ന്യൂഡൽഹി: കോവിഡിനെതിരായ പോരാട്ടത്തിൽ കോൺഗ്രസ് രാഷ്ട്രീയം കളിക്കുന്നുവെന്ന് ആരോപിച്ചു ബിജെപി ദേശീയ അധ്യക്ഷൻ ജെപി നഡ്ഢ. രാജ്യം സധൈര്യമായാണ് മഹാമാരിയെ നേരിടുന്നത്. അതിനിടെ ആളുകളെ തെറ്റിദ്ധരിപ്പിച്ച് പരിഭ്രാന്തി പടർത്താനാണ് കോൺഗ്രസ് ശ്രമിക്കുന്നതെന്ന് കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്കയച്ച കത്തിൽ ചൂണ്ടിക്കാട്ടി.

മഹാമാരിക്കിടെ കോൺഗ്രസ് പാർട്ടിയുടെ പെരുമാറ്റം ഏറെ വേദനിപ്പിക്കുന്നു. കോവിഡിനെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദി അക്ഷീണം പ്രവർത്തിക്കുകയാണെന്നും എന്നാൽ കേന്ദ്രം ഒന്നും ചെയ്യുന്നില്ലെന്നാണ് കോൺഗ്രസ് പ്രചരിപ്പിക്കുന്നതെന്നും അദ്ദേഹം വിമർശിച്ചു. കേരളത്തിലടക്കം വൻ റാലികൾ നടത്തിയ ശേഷം കോവിഡ് പ്രോട്ടോക്കോൾ പാലിക്കണമെന്ന് പറയുന്നത് കോൺഗ്രസിന്റെ ഇരട്ടത്താപ്പാണ്. കേരളത്തിൽ കോവിഡ് രോഗികൾ കൂടാൻ രാഹുൽ ഗാന്ധിയുടെ റാലിയും കാരണമായി. തെരഞ്ഞെടുപ്പ് നടന്ന സംസ്ഥാനങ്ങളിൽ കോൺഗ്രസ് നേതാക്കൾ നിയന്ത്രണങ്ങൾ ലംഘിച്ചതായും കത്തിൽ പറയുന്നു.