മുംബൈ: പുതുവത്സര ആഘോഷത്തിനിടെ പത്തൊമ്പതുകാരി പെൺകുട്ടി കൊല്ലപ്പെട്ട സംഭവത്തിൽ പ്രതികളുടെ ജാമ്യാപേക്ഷയെ എതിർത്ത് ബന്ധുക്കൾ. മുംബൈയിലെ ഖാറിലെ ഒരു ബഹുനിലക്കെട്ടിടത്തിലാണ് ഒരു കൂട്ടം സുഹൃത്തുക്കൾ പുതുവത്സര പാർട്ടി സംഘടിപ്പിച്ചത്. പുതുവത്സര ദിവസമാണ് ജാൻവി എന്ന പെൺകുട്ടിയെ മരണപ്പെട്ട നിലയിൽ കണ്ടെത്തിയത്. ശരീരത്തിൽ ക്രൂരമായി മർദ്ദനമേറ്റ പാടുകളുമുണ്ടായിരുന്നു. പുതുവത്സര പാർട്ടിക്കിടെയാണ് സുഹൃത്തുക്കൾ കൗമാരക്കാരിയെ കൊലപ്പെടുത്തിയെന്നാണ് പൊലീസ് കേസ്.

അമിതമായി ലഹരി ഉപയോഗിച്ച കൂട്ടുകാർ തമ്മിൽ വഴക്കിടുകയും രണ്ട് പേർ ചേർന്ന് ജാൻവിയെ കൊലപ്പെടുത്തിയെന്നുമാണ് പൊലീസ് പറയുന്നത്. എന്നാൽ സംഭവ ദിവസം നടന്നതൊന്നും തങ്ങൾക്കറിയില്ല എന്ന നിലപാടിലായിരുന്നു പൊലീസ് അറസ്റ്റ് ചെയ്ത ജാൻവിയുടെ സുഹൃത്തുക്കളായ ദിയ പദാൽക്കർ, ശ്രീ ജോധാങ്കർ എന്നിവർ പറഞ്ഞിരുന്നത്. ഇവരെ നുണപരിശോധനയ്ക്ക് വിധേയമാക്കാനും പൊലീസ് തീരുമാനിച്ചിരുന്നു. ഇവർക്കൊപ്പം കേസിൽ പത്തോളം പേരെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തിരുന്നു.

കേസിലെ പ്രതികൾ സമർപ്പിച്ച ജാമ്യാപേക്ഷ ഹർജി തടയണമെന്നാവശ്യപ്പെട്ടാണ് കഴിഞ്ഞ ദിവസം മരണപ്പെട്ട പെൺകുട്ടിയുടെ അമ്മ കോടതിയെ സമീപിച്ചത്. തന്റെ മകളെ പുതുവത്സരാഘോഷത്തിന് കൂട്ടിക്കൊണ്ടുപോകാൻ പ്രതികൾ ഗൂഢാലോചന നടത്തി പദ്ധതിയിട്ടെന്ന് കോടതിയിൽ ആരോപിച്ചു. ജാമ്യാപേക്ഷ ഫെബ്രുവരി 17 ന് കോടതി പരിഗണിക്കും. മുംബയ് പൊലീസും പ്രതികൾക്ക് ജാമ്യം നൽകുന്നതിനെ എതിർത്തിട്ടുണ്ട്. മരണപ്പെട്ട യുവതിയുടെ ശരീരത്തിലെ മുറിവുകൾ പരിഗണിച്ചാൽ ഇത് അപകടമരണമല്ലെന്ന് ബോദ്ധ്യമാകും എന്നവാദമാണ് പൊലീസ് ഉയർത്തിയത്.

സംഭവ ദിവസം പുലർച്ചെ 1.45ന് പാർട്ടി നടന്ന എട്ടാം നിലയിൽ നിന്നും താഴേക്ക് വരവേ ഇവർ തമ്മിൽ വഴക്കുണ്ടായതായി പൊലീസ് പറയുന്നു. കെട്ടിടത്തിന്റെ രണ്ടാം നിലയിൽ വച്ചാണ് കൊലപാതകം സംഭവിച്ചത്, തലയ്ക്ക് മാരകമായി പരിക്കേറ്റിരുന്നു. കെട്ടിടത്തിന്റെ വിവധ നിലകളിൽ നിന്നും പ്രതികളുടെയും കൊല്ലപ്പെട്ട പെൺകുട്ടിയുടേയും മോതിരം, ചെരുപ്പ് എന്നിവ ലഭിച്ചു.

രണ്ടാം നിലയിലെ ഇരുമ്പ് ഗ്രില്ലിൽ മുടിയും കണ്ടെത്തി. കൊലപ്പെടുത്തുക എന്ന ഉദ്ദേശത്തോടെ മാരകമായി മർദ്ദിച്ചതിന്റെ ഫലമായിട്ടാണ് ജാൻവി മരണപ്പെട്ടതെന്ന് പബ്ലിക് പ്രോസിക്യൂട്ടർ ജാമ്യാപേക്ഷ എതിർത്തു കൊണ്ട് കോടതിയിൽ വാദിച്ചു.