മലപ്പുറം: പാണക്കാട് തങ്ങൾ കുടുംബത്തിലെ അംഗമായ മുഈനലി പി കെ കുഞ്ഞാലിക്കുട്ടിക്കെതിരെ ഉന്നയിച്ച വിമർശനം ലീഗിൽ വൻ വിവാദമായി മാറുന്ന പശ്ചാത്തലത്തിൽ നിലപാട് കൈക്കൊള്ളാൻ വേണ്ടി ചേർന്ന ലീഗ് യോഗത്തിൽ കാര്യമായ നടപടികളില്ല. വാർത്താസമ്മേളനത്തിൽ അതിക്രമിച്ചു കയറി തങ്ങളെ തെറിവിളിച്ച ലീഗ് പ്രവർത്തകൻ റാഫി പുതിയ കടവിനെ പാർട്ടിയിൽ നിന്നും സസ്‌പെൻഡ് ചെയ്തു. മുഈനലിക്കെതിരെ എന്തു നടപടി കൈക്കൊള്ളണം എന്ന കാര്യത്തിൽ തീരുമാനം ലീഗ് അധ്യക്ഷൻ ഹൈദരലി ശിഹാബ് തങ്ങൾ തീരുമാനിക്കും. ലീഗ് ഉന്നതാധികാര സമിതി യോഗത്തിന് ശേഷം സാദിഖലി ശിഹാബ് തങ്ങളാണ് ഇക്കാര്യം വാർത്താസമ്മേളനത്തിൽ അറിയിച്ചത്.

അതേസമയം, തങ്ങൾ കുടുംബത്തിന്റെ പാരമ്പര്യം മുഈനലി ലംഘിച്ചതായും കോഴിക്കോട് നടന്ന വാർത്താസമ്മേളനത്തിൽ മുഈനലി പങ്കെടുത്തത് ഉചിതമായില്ലെന്നും യോഗം വിലയിരുത്തി. ഇക്കാര്യത്തിൽ എന്ത് തീരുമാനം കൈക്കൊള്ളം എന്ന കാര്യത്തിൽ പിന്നീട് തീരുമാനം കൈക്കൊള്ളും. ഒറ്റയ്ക്ക് അഭിപ്രായം പറയുന്ന പാരമ്പര്യമല്ല പാണക്കാട് കുടുംബത്തിന്റേത്. മുഈനലിയുടെ പ്രവൃത്തി ചെയ്യാൻ പാടില്ലാത്തതായിരുന്നു. മുഈനലിയുടെ പ്രവൃത്തി തെറ്റായിരുന്നെന്ന് ഹൈദരലി ശിഹാബ് തങ്ങളെ ബോധ്യപ്പെടുത്തി അന്തിമ തീരുമാനം കൈക്കൊള്ളും.

'ഒറ്റപ്പെട്ട് അഭിപ്രായം പറയുന്ന ഒരു പാരമ്പര്യം അല്ല പാണക്കാട് കുടുംബത്തിനുള്ളത്. അത് ലീഗിന്റെ കാര്യങ്ങളായാലും പൊതുസമൂഹത്തെ സംബന്ധിക്കുന്ന മറ്റ് കാര്യങ്ങളായാലും. കൂട്ടായ ചർച്ചയിലൂടെ ഉള്ള തീരുമാനം കുടുംബത്തിലെ മുതിർന്ന ആളാണ് പറയുക. ഇവിടെ അത് ലംഘിക്കപ്പെട്ടു. അക്കാര്യം മുഈനലിയെ ബോധ്യപ്പെടുത്തിയിട്ടുണ്ട്. വിഷയം എന്തുതന്നെയായാലും അവിടെ ചെയ്തത് ശരിയോ തെറ്റോ എന്നാണ് കുടുംബം വിലയിരുത്തിയത്. അത് തെറ്റാണ് എന്നാണ് കുടുംബത്തിന്റെ വിലയിരുത്തൽ. പത്രസമ്മേളനത്തിൽ അദ്ദേഹം ഉന്നയിച്ച ആരോപണ വിഷയങ്ങൾ ചർച്ച ചെയ്തില്ല.' സാദിഖ് അലി ശിഹാബ് തങ്ങൾ പറഞ്ഞു.

