കോട്ടയം: കന്യാസ്ത്രീയെ ബലാത്സംഗം ചെയ്തെന്ന കേസിൽ ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെ കോടതി കുറ്റമുക്തനാക്കി നിമിഷങ്ങൾക്കകം അച്ചടിച്ച പത്രക്കുറിപ്പിറക്കി ഞെട്ടിച്ച് ജലന്ധർ രൂപത. കോട്ടയം അഡീഷനൽ സെഷൻസ് കോടതി ജഡ്ജി ജി.ഗോപകുമാറിന്റെ വിധി വന്നയുടനെയാണ് പത്രക്കുറിപ്പിറങ്ങിയത്. നിയമസഹായം ചെയ്തവർക്കും പ്രാർത്ഥിച്ചവർക്കും നന്ദിയെന്നാണ് പത്രക്കുറിപ്പിൽ പറയുന്നതെങ്കിലും എല്ലാം നേരത്തെ തീരുമാനിച്ചുറച്ച തിരക്കഥയുടെ ഭാഗമാണെന്നു സംശയിക്കുന്നവരെ കുറ്റം പറയാനാകാത്ത തരത്തിലാണ് ജലന്ധർ രൂപതയുടെ പത്രക്കുറിപ്പ്.

അതേ സമയം ലഡു വിതരണത്തിനും സമയം വൈകിയില്ല. അതേസമയം കന്യാസ്ത്രീയെ ബലാത്സംഗം ചെയ്‌തെന്ന കേസിൽ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ വെറുതെ വിട്ട കോട്ടയം അഡീഷണൽ സെഷൻസ് കോടതി വിധിയിലും വിധിക്ക് തൊട്ടുപിന്നാലെ ജലന്തർ രൂപത നന്ദി അറിയിച്ച് കുറിപ്പ് പുറത്തുവിട്ടതിലും പ്രതികരിച്ച് പൊതുപ്രവർത്തകനും അഭയ കേസ് ആക്ഷൻ കൗൺസിൽ അംഗവുമായ ജോമോൻ പുത്തൻപുരക്കലും രംഗത്തുവന്നു.

ബിഷപ്പിനെ വെറുതെ വിട്ടതിന് നന്ദി, എന്ന കുറിപ്പ് മുൻകൂട്ടി തയാറാക്കി വിധി വന്ന് സെക്കന്റുകൾക്കുള്ളിൽ റിലീസ് ചെയ്യണമെങ്കിൽ അവരുടെ സ്വാധീനശക്തി എത്രത്തോളമായിരിക്കും എന്ന് ചിന്തിക്കേണ്ടതാണ് എന്നാണ് ഏഷ്യാനെറ്റ് ന്യൂസ് ചർച്ചക്കിടെ ജോമോൻ പുത്തൻപുരക്കൽ പറഞ്ഞത്. ''ഇവിടെ മാധ്യമങ്ങളടക്കം എല്ലാവരും പ്രതിക്ക് ശിക്ഷ കിട്ടും എന്ന് പറഞ്ഞിരുന്നപ്പോൾ, ബിഷപ് ഫ്രാങ്കോ മുളക്കലിലെ വെറുതെ വിട്ടതിന് നന്ദി, സഹകരിച്ചതിന് നന്ദി എന്ന കുറിപ്പ് രൂപത മുൻകൂട്ടി തയാറാക്കി.

ഇന്നലെത്തന്നെ തയാറാക്കിയ കുറിപ്പ് ഇന്ന് രാവിലെ വിധി വന്ന് സെക്കന്റുകൾക്കുള്ളിൽ ജലന്തർ രൂപതയുടെ പി.ആർ.ഒ ഡി.ടി.പി തയാറാക്കി ഔദ്യോഗിക ലെറ്റർപാഡിൽ റിലീസ് ചെയ്തു. ഇങ്ങനെ മുൻകൂട്ടി തയാറാക്കിയ റിലീസ് കയ്യിലിരിക്കുമ്പോൾ എന്താണ് നമ്മൾ ചിന്തിക്കേണ്ടത്. ഇവിടെ ഇവർക്ക് നേരത്തെ തന്നെ എല്ലാം ബോധ്യമായിരുന്നു.

ആ ബോധ്യം എങ്ങനെയാണ് അവർക്ക് വന്നത് എന്ന് നമ്മൾ ചിന്തിക്കേണ്ടതാണ്. അത് ഹൈക്കോടതിയിൽ അപ്പീൽ കൊടുക്കുമ്പോൾ പ്രോസിക്യൂഷൻ ചിന്തിക്കേണ്ട കാര്യമാണ്. ഇത്രത്തോളം ഉറപ്പ് ഇവർക്കുണ്ടെങ്കിൽ അവരുടെ സ്വാധീനശക്തി എത്രത്തോലം ഉണ്ടായിരിക്കും എന്ന് ചിന്തിക്കേണ്ടതാണ്,'' ജോമോൻ പുത്തൻപുരക്കൽ പ്രതികരിച്ചു.

നേരത്തെ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ കോട്ടയം അഡീഷണൽ സെഷൻസ് കോടതി വെറുതെ വിട്ട വിധിയിൽ നന്ദി പറഞ്ഞ് ജലന്തർ രൂപത പി.ആർ.ഒ ഫാദർ പീറ്റർ പ്രതികരിച്ചിരുന്നു. വിധിയിൽ നന്ദി പറഞ്ഞ പീറ്റർ കോടതിക്ക് സത്യം വെളിപ്പെട്ടു എന്ന കാര്യം ബോധ്യപ്പെട്ടെന്നും വിധി കയ്യിൽ കിട്ടിയ ശേഷം അടുത്ത നടപടികളെക്കുറിച്ച് ആലോചിക്കുമെന്നും ഫാദർ പീറ്റർ പറഞ്ഞു. ലൈംഗിക പീഡനക്കേസിൽ അറസ്റ്റിലായി വിചാരണ നേരിട്ട രാജ്യത്തെ ആദ്യത്തെ കത്തോലിക്കാ ബിഷപ്പായിരുന്നു ഫ്രാങ്കോ മുളക്കൽ എന്നതും കേസിന്റെ പ്രത്യേകതയാണ്. ബിഷപ്പിനെ ചോദ്യം ചെയ്യാൻ പൊലീസ് ജലന്ധർ ആസ്ഥാനത്ത് എത്തിയപ്പോൾ വിശ്വാസികൾ സംഘടിച്ച് ചോദ്യം ചെയ്യലിനെ ചെറുത്തിരുന്നു.