കോഴിക്കോട്: പത്തനംതിട്ടയിൽ സിപിഐ പ്രാദേശിക നേതാക്കളെ ഉൾപ്പെടെ ഡിവൈഎഫ്ഐ പ്രവർത്തകർ മർദിച്ച സംഭവത്തിൽ രൂക്ഷ വിമർശനവുമായി സിപിഐ മുഖപത്രം ജനയുഗം. പത്തനംതിട്ട അങ്ങാടിക്കലിലുണ്ടായ അക്രമം വീഡിയോയിൽ പകർത്തി പ്രചരിപ്പിച്ചത് ക്രിമിനൽ ഗുണ്ടാസംഘങ്ങളുടെ രീതിയാണെന്ന് ജനയുഗം കുറ്റപ്പെടുത്തി. ഈ സംഭങ്ങളുടെ പേരിൽ സിപിഐയും സിപിഎമ്മും പരസ്പ്പരം പോരടിക്കുന്നതിനിടെയാണ് പാർട്ടി മുഖപത്രത്തിന്റെ എഡിറ്റോറിയലും വിമർശനവുമായി രംഗത്തുവന്നത്.

അക്രമ രാഷ്ട്രീയത്തിന്റെ അനുഭവപാഠങ്ങൾ വിസ്മരിക്കരുത് എന്ന തലക്കെട്ടിലായിരുന്നു എഡിറ്റോറിയൽ. ഡിവൈഎഫ്ഐയുടേത് ഗുണ്ടാരാജാണ്. ഫാസിസത്തെ എതിർക്കുന്ന സംഘടനയുടെ പേരിൽ ആണ് കൊടുമണ്ണിൽ വീഡിയോ പ്രചരിപ്പിച്ചത്. സംഘടനയുടെ നേതൃത്വം അക്രമത്തെ അപലപിച്ചിട്ടില്ല എന്നത് സമൂഹത്തിന് നൽകുന്നത് അപായസൂചനയാണെന്നും ജനയുഗം വിമർശിച്ചു. ജനാധിപത്യത്തിന്റെ ബാനറിൽ പ്രവർത്തിക്കുന്ന സംഘടനയുടെ പേരിൽ രംഗത്തുവന്ന ഗുണ്ടാസംഘമാണ് സിപിഐ പ്രാദേശിക നേതാക്കൾക്കും അവരുടെ വീടുകൾക്കും നേരെ അക്രമം അഴിച്ചുവിട്ടത്.

തങ്ങളുടെ പേരിൽ നടന്ന അക്രമസംഭവങ്ങളെ അപലപിക്കാൻ ആ സംഘടന മുതിരാത്തിടത്തോളം അവർ ഗുണ്ടാസംഘങ്ങൾക്ക് പാളയം ഒരുക്കുന്നു എന്നുവേണം കരുതാൻ എന്നും ജനയുഗം വിമർശിച്ചു. 'അക്രമങ്ങൾകൊണ്ടും സർവാധിപത്യ പ്രവണതകൾകൊണ്ടും എല്ലാക്കാലത്തും എല്ലാവരെയും നിയന്ത്രിച്ചു നിർത്താമെന്ന വ്യാമോഹം അസ്ഥാനത്താണെന്ന് ബന്ധപ്പെട്ടവർ തിരിച്ചറിഞ്ഞേ മതിയാവൂ. അക്രമങ്ങളും ജനാധിപത്യ വിരുദ്ധ പ്രവണതകളും നൽകിയ പാഠങ്ങൾ തിരിച്ചറിയാനും സ്വയം തിരുത്താനും വൈകുന്നതിന് വലിയ വില നല്‌കേണ്ടിവരുമെന്ന അനുഭവപാഠങ്ങൾ അവഗണിക്കുകയോ വിസ്മരിക്കുകായോ അരുത്,' ജനയുഗം മുഖപ്രസംഗത്തിലൂടെ പറഞ്ഞു.

അതേസമയം, പത്തനംതിട്ട ജില്ലയിലെ കൊടുമൺ, അങ്ങാടിക്കൽ സർവീസ് സഹകരണബാങ്ക് ഭരണസമിതി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടായിരുന്നു ഡിവൈഎഫ്ഐ-സിപിഐ സംഘർഷം ഉടലെടുത്തത്. കഴിഞ്ഞ ഞായറാഴ്ച വൈകീട്ട് അങ്ങാടിക്കൽ സ്‌കൂൾ ജങ്ഷനിൽ വച്ചാണ് സിപിഐ നേതാക്കളെ ആക്രമിച്ചത്. സിപിഐ കൊടുമൺ ലോക്കൽ കമ്മിറ്റി സെക്രട്ടറി സുരേഷ് ബാബു, മണ്ഡലം സെക്രട്ടറിയേറ്റ് അംഗം ഉദയകുമാർ എന്നിവർക്കാണ് ക്രൂരമർദനമേറ്റത്. പരിക്കേറ്റ ഇരുവരും ആശുപത്രിയിൽ ചികിത്സയിലാണ്.