തിരുവല്ല: ഗർഭിണിയായ ഭാര്യയ്ക്ക് കോവിഡ് ബാധിച്ചുവെന്നും ചികിൽസയ്ക്ക് പണമില്ലെന്നും കാട്ടി സാമൂഹിക മാധ്യമങ്ങളിലൂടെ ഭർത്താവിന്റെ പണപ്പിരിവ്. ഭാര്യ മരിച്ച് രണ്ടു മാസം കഴിഞ്ഞിട്ടും ഇയാൾ പണപ്പിരിവ് തുടരുന്നതിനെതിരേ ഭാര്യാപിതാവ് പൊലീസിൽ പരാതി നൽകി. കോട്ടയം കുറിച്ചി സ്വദേശി ജ്യോതിഷ് സോമനെ(34)തിരേ ഭാര്യയായ കുറ്റൂർ ഓതറ സ്വദേശി ഗീതു കൃഷ്ണ(30)യുടെ പിതാവാണ് തിരുവല്ല ഡിവൈഎസ്‌പിക്ക് പരാതി നൽകിയിരിക്കുന്നത്. കഴിഞ്ഞ 18 ന് നൽകിയ പരാതിയിൽ ഇതു വരെ കേസ് രജിസ്റ്റർ ചെയ്തിട്ടില്ല.

ഭാര്യയുടെ ചികിൽസയ്ക്ക് ആവശ്യമായ പണം കൈവശം ഉണ്ടായിരുന്നിട്ടും ഇയാൾ പിരിവ് തുടരുകയായിരുന്നു. കോട്ടയം കാരിത്താസ് ആശുപത്രിയിലാണ് ഗീതുവിനെ ചികിൽസിച്ചത്. ഇവിടെ 26 ലക്ഷം രൂപയാണ് ബില്ലായത്. പണം മുഴുവൻ അടയ്ക്കാൻ ജ്യോതിഷ് തയാറായിരുന്നില്ല. ഫേസ് ബുക്ക്, ഗൂഗിൾ പേ എന്നിവ ഉപയോഗിച്ച് ഭാര്യയുടെ പേരിൽ പിരിവ് നടത്തി ഇയാൾ ലക്ഷങ്ങൾ കൈക്കലാക്കി.

ആശുപത്രിക്കാരെ പറഞ്ഞു പറ്റിച്ചാണ് ഭാര്യയുടെ മൃതദേഹം ഇയാൾ കൊണ്ടു പോയി സംസ്‌കരിച്ചത്. ഗർഭിണിയായ ഗീതുവിനെ മെയ്‌ മാസമാണ് കോവിഡ് ബാധിച്ച് കാരിത്താസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഒരാഴ്ചയ്ക്കുള്ളിൽ നെഗറ്റീവ് ആയെങ്കിലും ഗർഭസ്ഥ ശിശു മരിച്ചു. ന്യൂമോണിയ ബാധിച്ച് ശ്വാസകോശത്തിന്റെ പ്രവർത്തനം തകരാറിലായതിനെ തുടർന്ന് ഗീതു ജൂൺ 24 ന് മരിച്ചു.

ഇതിനിടെയാണ് ജ്യോതിഷ് സോമൻ ചികിൽസാ സഹായം തേടി സാമൂഹിക മാധ്യമങ്ങളിൽ പോസ്റ്റ് ഇട്ടു. 35 ലക്ഷത്തിലധികം രൂപ അക്കൗണ്ടിൽ ലഭിച്ചു. ആശുപത്രി ബിൽ 26 ലക്ഷം രൂപയായി. ഏഴു ലക്ഷം രൂപ കുടിശിക ഇനത്തിൽ അടയ്ക്കാനുണ്ടായിരുന്നിട്ടും ജ്യോതിഷിന്റെ കരച്ചിൽ കണ്ട് ആശുപത്രി ജീവനക്കാർ മൃതദേഹം വിട്ടു നൽകി.

എന്നാൽ, തങ്ങൾ അറിയാതെയാണ് ജ്യോതിഷ് ചികിസാ സഹായം തേടി പോസ്റ്റ് ഇട്ടതെന്ന് ഗീതുവിന്റെ അച്ഛന്റെ പരാതിയിൽ പറയുന്നു. ഇരുകുടുംബങ്ങളും സാമ്പത്തികമായി നല്ല നിലയിൽ ഉള്ളവരാണ്. നാലു ലക്ഷത്തോളം രൂപ താൻ തന്നെ കൊടുത്തു. ഇനിയും എത്ര വേണമെങ്കിലും തരാമെന്ന് താൻ പറയുകയും ചെയ്തിരുന്നു. ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയുമെല്ലാം കൈയിൽ നിന്ന് ചികിൽസയ്ക്ക് യുവാവ് പണം വാങ്ങിയെന്ന് പരാതിയിലുണ്ട്.

ഗീതുവിന്റെ വീട്ടിൽ വച്ചാണ് മരണാനന്തര ചടങ്ങുകൾ നടത്തിയത്. അതിന് ശേഷം മരുമകൻ തന്റെ വീട്ടിലേക്ക് വന്നിട്ടില്ലെന്ന് പിതാവ് പറയുന്നു. മകളുടെ കൈവശമുണ്ടായിരുന്ന 50 പവനോളം സ്വർണാഭരണം മടക്കി നൽകിയിട്ടില്ല. ഇപ്പോഴും ഫേസ്‌ബുക്ക് പോസ്റ്റ് കണ്ട് പലരും ഇയാളുടെ അക്കൗണ്ടിലേക്ക് പണം അയയ്ക്കുന്നു.

ഓഗസ്റ്റ് 18 ന് ഇതു സംബന്ധിച്ച് പരാതി നൽകിയെങ്കിലും കേസ് എടുത്തിട്ടില്ല. ഈ വിവരം അറിഞ്ഞ ജ്യോതിഷ് ആശുപത്രിയിൽ എത്തി കുടിശിക അടച്ചു തീർത്തു. ഗീതുവിന്റെ സ്വർണാഭരണങ്ങൾ പണയം വച്ചാണ് ഇതിനുള്ള പണം കണ്ടെത്തിയതെന്നും പറയുന്നു.