കൊച്ചി: പ്രവർത്തകർ തെരുവിൽ ഏറ്റുമുട്ടിയ സംഭവത്തിന് പിന്നാലെ ഭിന്നത പൊട്ടിത്തെറിയിലെത്തിയ ഐഎൻഎല്ലിലെ അസംതൃപ്തരെ ലക്ഷ്യമിട്ട് ലീഗിന്റെ രാഷ്ട്രീയ നീക്കം. മുസ്ലിം ലീഗിന്റെ മുതിർന്ന നേതാവ് പികെ കുഞ്ഞാലിക്കുട്ടിയാണ് വിഷയത്തിൽ നിലപാട് വ്യക്തമാക്കുന്നത്.

ഐഎൻഎല്ലിലെ അസംതൃപ്തരെ ലീഗിലേക്ക് സ്വാഗതം ചെയ്യുകയയാണ് നിയമ സഭയിലെ പ്രതിപക്ഷ ഉപനേതാവ് കൂടിയായ പി കെ കുഞ്ഞാലിക്കുട്ടി. ഇടത് മുന്നണിയിൽ ഐഎൻഎല്ലിന് സ്വാതന്ത്ര്യമില്ലെന്നും പാർട്ടിലെ അസംതൃപ്തരെ സ്വീകരിക്കാൻ മുസ്ലിം ലീഗ് തയ്യാറാണ് എന്നും വ്യക്തമാക്കുകയാണ് അദ്ദേഹം. പാർട്ടിയിലെ ഒരു വിഭാഗത്തിന് ഇപ്പോഴും മുസ്ലിം ലീഗിനോടുള്ള താൽപര്യം മുതലെടുക്കാനുള്ള നീക്കത്തിന് കൂടിയാണ് പി കെ കുഞ്ഞാലിക്കുട്ടി തുടക്കമിടുന്നത്.

അതേസമയം, 'ഐഎൻഎൽ എന്ന് പറയുന്ന പാർട്ടിയുടെ ആഭ്യന്തര പ്രശ്നങ്ങളാണ് ഇവയൊക്കെ. അതിൽ കയറി ഞങ്ങൾക്കൊന്നും പറയാൻ കഴിയില്ലെന്നായിരുന്നു കൂട്ടത്തില്ലിനോട് ലീഗ് നേതാവ് കെപിഎ മജീദ് പ്രതികരിച്ചു. തങ്ങൾ വല്ലതും പറഞ്ഞാൽ ഇപ്പോഴുണ്ടായ പ്രശ്നങ്ങൾ ലീഗ് ഉണ്ടായിക്കിയതാണെന്ന രീതിയിലേക്ക് മാറാൻ സാധ്യതയുണ്ടെന്നുമായിരുന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ഐഎൽഎല്ലിൻ കുറച്ച് മാസങ്ങളായി പ്രശ്നങ്ങൾ നടക്കുകയാണ്. അതിൽ സാമ്പത്തികവും അധികാര പ്രശ്നങ്ങളും ഉണ്ടാവും. അപവാദമായ രീതിയിലാണ് കാര്യങ്ങൾ നടക്കുന്നത്. അതെല്ലാം പാർട്ടിക്കകത്ത് തന്നെ തീർക്കേണ്ടതാണ് എന്നും കെപിഎ മജീദ് പറഞ്ഞു.

അതിനിടെ ഐ.എൻ.എൽ സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിലെ കൂട്ടത്തല്ലുമായി ബന്ധപ്പെട്ട് ജനറൽ സെക്രട്ടറി കാസിം ഇരിക്കൂറിനെതിരെ പരസ്യ പ്രതികരണവുമായി നേതാക്കൾ രംഗത്ത്. ഐ.എൻ.എല്ലിനെ നശിപ്പിക്കാൻ ജനറൽ സെക്രട്ടറി ശ്രമിക്കുന്നതായി സംസ്ഥാന അധ്യക്ഷൻ എ.പി. അബ്ദുൽ വഹാബ് ആരോപിച്ചു. അവാസ്തവമായ കാര്യങ്ങളാണ് കാസിം ഇരിക്കൂർ യോഗത്തിൽ പറഞ്ഞതെന്നും വഹാബ് വ്യക്തമാക്കി.

രണ്ട് സെക്രട്ടേറിയറ്റ് അംഗങ്ങളെ പുറത്താക്കിയതായി ജനറൽ സെക്രട്ടറി മിനുട്‌സിൽ എഴുതിച്ചേർത്തു. ഒ.പി.ഐ കോയ, പോക്കർ മാസ്റ്റർ അടക്കമുള്ള സെക്രട്ടറിയേറ്റ് അംഗങ്ങളെ കാസിം അപമാനിച്ചു. സെക്രട്ടേറിയറ്റ് അംഗങ്ങളോട് ഏത് പാർട്ടിക്കാരനാണെന്നും നിങ്ങൾ പാർട്ടിയെ പൊളിക്കാൻ വന്നവരാണെന്നും ആണ് ജനറൽ സെക്രട്ടറി പറഞ്ഞതെന്നും വഹാബ് പറഞ്ഞു. വിഷയത്തിൽ അനന്തര നടപടി ആലോചിക്കാൻ സംസ്ഥാന കൗൺസിൽ ഒരാഴ്ചക്കകം വിളിച്ചു ചേർക്കുമെന്നും അബ്ദുൽ വഹാബ് മാധ്യമങ്ങളെ അറിയിച്ചു.

ജനറൽ സെക്രട്ടറി കാസിം ഇരിക്കൂർ എടുക്കുന്ന ജനാധിപത്യ വിരുദ്ധമായ തീരുമാനങ്ങളാണ് പാർട്ടിയിലെ പ്രശ്‌നങ്ങൾക്ക് വഴിവെച്ചതെന്ന് ഐ.എൻ.എൽ സംസ്ഥാന ഉപാധ്യക്ഷൻ എച്ച്. മുഹമ്മദലി പറഞ്ഞു. വ്യക്തിയുടെ തീരുമാനങ്ങളാണ് പാർട്ടിയിൽ നടപ്പാക്കുന്നത്. താൻ പറയുന്നതാണ് തീരുമാനമെന്ന് ജനറൽ സെക്രട്ടറി വ്യക്തമാക്കിയത്. പാർട്ടിയുടെ കമ്മിറ്റി തീരുമാനങ്ങൾ എടുക്കണമെന്നാണ് യോഗത്തിൽ ആവശ്യപ്പെട്ടത്. ജനറൽ സെക്രട്ടറിയുടെ നിലപാട് പാർട്ടിക്ക് ഗുണം ചെയ്യില്ലെന്നും മുഹമ്മദലി ചൂണ്ടിക്കാട്ടി.