ന്യൂഡൽഹി: ചൈനയുമായുള്ള അതിർത്തി സംഘർഷം കൂടുതൽ രൂക്ഷമാകുന്നു. ഇന്ത്യ-ചൈന സൈനികർ തമ്മിൽ ഏറ്റുമുട്ടി. സിക്കിമിലെ നാകുലയിലാണ് മൂന്നു ദിവസം മുൻപ് പട്ടാളക്കാർ തമ്മിൽ ഏറ്റുമുട്ടൽ നടന്നത്. സംഭവത്തിൽ 20 ചൈനീസ് സൈനികർക്ക് പരിക്കേറ്റു. നാല് ഇന്ത്യൻ സൈനികർക്കും പരിക്കേറ്റതായി കരസേനാ വൃത്തങ്ങൾ വ്യക്തമാക്കുന്നു. ചൈനീസ് കടന്നു കയറ്റത്തെ ഇന്ത്യൻ സൈനികർ ചെറുത്തു തോൽപ്പിക്കുകയായിരുന്നു എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.

ചൈനയുടെ ഒരു പട്രോൾ സംഘം നിയന്ത്രണ രേഖ മുറിച്ചുകടന്ന് ഇന്ത്യൻ അതിർത്തിയിലേക്ക് കടന്നുകയറാൻ ശ്രമിച്ചത് ഇന്ത്യൻ സൈന്യം ചെറുക്കുകയായിരുന്നു. ഇതിനെ തുടർന്നാണ് ഏറ്റുമുട്ടലുണ്ടായതെന്നാണ് പുറത്തുവരുന്ന വിവരം. സായുധമായ ഏറ്റുമുട്ടൽ ആയിരുന്നില്ല എന്നാണ് സൂചന.

ചൈനീസ് സൈനികരുടെ കടന്നുകയറ്റം തടയാനും ചൈനീസ് സൈനികരെ തുരത്താനും ഇന്ത്യൻ സൈന്യത്തിന് സാധിച്ചതായി സൈനിക വൃത്തങ്ങൾ വ്യക്തമാക്കി. പ്രദേശത്ത് ഇപ്പോൾ സൈന്യം ശക്തമായ സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്. നിലവിൽ മേഖലയിലെ അന്തരീക്ഷം സമാധാനപരമാണെന്നും സൈന്യം പറഞ്ഞു.

സംഘർഷ മേഖലകളിൽ ഒന്നാണ് നാകുലയും. കഴിഞ്ഞ വർഷം മെയ്‌ മാസത്തിലും സമാനമായ വിധത്തിൽ ഇവിടെ ചൈനീസ് സൈന്യം കടന്നുകയറാൻ ശ്രമിക്കുകയും സംഘർഷത്തിലേക്ക് നീങ്ങുകയും ചെയ്തിരുന്നു. സമുദ്രനിരപ്പിൽനിന്ന് 19,000 അടി ഉയരത്തിൽ സ്ഥിതിചെയ്യുന്ന പ്രദേശമാണ് നാകുല.

അതേസമയം അരുണാചൽ പ്രദേശിലും ചൈനീസ് കൈയേറ്റം വ്യാപകമാണ്. 101 ഓളം വീടുകളടങ്ങിയ ചൈനീസ് നിർമ്മിതിയുടെ ഉപഗ്രഹ ചിത്രങ്ങൾ ഒരു ദേശീയ മാധ്യമം കഴിഞ്ഞ ദിവസം പുറത്തുവിടുകയായിരുന്നു. കഴിഞ്ഞ വർഷം നവംബർ ഒന്നിന് പകർത്തിയ ചിത്രം വിദഗ്ദ്ധർ പഠന വിധേയമാക്കി. ഇന്ത്യൻ അതിർത്തിയിൽ 4.5 കിലോമീറ്റർി ഉള്ളിലായാണ് ചൈനയുടെ നിർമ്മാണം. അപ്പർ സുബാൻസിരി ജില്ലയിൽ സാരി ചു നദീതീരത്താണ് ചൈന ഗ്രാമമുണ്ടാക്കിയത്.

വർഷങ്ങളായി ഇന്ത്യയും ചൈനയും അവകാശമുന്നയിക്കുന്ന മേഖലയാണിത്. 2019 ഓഗസ്റ്റ് 26ന് പകർത്തിയ ഇതേ മേഖലയുടെ ഉപഗ്രഹ ചിത്രത്തിൽ യാതൊരു നിർമ്മാണ പ്രവ?ൃത്തികളും ഉണ്ടായിരുന്നില്ല. എന്നാൽ പുതിയ ചിത്രത്തിൽ കെട്ടിടങ്ങളും മറ്റും വ്യക്തമായി കാണാൻ സാധിക്കും. കഴിഞ്ഞ വർഷമായിരിക്കണം ചൈന ഗ്രാമം നിർമ്മിച്ചത്. വിദേശകാര്യമന്ത്രാലയവും ഇക്കാര്യം തള്ളിക്കളഞ്ഞിട്ടില്ല. ഇന്ത്യയുമായി അതിർത്തി പങ്കിടുന്ന പ്രദേശങ്ങളിൽ ചൈന നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുന്നതായി റിപ്പോർട്ടുണ്ട്. കുറച്ചു വർഷങ്ങളായി ചൈന ഇതു തുടരുന്നുണ്ടെന്നും വിദേശകാര്യ മന്ത്രാലയ വൃത്തങ്ങൾ പ്രതികരിച്ചു.

അതിർത്തികളിൽ റോഡുകളും പാലങ്ങളും നിർമ്മിക്കുന്നത് സർക്കാർ തുടരുകയാണെന്നും മന്ത്രാലയം വ്യക്തമാക്കി. അതിർത്തിയിലെ ഇന്ത്യയുടെ നിർമ്മാണങ്ങളും സൈനിക വിന്യാസവുമാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള പ്രശ്‌നങ്ങൾക്കു കാരണമെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് നേരത്തേ അറിയിച്ചിരുന്നു. 2020 നവംബറിൽ അരുണാചലിൽ നിന്നുള്ള ബിജെപി എംപി താപിർ ഗാവോ അപ്പർ സുബാൻസിരിയിലെ ചൈനീസ് നിർമ്മാണങ്ങളെക്കുറിച്ച് ലോക്‌സഭയിൽ സംസാരിച്ചിരുന്നു. ജില്ലയിൽ 6070 കിലോമീറ്റർ വരെ ഉള്ളിലേക്ക് ചൈന കയറി വന്നിട്ടുണ്ടെന്നും വിശാലമായ റോഡ് നിർമ്മിച്ചിട്ടുണ്ടെന്നും അദ്ദേഹം പ്രതികരിച്ചിരുന്നു.