പത്തനംതിട്ട: ഒരൊറ്റ പഞ്ചായത്ത് പ്രസിഡന്റ് മതി നിങ്ങളുടെ രാഷ്ട്രീയ ഭാവി തകരാൻ എന്ന മട്ടിലാണ് ചിറ്റാറിൽ കാര്യങ്ങളുടെ പോക്ക്. കോൺഗ്രസ് ടിക്കറ്റിൽ വിജയിച്ചയാളെ മറുകണ്ടം ചാടിച്ച് പ്രസിഡന്റാക്കി ചിറ്റാർ പഞ്ചായത്ത് ഭരണം പിടിക്കുമ്പോൾ അത് വാഴ്‌ത്തപ്പെടുമെന്നാണ് കെയു ജനീഷ്‌കുമാർ എംഎൽഎയും സിപിഎം പെരുനാട് ഏരിയാ സെക്രട്ടറി എസ് ഹരിദാസും കരുതിയത്. പക്ഷേ, സംഗതി തിരിച്ചടിച്ചിരിക്കുകയാണ്.

ആറു മാസം കഴിയാതെ പ്രസിഡന്റിന് എതിരേ അവിശ്വാസം കൊണ്ടു വരാൻ കഴിയില്ല. അതു വരെ കാത്തിരിക്കാൻ ഭൂരിഭാഗം നേതാക്കൾക്കും പ്രവർത്തകർക്കും ക്ഷമയില്ല. പിന്തുണ പിൻവലിച്ച് നോട്ടീസ് ഇറക്കാനാണ് അവരുടെ ആവശ്യം. അല്ലാത്ത പക്ഷം കൂട്ടത്തോടെ പ്രവർത്തകർ പാർട്ടി വിടും. കഴിഞ്ഞ കോന്നി ഉപതെരഞ്ഞെടുപ്പിൽ ജനീഷിന് ഏറ്റവും കൂടുതൽ ഭൂരിപക്ഷം നൽകിയ ചിറ്റാർ, സീതത്തോട് പഞ്ചായത്തുകളിൽ ഇക്കുറി കനത്ത തിരിച്ചടി നേരിടേണ്ടി വരികയും ചെയ്യും. എന്നാൽ, ഒരു കാരണവശാലും ചിറ്റാർ പഞ്ചായത്ത് പ്രസിഡന്റിനുള്ള പിന്തുണ പിൻവലിക്കേണ്ടെന്ന നിലപാടിലാണ് ജനീഷ്‌കുമാറും അദ്ദേഹത്തെ അനുകൂലിക്കുന്നവരും.

വിവാദം കൊഴുക്കുന്നതിനിടെ സിപിഎം ജില്ലാ സെക്രട്ടറി സമർഥമായി ഒഴിഞ്ഞു മാറുകയും ചെയ്തു. കോൺഗ്രസ് ടിക്കറ്റിൽ നിന്ന് വിജയിച്ച സജി കുളത്തുങ്കലിനെ സിപിഎം മുൻകൈ എടുത്ത് പ്രസിഡന്റാക്കിയതിൽ വലിയ എതിർപ്പാണ് പ്രവർത്തകർക്കിടയിലുള്ളത്. പാർട്ടിയുടെ പ്രവർത്തനം തന്നെ ചിറ്റാർ, സീതത്തോട് പഞ്ചായത്തുകളിൽ താറുമാറായി. അങ്ങനെയാണ് സജിയുമായി ചർച്ച നടത്താൻ നേരിട്ട് ചെന്ന ജില്ലാ സെക്രട്ടറി കെപി ഉദയഭാനു ഇപ്പോൾ കൈ മലർത്തുന്നത്. ചിറ്റാർ ലോക്കൽ സെക്രട്ടറി അടക്കം ചുരുക്കം ചില നേതാക്കൾ മാത്രമാണ് സജിയുമായുള്ള സഖ്യത്തെ അനുകൂലിക്കുന്നത്. അവസാന നിമിഷ അട്ടിമറിക്ക് നേതൃത്വം നൽകിയ ഹരിദാസിനും ജനീഷിനുമെതിരേ നടപടി വേണമെന്ന് എതിർപക്ഷം ശക്തമായ ആവശ്യം ഉന്നയിക്കുന്നുണ്ട്.

തദ്ദേശ തെരഞ്ഞെടുപ്പ് ഫലം അവലോകനം ചെയ്യാൻ കൂടിയ പെരുനാട് ഏരിയ കമ്മിറ്റി യോഗത്തിൽ ചേരിതിരിഞ്ഞ് രൂക്ഷമായ വാക്കേറ്റം നടന്നു. ചിറ്റാറിലെ പ്രസിഡന്റ് തെരഞ്ഞെടുപ്പിനെ ചൊല്ലിയാണ് ബഹളം നടന്നത്. ഏരിയാ കമ്മിറ്റിയിലെ പ്രശ്നം ജില്ലാ കമ്മിറ്റി സംസ്ഥാന കമ്മിറ്റി റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് പ്രശ്നം പരിഹരിക്കാൻ സെക്രട്ടറിയേറ്റംഗം കെജെ തോമസിനെ ചുമതലപ്പെടുത്തിയിരുന്നു. അദ്ദേഹം നടത്തിയ ആദ്യഘട്ട മധ്യസ്ഥ ചർച്ചകൾ പരാജയപ്പെട്ടു. പ്രശ്നം എത്രയും വേഗം പരിഹരിക്കണമെന്ന് ലോക്കൽ സെക്രട്ടറി മോഹനൻ പൊന്നുപിള്ള ജില്ലാ സെക്രട്ടറിയോട് ആവശ്യപ്പെട്ടിരുന്നു.

