തിരുവനന്തപുരം: 53കാരിയെ വിവാഹം കഴിക്കാം എന്ന് പറഞ്ഞ് പണം തട്ടിയെടുത്ത ശേഷം നദിയിൽ തള്ളിയിട്ട് കൊല്ലാൻ ശ്രമിച്ച കേസിൽ മൂന്ന് പേർ പിടിയിലായി. കേസിൽ അച്ഛനും മകനും രണ്ടാം ഭാര്യയും ഉൾപ്പടെ മൂന്ന് പേരാണ് പിടിയിലായത്.തിരുവല്ലയ്ക്കടുത്തു മാന്നാർ സ്വദേശിയും മേസ്തിരിയുമായ പ്രവീൺ (36), രണ്ടാം ഭാര്യ മഞ്ചു (32), ആദ്യ ഭാര്യയിലെ മകൻ എന്നിവരെയാണു കരമന പൊലീസ് അറസ്റ്റ് ചെയ്തത്. പുഞ്ചക്കരിയിൽ വാടകവീട്ടിൽ താമസിക്കുന്ന പ്രവീൺ കിള്ളിപ്പാലം സ്വദേശിനിയും ഭർത്താവിനൊപ്പം താമസിക്കുകയും ചെയ്യുന്ന 53 വയസ്സുള്ള വീട്ടമ്മയുമായി അടുപ്പത്തിലാവുകയായിരുന്നു.

തനിക്കു ഭാര്യയുള്ള വിവരം മറച്ചുവച്ചു വിവാഹവാഗ്ദാനം നൽകുകയായിരുന്നു. സ്ഥലംവിറ്റുകിട്ടിയ 1.75 ലക്ഷം രൂപയുമായി കഴിഞ്ഞ 29നു വീട്ടമ്മ പ്രവീണിനൊപ്പം പോയി. മാന്നാറിൽ വീടുവാടകയ്ക്ക് എടുത്തു താമസിക്കാമെന്നാണു പറഞ്ഞിരുന്നത്. ട്രെയിനിൽ ഒപ്പം ഉണ്ടായിരുന്ന രണ്ടാം ഭാര്യയെയും മകനെയും സഹോദരിയും മകനുമെന്നു പരിചയപ്പെടുത്തി.

മാവേലിക്കരയിൽ ഇറങ്ങി നാലുപേരും ഭക്ഷണം കഴിച്ചശേഷം സിനിമയ്ക്കുപോയി. ഇതിനിടെ പണം ചോദിച്ചുവെങ്കിലും വീട്ടമ്മ നൽകിയില്ല. രാത്രി 11ന് അച്ചൻകോവിലാറിന്റെ മാന്നാർഭാഗത്തെ പാലത്തിൽ നാലുപേരും എത്തി. പാലത്തിൽ ഇരുന്ന വീട്ടമ്മയോടു പ്രവീൺ വീണ്ടും പണം ആവശ്യപ്പെട്ടു. വീട്ടമ്മ വിസമ്മതിച്ചതിനാൽ മൂന്നുപേരും ചേർന്ന് അവരെ 30 അടി താഴ്ചയുള്ള നദിയിലേക്കു തള്ളിയിടുകയായിരുന്നു. നീന്തൽ അറിയാവുന്ന വീട്ടമ്മ പാലത്തിന്റെ കമ്പിയിൽ പിടിച്ചുകിടന്നു നിലവിളിക്കുകയായിരുന്നു. രണ്ടുമണിക്കൂറിനുശേഷം സമീപത്തെ യുവാവാണു രക്ഷപ്പെടുത്തിയത്. ഇവരെ മാവേലിക്കര ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്നാണു കരമന പൊലീസിൽ പരാതി നൽകിയത്.