ചന്ദ്രികയെ ഉപയോഗിച്ച് കള്ളപ്പണം വെളുപ്പിച്ചെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്ന് ഇ.ടി. മുഹമ്മദ് ബഷീർ എംപി പറഞ്ഞു. ലീഗിന്റെ ഒരു നേതാവും കള്ളപ്പണം വെളുപ്പിച്ചിട്ടില്ല. ലീഗിൽ യാതൊരുവിധ വിഭാഗീയതയുമില്ല. ജനാധിപത്യപരമായ ചർച്ചകളാണ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

പാർട്ടി പത്രമായ ചന്ദ്രികക്കെതിരായ ആരോപണങ്ങൾ ഖണ്ഡിക്കാൻ മുസ്‌ലിം ലീഗ് ആസ്ഥാനത്ത് വ്യാഴാഴ്ച വിളിച്ച വാർത്തസമ്മേളനത്തിലാണ് മുഈനലി തങ്ങൾക്കെതിരെ പ്രവർത്തകൻ അസഭ്യം പറഞ്ഞത്. പാർട്ടിയുടെ നിയമപരമായ കാര്യങ്ങളുടെ ചുമതലയുള്ള അഡ്വ. മുഹമ്മദ് ഷായോടൊപ്പമാണ് ഹൈദരലി തങ്ങളുടെ മകൻ കൂടിയായ മുഈനലി തങ്ങൾ വാർത്തസമ്മേളനത്തിനെത്തിയത്. കണക്കുകൾ നിരത്തി മുഹമ്മദ് ഷാ പറഞ്ഞവസാനിപ്പിച്ചപ്പോഴാണ് മുഈനലി തങ്ങൾ ഇടപെട്ടത്.

പാണക്കാട് കുടുംബം ശിഹാബ് തങ്ങളുടെ കാലം മുതൽതന്നെ പാർട്ടി സാമ്പത്തികകാര്യങ്ങളിൽ ഇടപെടാറില്ലെന്ന് മുഈനലി വ്യക്തമാക്കി. ചന്ദ്രികയുടെ പണമിടപാട് നടത്തിയത് ഫിനാൻസ് ഡയറക്ടറായ മുഹമ്മദ് ഷമീറാണ്. കുഞ്ഞാലിക്കുട്ടി കൈകാര്യം ചെയ്യേണ്ട ഫണ്ട് വിശ്വസ്തനായ ഷമീറിനെ ഏൽപിച്ച കുഞ്ഞാലിക്കുട്ടി തന്നെയാണ് പ്രശ്‌നങ്ങളുടെ ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടതെന്നും മുഈനലി തുറന്നടിച്ചു.

ഇതോടെയാണ് സംസ്ഥാന കമ്മിറ്റി ഓഫിസിലെ സ്ഥിരം സാന്നിധ്യമായ റാഫി പുതിയകടവ് മുഈനലി തങ്ങൾക്കെതിരെ ഭീഷണി മുഴക്കി പാഞ്ഞടുത്തത്. 'കുഞ്ഞാലിക്കുട്ടിക്കെതിരെ പറയാൻ നീ ആരാണെടോ' എന്ന് ചോദിച്ച റാഫി 'പുറത്തിറങ്ങിയാൽ കാണിച്ചു തരാമെന്നും' ഭീഷണിമുഴക്കി. പിന്നീട് തെറിയഭിഷേകം നടത്തിയ ഇയാളെ ലീഗ് ഓഫിസിലുണ്ടായിരുന്ന മറ്റു പ്രവർത്തകർ പിടിച്ചു മാറ്റുകയായിരുന്നു.