സംസ്ഥാന സെക്രട്ടറിയേറ്റംഗത്തിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പഞ്ചായത്ത് ഭരണത്തിൽ സജിക്കുള്ള പിന്തുണ പിൻവലിക്കാൻ സാധ്യതയേറുകയാണ്. അണികളിലും പ്രാദേശിക നേതാക്കളിലും നിന്നുള്ള പ്രതിഷേധം കണക്കിലെടുത്ത് ജില്ലാ സെക്രട്ടറി ഉദയഭാനുവും നിലപാട് മാറ്റിയെന്നാണ് സൂചന. പിന്തുണ പിൻവലിച്ചു പ്രശ്നം പരിഹരിക്കാൻ പ്രമുഖ നേതാക്കളുമായി കഴിഞ്ഞ ദിവസം കൂടിയാലോചന നടത്തിയിരുന്നു. തങ്ങൾ നൽകിയ സമയ പരിധിക്കുള്ളിൽ പ്രശ്നം പരിഹരിക്കാൻ വൈകിയാൽ പാർട്ടി വിടാൻ തന്നെയാണ് ഇവരുടെ തീരുമാനം. ഭരണത്തിലുള്ള പങ്കാളിത്തം ഒരു കാരണവശാലും സിപിഎമ്മിന് വേണ്ടെന്നതാണ് ഇവരുടെ ആവശ്യം.

സമീപ പഞ്ചായത്തായ സീതത്തോട്ടിലും സ്ഥിതി രൂക്ഷമാണ്. പഞ്ചായത്തിലെ ആങ്ങമൂഴി ലോക്കൽ കമ്മറ്റിയുടെ പ്രവർത്തനം ഏറെക്കുറെ പൂർണമായി നിലച്ചിരിക്കുകയാണ്. സംഘടനാ പ്രവർത്തനങ്ങൾ ഒന്നും തന്നെ നടക്കുന്നില്ല. സംസ്ഥാന തലത്തിൽ ആഹ്വാനം ചെയ്ത ഗൃഹസന്ദർശനം പോലും നടന്നില്ല. ജനീഷ് കുമാർ മുൻകൈയെടുത്ത് ജോബി ടി ഈശോയെ ഇവിടെ പ്രസിഡന്റ് ആക്കിയതിലുള്ള പ്രതിഷേധമാണ് നിർജീവാവസ്ഥയ്ക്ക് കാരണമായിരിക്കുന്നത്. ആങ്ങമൂഴിയിൽ ബ്രാഞ്ച് കമ്മറ്റി പോലും ചേരാൻ കഴിയാത്ത സ്ഥിതിയാണ്. കഴിഞ്ഞ നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ കോന്നിയിൽ മത്സരിച്ച ജനീഷ് കുമാറിന് ഏറ്റവുമധികം ഭൂരിപക്ഷം ലഭിച്ച സീതത്തോട്ടിൽ ഇക്കുറി തിരിച്ചടിയുണ്ടാകുമെന്ന ഭയം സിപിഎമ്മിനുണ്ട്.

ജനീഷ്‌കുമാർ ഇരുപഞ്ചായത്തുകളിലും അനാവശ്യ ഇടപെടലുകൾ നടത്തുന്നുവെന്ന് ഒരുവിഭാഗം സിപിഎം ജില്ലാ നേതൃത്വത്തിന് പരാതി നൽകിയെന്നും സൂചനയുണ്ട്. ചിറ്റാറിലെ സിപിഎമ്മിന്റെ മുഖമായ എംഎസ് രാജേന്ദ്രനെ മൂന്നു വോട്ടിന് തോൽപിച്ച സജി കുളത്തുങ്കലിനെയാണ് സിപിഎം പ്രസിഡന്റാക്കിയത്. കടുത്ത അതൃപ്തിയാണ് ഇക്കാര്യത്തിൽ രാജേന്ദ്രനുള്ളത്. അദ്ദേഹം പാർട്ടി വിടുമെന്നുള്ള സൂചനയുമുണ്ട്. രാജേന്ദ്രൻ പാർട്ടി വിട്ടാൽ കോന്നിയിൽ ജനീഷിനെതിരേ യുഡിഎഫ് സ്വതന്ത്രനാക്കി രംഗത്തിറക്കാനുള്ള സാധ്യതകളും ചർച്ച ചെയ്യുന്നുണ്ട്. ബിജെപിയും വലവീശുന്നുണ്ട് എന്നാണ് സൂചന.