എറണാകുളം: മുസ്ലിംലീഗിനെതിരെ രൂക്ഷവിമർശനവുമായി മുൻ ഹൈക്കോടതി ജഡ്ജി കെമാൽ പാഷ. മുസ്ലിംലീഗ് വർഗീയ പാർട്ടിയാണെന്നും ലീഗിനെ ചുമന്നുനടന്ന് കോൺഗ്രസ് അധഃപതിച്ചുവെന്നും ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം ആഞ്ഞടിച്ചു.

കോൺഗ്രസിന് ലീഗ് ഒരു ബാധ്യതയാണ്. കത്വയിലെ പെൺകുട്ടിയുടെ പേരിൽ പണം പിരിച്ച് ലീഗ് അഴിമതി നടത്തി. കോടികളാണ് പിരിച്ചത്. അതിനെ കുറിച്ച് എവിടേയും ഒരു കണക്കുമില്ല. അവിടെ ആർക്കും കൊടുത്തിട്ടുമില്ല. മുസ്ലിം ലീഗ് മുസ്ലിങ്ങളെ പ്രതിനിധീകരിക്കുന്നില്ലെന്നും കുടുംബ വാഴ്ചയാണെന്നടക്കമുള്ള വിമർശനങ്ങളും ജസ്റ്റിസ്. കെമാൽ പാഷ നടത്തി.

തിരഞ്ഞെടുപ്പിന് മുമ്പ് കടുത്ത പിണറായി വിമർശകനായിരുന്ന കെമാൽ പാഷ അഭിമുഖത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെ പ്രശംസിച്ചതും ശ്രദ്ധേയമാണ്.

മുസ്ലിം ലീഗിന് തൽകാലം കമാൽ പാഷയുടെ മതേതര സർട്ടിഫിക്കറ്റിന്റെ ആവശ്യമില്ലെന്നും. ഒരു നിയമസഭാ സീറ്റാണ് കമാൽ പാഷയുടെ മതേതര സർട്ടിഫിക്കറ്റിന്റെ വിലയെന്നും യൂത്ത്ലീഗ് നേതാക്കൾ ഇതിനോട് പ്രതികരിച്ചു.

നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫ് പിന്തുണയിൽ മത്സരിക്കാൻ ആഗ്രഹിച്ചിരുന്ന ജസ്റ്റിസ് കെമാൽ പാഷ മുസ്ലിം ലീഗിന്റെ സിറ്റിങ് സീറ്റായിരുന്ന കളമശ്ശേരി ആയിരുന്നു നോട്ടമിട്ടിരുന്നത്. അദ്ദേഹം തന്റെ ആഗ്രഹം തുറന്ന് പ്രകടിപ്പിക്കുകയും യുഡിഎഫ് നേതാക്കളെ സമീപിക്കുകയും ചെയ്തിരുന്നതായാണ് റിപ്പോർട്ട്. തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പായി അദ്ദേഹം പാണക്കാടെത്തി മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ ഹൈദരലി ശിഹാബ് തങ്ങളെ കാണുകയും ചെയ്തിരുന്നു. എന്നാൽ കെമാൽ പാഷയ്ക്ക് മത്സരിക്കാൻ ലീഗ് സീറ്റ് നൽകിയില്ല.

തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ മുസ്ലിംലീഗിനെതിരെ കെമാൽ പാഷ രൂക്ഷമായി വിമർശനം ഉന്നയിച്ചതോടെ ലീഗ് പ്രവർത്തകർ പഴയതൊക്കെ സാമൂഹിക മാധ്യമങ്ങളിൽ കുത്തിപ്പൊക്കുകയാണ്. കെമാൽ പാഷ സീറ്റ് ചോദിച്ചെത്തിയ കാര്യം യൂത്ത് ലീഗ് നേതാക്കളും സ്ഥിരീകരിക്കുന്നു. തെരഞ്ഞെടുപ്പിന് മുമ്പ് പുനലൂരിൽ മത്സരിക്കാൻ യുഡിഎഫ് നേതാക്കൾ തന്നെ സമീപിച്ചുവെന്ന് കെമാൽ പാഷ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. കളമശ്ശേരിയെ ലക്ഷ്യമിട്ടുകൊണ്ട് എറണാകുളത്തെ ഏതെങ്കിലും ഒരു സീറ്റിൽ മത്സരിക്കാനാണ് തനിക്ക് താത്പര്യമെന്നും അദ്ദേഹം പറഞ്ഞിരുന്നു.