മാഹി: സമൂഹ മാധ്യമങ്ങളിൽ വൈറലായ ഇന്നോവ ഡ്രൈവറെ ഒടുവിൽ മറുനാടൻ മലയാളി കണ്ടെത്തി. മാഹി റെയിൽവേ സ്റ്റേഷന് സമീപം ഗീതാ ക്വാർട്ടേഴ്സിൽ വാടകയ്ക്ക് താമസിക്കുന്ന മാനന്തവാടി പേരിയ പ്ലാമ്പറമ്പിൽ പി.ജെ ബിജുവാണ് ആ അസാമാന്യ ഡ്രൈവിങ് കാഴ്ച വച്ച പ്രതിഭ. ഒരു വാഹനത്തിന് കഷ്ടിച്ച് പാർക്ക് ചെയ്യാൻ പറ്റുന്ന ചെറിയ സ്ലാബിന് മുകളിൽ ഒരു ഇന്നോവ കാർ കഴിഞ്ഞ ദിവസങ്ങളിൽ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു.

ഈ വാഹനം ഇങ്ങനെ പാർക്ക് ചെയ്ത ഡ്രൈവറെ ഒന്നു കാണണം, ഇനി വാഹനം എടുക്കണമെങ്കിൽ ക്രെയിൻ വേണ്ടിവരുമല്ലോ എന്നൊക്കെയായിരുന്നു ചിത്രത്തിന് അടിയിൽ വന്ന കമന്റുകൾ. എന്നാൽ വാഹനം തിരിച്ചിറക്കുന്നതിന്റെ വിഡിയോ പുറത്തുവന്നപ്പോൾ സംഭവം വൈറലായി. പിന്നീട് ഡ്രൈവറെ പറ്റിയായി അന്വേഷണം. മാഹിയാണ് സ്ഥലം എന്ന് മാത്രമായിരുന്നു സൂചന. ഒടുവിൽ മറുനാടൻ മലയാളി നടത്തിയ അന്വേഷണത്തിലാണ് ബിജുവാണ് എന്ന് കണ്ടെത്തിയത്.

സംഭവത്തെ പറ്റി ബിജു പറയുന്നതിങ്ങനെ; എന്റെ സുഹൃത്ത് ലിബിയുടെ ഇന്നോവ കാറായിരുന്നു അത്. അവൻ കുടക് വരെ പോയപ്പോൾ വണ്ടി സർവ്വീസ് സെന്ററിൽ കൊടുക്കാനായി എന്നെ ഏൽപ്പിച്ചിരുന്നു. ഓണം അവധി കഴിഞ്ഞ ശേഷം വർക്ക്ഷോപ്പ് പ്രവർത്തി വരുന്നതെയുള്ളായിരുന്നതിനാൽ കാർ എന്റെ ക്വാർട്ടേഴ്സിന് മുന്നിലാണ് പാർക്ക് ചെയ്തിരുന്നത്.

ലിജേഷ് എന്ന സുഹൃത്തിന്റെ വാഹനം പാർക്ക് ചെയ്യാനായി റെയിൽവേ സ്റ്റേഷൻ റോഡിന് സമീപം സ്ഥാപിച്ചിരുന്ന സ്ലാബിലാണ് കാർ പാർക്ക് ചെയ്തിരുന്നത്. റോഡിലെ കനാലിന്റെ പണി നടക്കുന്നതിനാൽ പൊതുമരാമത്ത് ജീവനക്കാർ കുഴി എടുത്തിട്ടിരിക്കുന്നതു മൂലമാണ് കാർ അവിടെ പാർക്ക് ചെയ്യാൻ കാരണം. വാഹനം ഓടിച്ച് നല്ല പരിചയമുണ്ടായിരുന്നതിനാലാണ് ഇന്നോവ അവിടെ പാർക്ക് ചെയ്യാൻ കഴിഞ്ഞത്.

ഇതിനിടയിൽ ഭാര്യ സ്മിത ഇതിന്റെ ചിത്രം എടുത്ത് സഹോദരിക്ക് അയച്ചു കൊടുത്തു. ഇതാണ് ആദ്യം വൈറലായത്. എന്നാൽ ഞാൻ ഇക്കാര്യം അറിഞ്ഞിരുന്നില്ല. കഴിഞ്ഞ ദിവസം കാർ വർക്കഷോപ്പിൽ കൊടുക്കാനായി എടുത്തു കൊണ്ടു പോയപ്പോൾ ഭാര്യയും മക്കളും ചേർന്നാണ് വീഡിയോ പകർത്തിയത്. പിന്നീട് ഈ വീഡിയോ സഹോദരിക്ക് അയച്ചു കൊടുക്കുകയും അവരാണ് ഇത് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തതും.

ഇത് വൈറലായ വിവരം ഞാൻ അറിഞ്ഞിരുന്നില്ല. കാരണം ഇന്റർനെറ്റ് ലഭിക്കാത്ത ഒരു സ്ഥലത്തായിരുന്നു ഇന്നലെ ഞാൻ നിന്നിരുന്നത്. എന്നാൽ കുറേപേർ ഫോണിൽ വിളിച്ച് ഇക്കാര്യം പറഞ്ഞിരുന്നു. എന്നാൽ ഇത്രയും വലിയ വൈറലായ വിവരം തിരികെ വീട്ടിലെത്തികഴിഞ്ഞപ്പോഴാണ് അറിഞ്ഞത് എന്നും ബിജു മറുനാടൻ മലയാളിയോട് പറഞ്ഞു. കാർ എടുക്കുന്നതിന് മുൻപ് ബിജു രണ്ട് പ്ലാസ്റ്റിക് കുപ്പികൾ എടുത്ത് പുറത്ത് വയ്ക്കുന്നത് വലിയ വിമർശനം ഉണ്ടാക്കിയിരുന്നു.

അതിനെ പറ്റി ബിജു പറഞ്ഞതിങ്ങനെ; നേരത്തെ ഒരു യാത്ര പോയപ്പോൾ വാങ്ങിയ വെള്ളക്കുപ്പികളായിരുന്നു. പൊട്ടിക്കാത്തതായതിനാൽ സർവ്വീസിന് കൊടുക്കും മുൻപ് പുറത്തെടുത്ത് വച്ചിട്ട് ഭാര്യയോട് എടുത്തു കൊണ്ടു പോകണം എന്ന് പറഞ്ഞിരുന്നു. അല്ലാതെ ഉപേക്ഷിച്ചതല്ല. ബിജു എട്ടു വർഷത്തോളം കണ്ണൂർ - എറണാകുളം സർവ്വീസ് നടത്തിയിരുന്ന യു.എഫ്.ഒ എന്ന സ്വകാര്യ ബസിലെ ഡ്രൈവറായിരുന്നു.

പിന്നീട് മാഹിയിലെ പ്രഭാത് വൈൻസിൽ ഡ്രൈവർ കം ഓഫീസ് സ്റ്റാഫായി ജോലി ചെയ്യുകയാണ്. സ്മിത ഭാര്യയാണ്. അന്ന, പ്രഷ്യസ് എന്നിവർ മക്കളുമാണ്. താൻ എടുത്ത വീഡിയോ ഇത്രയും വൈറലാകുമെന്ന് അറിഞ്ഞില്ല എന്നാണ് സ്മിത പറയുന്നത്. ചേച്ചി ഒരു കൗതുകത്തിന് എടുത്ത് അയക്കണമെന്ന് പറഞ്ഞപ്പോൾ ചെയ്തതാണ് എന്നും സ്മിത പറയുന്നു.