ജൊഹാനസ്ബർഗ്: കോവിഡ് വ്യാപനത്തിനു പിന്നാലെ, ദക്ഷിണാഫ്രിക്കയിൽ നടന്ന കോടികളുടെ പിപിഇ കിറ്റ് അഴിമതി പുറത്തുകൊണ്ടുവന്ന ഇന്ത്യൻ വംശജ ബബിത ദേവ്കരൺ വെടിയേറ്റു മരിച്ചു.ചൊവ്വാഴ്ച രാവിലെ കുട്ടിയെ സ്‌കൂളിൽ കൊണ്ടുവിട്ടു കാറിൽ മടങ്ങുമ്പോഴാണു വെടിയേറ്റത്. അജ്ഞാതസംഘം കാറിന്റെ ഗ്ലാസിലുടെ നിരവധി തവണ നിറയൊഴിക്കുകയായിരുന്നു.ബബിതയുടെ മരണത്തിൽ ഉന്നത തല അന്വേഷണത്തിന് സർക്കാർ ഉത്തരവിട്ടു.

ആരോഗ്യവകുപ്പിൽ ഉന്നത ഉദ്യോഗസ്ഥയായിരുന്ന ബബിത നൽകിയ വിവരമാണു പിപിഇ കിറ്റ് വിതരണക്കരാറുമായി ബന്ധപ്പെട്ട് കഴിഞ്ഞ വർഷം നടന്ന 2 കോടി ഡോളറിന്റെ അഴിമതി വെളിച്ചത്തു കൊണ്ടുവന്നത്.ഈ കേസിന്റെ അന്വേഷണം അവസാനഘട്ടത്തിലെത്തി നിൽക്കെ പ്രധാന സാക്ഷികളിലൊരാളെയാണ് കൊലപാതകത്തിലുടെ ഇല്ലാതായത്.

രാജ്യത്തെ ആരോഗ്യവകുപ്പിന് തന്നെ അപമാനമായേക്കാവുന്ന ഒരു വലിയ കുറ്റകൃത്യമാണ് ബബിതയിലുടെ പുറത്തുകൊണ്ടുവരാൻ സാധിച്ചത്.അവരുടെ ഇടപെടൽ ഏവർക്കും മാതൃകാപരമാണ്.താൻ ചെയ്യുന്ന ജോലിയോട് നൂറു ശതമാനം ആത്മാർത്ഥക പുലർത്തിയവരായിരുന്നു ബബിയതയെന്ന് ഗൗതംഗിലെ പ്രീമിയർ ഡേവിഡ് മഖുര അനുശോചിച്ചു.

ബബിതയുടെ മാതൃകാപരമായ ഇടപെടലിന് ജോലിയിൽ സ്ഥാനക്കയറ്റം നൽകിയാണ് ഗവൺമെന്റ് അവരെ ആദരിച്ചത്.കേസിലെ അന്വേഷണം അവസാനഘട്ടത്തിലെത്തി നിൽക്കെയാണ് ബബിത കൊല്ലപ്പെട്ടത്.അതേസമയം അഴിമതി പുറത്തുകൊണ്ടുവന്നതുമായി ബന്ധപ്പെട്ട് തനിക്ക് ഭീഷണി ഉണ്ടായിരുന്നതായൊന്നും ബബിത പറഞ്ഞിട്ടില്ല.അതിനാൽ തന്നെ കൊലയ്ക്ക് ഇതുമായി ബന്ധമുണ്ടോ എന്നാണ് അന്വേഷണസംഘം ആദ്യം പരിശോധിക്കുക.

കുറ്റവാളികളെ പിടികൂടാൻ പ്രത്യേക അന്വേഷണസംഘത്തെ രൂപീകരിച്ചിട്ടുണ്ട്. കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ ഞങ്ങളുടെ കഴിവിന്റെ പരമാവധി ഞങ്ങൾ ചെയ്യുമെന്നും അന്വേഷണസംഘം വ്യക്തമാക്കി