ദുബൈ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ ഇന്ത്യക്കാരന് ദുബൈയിൽ തടവുശിക്ഷ. ലിഫ്റ്റിനുള്ളിൽ വച്ചാണ് ഈയാൾ പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചത്.15കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച പ്രതിക്ക് മൂന്നുമാസം തടവുശിക്ഷയാണ് ദുബൈ പ്രാഥമിക കോടതി വിധിച്ചത്.

കഴിഞ്ഞ ഓഗസ്റ്റിലാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. കോമറോസ് ഐലൻഡിൽ നിന്നുള്ള വിദ്യാർത്ഥിനിയും രണ്ട് സഹോദരിമാരും ബർ ദുബൈയിലെ താമസസ്ഥലത്തുള്ള ലിഫ്റ്റിൽ കയറി. ലിഫ്റ്റിൽ നിന്നും അപ്പാർട്ട്മെന്റിലേക്ക് ഇറങ്ങാൻ തുടങ്ങിയ 15കാരിയുടെ ശരീരത്തിന്റെ പിൻഭാഗത്ത് 38കാരനായ പ്രതി സ്പർശിക്കുകയായിരുന്നു. തുടർന്ന് പെൺകുട്ടി ഇക്കാര്യം തന്റെ പിതാവിനെ അറിയിച്ചു. പിന്നീട് ദുബൈ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു.

അറസ്റ്റിലായ പ്രതിക്കെതിരെ ദുബൈ പബ്ലിക് പ്രോസിക്യൂഷൻ ലൈംഗിക അധിക്ഷേപത്തിന് കുറ്റം ചുമത്തി. തടവുശിക്ഷയ്ക്ക് ശേഷം പ്രതിയെ നാടുകടത്താനും കോടതി ഉത്തരവിട്ടു.