തിരുവനന്തപുരം: തലസ്ഥാനത്തെ ഗുണ്ടാ സംഘങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടലിന്റെ തുടർച്ചയായാണ് കടയ്ക്കാവൂർ കവലയൂരിൽ ക്രിമിനൽ കേസ് പ്രതിയായ ഗുണ്ടയെ പട്ടാപ്പകൽ വെട്ടിക്കൊന്ന സംഭവം. കടയ്ക്കാവൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽലാണ് ഇന്ന് പുലർച്ചെ പട്ടാപ്പകൽ ആക്രമണം ഉണ്ടായത്. മണമ്പൂർ വില്ലേജിൽ പെരുംകുളം മിഷൻ കോളനി കല്ലറത്തോട്ടം വീട്ടിൽ ഫ്രാൻസിസിന്റെ മകൻ ജോഷി (37) ആണ് കൊല്ലപ്പെട്ടത്.

ഇയാൾ നിരവധി ക്രിമിനൽ കേസിലെ പ്രതിയാണെന്നാണ് പൊലീസ് പറയുന്നത്. നിരവധി ഗുണ്ടാ സംഘങ്ങളുമായി ബന്ധമുള്ള ജോഷിയെ മറ്റൊരു ഗുണ്ടാസംഘമാകാം ആക്രമിച്ചത് എന്നാണ് പൊലീസ് അനുമാനിക്കുന്നത്. മുൻ വൈരാഗ്യമാണ് കൊലയ്ക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം. ഞായറാഴ്ച രാവിലെ 9.30-ഓടെയാണ് സംഭവം.

പത്തിലധികം പേർ ചേർന്നാണ് കൊലപാതകം നടത്തിയത്. അക്രമികൾ എത്തിയതോടെ അവരുടെ പിടിയിൽ പെടാതെ ഓടി രക്ഷപ്പെടാനാണ് ജോഷി ശ്രമിച്ചത്. ഇതിനിടെ ജോഷിയെ വീടിന് സമീപത്ത് വെച്ച് മാരകമായി വെട്ടിപരിക്കേൽപ്പിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ജോഷിയെ പൊലീസ് എത്തി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

കൊലപാതകം, വധശ്രമം, മോഷണം, കവർച്ച, കഞ്ചാവു കടത്ത് തുടങ്ങി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ 15-ഓളം കേസുകളിലെ പ്രതിയാണ് ജോഷിയെന്ന് പൊലീസ് പറയുന്നു. ജോഷിയുടെ കൂടെയുണ്ടായിരുന്ന സുഹൃത്ത് താഹയാണ് സംഭവത്തിന്റെ ദൃക്‌സാക്ഷി. ഇയാളുടെ മൊഴി പൊലീസ് രേഖപ്പെടുത്തി. മൊഴിയുടെ അടിസ്ഥാനത്തിൽ പ്രതികൾക്ക് വേണ്ടി പൊലീസ് അന്വേഷണം ആരംഭിച്ചു.