ചയുടെ ആഘാതത്തിന് ആക്കം കുറയുകയും വൻ ദുരന്തം ഒഴിവാകുകയുമായിരുന്നു. അവിടെ ആ മരം ഇല്ലായിരുന്നെങ്കിൽ പിന്നീടുണ്ടാകുന്നത് ഓർക്കാൻ പോലും സാധിക്കില്ലായിരുന്നുവെന്ന് കുഞ്ഞ് അഥർവ്വയെ മാറോട് ചേർത്ത് അച്ഛൻ അജിത്ത് ബാർകഡേയും അമ്മ ജ്യോതിയും നിറ കണ്ണുകളോടെ വിവരിക്കുന്നു.

മുംബൈയിലെ ഗോവണ്ടിയിലാണു സംഭവം. ഫ്‌ളാറ്റിൽ ഒരു ഭാഗത്തു ഭിത്തിക്കു പകരം ഏഴടി ഉയരത്തിൽ സ്ലൈഡിങ് ജനലാണ്. ഗ്രില്ലോ, മറ്റു കവചങ്ങളോ ഇല്ല. കുടുംബാംഗങ്ങൾ എല്ലാം വീട്ടിൽ ഉണ്ടായിരുന്ന സമയത്ത് ഒരു നിമിഷം ശ്രദ്ധ തെറ്റിയതാണ് കുഞ്ഞിന് അപകടമുണ്ടായത്. മുത്തശ്ശി പുറത്തു തുണി വിരിക്കാനായി ജനൽ തുറന്ന ശേഷം പകുതി അടച്ചതാണു പ്രശ്‌നമായത്. ഹാളിൽ കളിച്ചുകൊണ്ടിരുന്ന കുഞ്ഞ് ഓടിയെത്തി ജനലിൽ തള്ളിയപ്പോൾ തുറന്നു പുറത്തേക്കു വീണു.

അഥർവ്വ വീണത് ഈ ജനൽ വഴി

കെട്ടിടത്തോടു ചേർന്നുള്ള മരത്തിന്റെ ശാഖകളിലും ഇലകളിലും തട്ടിത്തടഞ്ഞു താഴേക്കു പതിച്ചപ്പോൾ വീഴ്ചയുടെ ആഘാതം കുറഞ്ഞതാണു ദുരന്തം ഒഴിവാക്കിയത്. പരുക്കുകളോടെ മുളുണ്ട് ഫോർട്ടിസ് ആശുപത്രി ഐസിയുവിൽ നിരീക്ഷണത്തിലാണു കുഞ്ഞിപ്പോൾ. ആരോഗ്യനില മെച്ചപ്പെടുന്നു. നടന്നതൊന്നും മനസ്സിലാകാത്ത അവൻ കളിക്കാനുള്ള വെമ്പലിൽ കൈകാൽ ഇളക്കി ബഹളമുണ്ടാക്കുകയാണ്. ഏതാനും കിലോമീറ്റർ അകലെ ആ 'രക്ഷകൻ മര'ത്തിന്റെ ചില്ലകളും കാറ്റിൽ ഇളുകയായിരിക്കും; കോൺക്രീറ്റ് വനമായ നഗരത്തിൽ വരമായി മാറിയ ഒരു മരം.