ഷാർജ: തിരുവനന്തപുരത്തു നിന്നും എത്തി മരുഭൂമിയിൽ കുടുങ്ങിയ ഒരു കുടുംബത്തെ രക്ഷിക്കാൻ പോയ തൃശൂർ സ്വദേശി മരുഭൂമിയിലെ വാഹനാപകടത്തിൽ നിന്നും കഴിഞ്ഞ ദിവസം അത്ഭുതകരമായി രക്ഷപ്പെട്ടു. തൃശൂർ മതിലകം സ്വദേശി ജുലാഷ് ബഷീറാണ് പല തവണ തലകീഴായി മറിഞ്ഞു തകർന്ന കാറിൽ നിന്നും കഴിഞ്ഞ ദിവസം അത്ഭുതകരമായി രക്ഷപ്പെട്ടത്. ഷോൾഡറിൽ ചെറിയ പരുക്കുകൾ മാത്രമാണ് ജലാഷിനു ഏറ്റത്. ഷാർജ ലെഹബാബ് മരുഭൂമിയിൽ 35 കിലോമീറ്ററോളം ഉള്ളിലാണ് കഴിഞ്ഞ ദിവസം അപകടം നടന്നത്.

രക്ഷാദൗത്യവുമായി പോയ ജുലാഷിനെ ദൈവം കാത്തു എന്നാണ് കാർ പുറത്തെടുക്കാൻ മരുഭൂമിയിൽ എത്തിയവർ പറഞ്ഞത്. ആ രീതിയിൽ കാർ നിശേഷം തകർന്നടിഞ്ഞിരുന്നു. രാവിലെ ഒമ്പത് മണിയോടെ മരുഭൂമിയിൽ നടന്ന അപകടം പുറത്തറിയാൻ തന്നെ വളരെ വൈകി. രക്ഷാപ്രവർത്തകർ എത്തിച്ചേരാനും വൈകി. രാത്രി പത്ത് മണിയോടെയാണ് നിശേഷം തകർന്ന കാർ പുറത്തെടുത്തത്. തകർന്ന കാർ കണ്ടാൽ അതിൽ ഉള്ളവർ രക്ഷപ്പെടാൻ ഒരു സാധ്യതയും ഇല്ലെന്നു കാറിന്റെ അവസ്ഥ തന്നെ സാക്ഷ്യപ്പെടുത്തുന്നുമുണ്ട്.

ജുലാഷ് എന്ന മിടുക്കനെക്കുറിച്ച് മറുനാടൻ മുൻപ് വാർത്ത നൽകിയതാണ് റാസൽഖൈമയിലുള്ള വിനോദ സഞ്ചാര കേന്ദ്രമായ ജബൽ ജൈസ് മലനിരകൾക്ക് മുകളിലേക്ക് സൈക്കിൾ ചവിട്ടിയെത്തിയ ആദ്യമലയാളിയായി ജൂലാഷ് . സമുദ്ര നിരപ്പിൽനിന്ന് 1934 മീറ്റർ ഉയരമുള്ള ജബൽ ജൈസ് മലനിരകൾ വിനോദ സഞ്ചാരികൾക്ക് ഏറ്റവും ആകർഷകമായ മലനിരയാണ്. ഈ മലനിരകൾക്ക് മുകളിലേക്ക് അതിസാഹസികമായി സൈക്കിൾ ചവിട്ടി എത്തിയാണ് ജൂലാഷ് പുതു ഉയരങ്ങൾ കീഴടക്കിയത്. ജുലാഷിന്റെ നേട്ടം ദുബായ് മലയാളികൾ ആഘോഷിച്ചപ്പോൾ ആ ആഘോഷത്തിൽ പങ്കു ചേർന്നാണ് മറുനാടൻ ഈ വാർത്ത നൽകിയത്.

30 കിലോമീറ്റർ താണ്ടിയാണ് മലനിരകൾക്ക് മുകളിൽ ജൂലാഷ് അന്ന് എത്തിയത്. മണിക്കൂർ നീണ്ട യാത്ര തന്നെ ഇതിനായി നടത്തേണ്ടി വന്നു. ജീവൻ പോലും അപകടത്തിലാകുന്ന ഇടങ്ങളിൽ ജാഗ്രതയോടെ സൈക്കിൾ ചവിട്ടിയാണ് ജൂലാഷ് ഉയരങ്ങൾ താണ്ടിയത്. 40 ഡിഗ്രി ചുട്ടു പൊള്ളുന്ന വെയിലത്ത് സൈക്കിൾ ചവിട്ടിയാണ് ജൂലാഷ് നേട്ടം സ്വന്തമാക്കിയത്. അന്ന് ജബൽ ജൈസ് മലനിരകൾ കീഴടക്കി വിജയശ്രീലാളിതനായ ജൂലാഷാണ് വലിയ അപകടത്തിൽ നിന്നും രക്ഷപ്പെട്ടു വീണ്ടും വാർത്തയിൽ നിറയുന്നത്. തൃശ്ശൂർ ,മതിലകം സ്വദേശിയാണ് ജൂലാഷ് ബഷീർ. ബഷീറിന്റെയും സൗദയുടെയും മകനാണ് ജൂലാഷ്. ദുബായിൽ ബിസിനസ് നടത്തുകയാണ്. ബഷീർ. ജൂബി ,ജുമന ,ജസ്നയാണ് സഹോദരങ്ങൾ.