കോഴിക്കോട്: ഇടതു കൊടുങ്ങാറ്റിലും കെ കെ രമ നേടിയ വിജയം സിപിഎമ്മിനെ വല്ലാതെ അലോസരപ്പെടുത്തുമെന്നത് ഉറപ്പാണ്. കൊലപാതക രാഷ്ട്രീയം നിയമസഭയിൽ സജീവ ചർച്ചയാക്കാൻ കെ കെ രമയുടെ സാന്നിധ്യം കൊണ്ട് സാധിക്കുമെന്ന് ഉറപ്പാണ്. ഇക്കാര്യമാണ് കെ കെ രമ വ്യക്തമാക്കുന്ന കാര്യം. കൊലപാതക രാഷ്ട്രീയത്തിനെതിരെ നിയമസഭയിൽ ശബ്ദമുയർത്തുമെന്ന് നിയുക്ത വടകരയി എംഎ‍ൽഎ കെ.കെ. രമ. വടകരയിലെ ആർ.എംപിയുടെ എംഎ‍ൽഎ സ്ഥാനം പിണറായി വിജയനെ അലോസരപ്പെടുത്തുമെന്നു അവർ പറഞ്ഞു.

ജീവിച്ചിരിക്കുന്ന ടി.പിയെ സഭയിൽ പിണറായിക്ക് കാണാമെന്നും രമ വ്യക്തമാക്കി. വടകര വിധിയെഴുത്ത് അക്രമ രാഷ്ട്രീയത്തിനെതിരെയുള്ളതാണ്. മനുഷ്യന് ജീവിക്കാനുള്ള അവകാശമാണ് വേണ്ടത്. ടി.പിക്ക് സമർപ്പിക്കാനുള്ള വിജയമാണിത്. ഒരാശയത്തെയാണ് സിപിഎം ഇല്ലാതാക്കാൻ നോക്കിയത്. എതിരഭിപ്രായം പറയുന്നവരെ കൊന്നുതള്ളുന്നവർക്കെതിരെ പോരാടും. ആർ.എംപിയുടെ രാഷ്ട്രീയത്തിന് പ്രസക്തി വർധിക്കുകയാണെന്നും കെ.കെ. രമ പറഞ്ഞു.

വടകരയിൽനിന്ന് എൽഡിഎഫ് സ്ഥാനാർത്ഥി മനയത്ത് ചന്ദ്രനെ പരാജയപ്പെടുത്തിയാണ് രമ ആർഎംപി എംഎൽഎ ആയി നിയമസഭയിലേക്ക് എത്തുന്നത്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർത്ഥി സി.കെ.നാണു 9511 വോട്ട് ഭൂരിപക്ഷം നേടിയിരുന്നെങ്കിൽ രമയുടെ ഭൂരിപക്ഷം 7014 വോട്ടാണ്. 2008 ൽ ഒഞ്ചിയത്തെ സിപിഎം വിമതർ ചേർന്നു രൂപീകരിച്ച ആർഎംപിക്കു ചരിത്രത്തിൽ ആദ്യമായി എംഎൽഎ പിറക്കുന്നത്. മെയ്‌ 4 നു ടി.പി.ചന്ദ്രശേഖരൻ കൊല്ലപ്പെട്ടിട്ട് 9 വർഷം പൂർത്തിയാകുമ്പോഴാണ് കെ.കെ.രമയുടെ നിയമസഭാ പ്രവേശം.

കൊല്ലപ്പെട്ട് 9 വർഷം കഴിഞ്ഞിട്ടും ടി.പി. ചന്ദ്രശേഖരൻ സജീവമായി ചർച്ച ചെയ്യപ്പെട്ട തിരഞ്ഞെടുപ്പിൽ വടകര രമയ്‌ക്കൊപ്പം ചേർന്നു നിന്നു. സ്ഥാനാർത്ഥി പ്രഖ്യാപനം മുതൽ കെ.കെ. രമയ്‌ക്കൊപ്പം നിന്ന വടകര അവസാന നിമിഷം വരെ കൂടെ നിന്നുവെന്നു വിജയം തെളിയിക്കുന്നു. തപാൽവോട്ട് എണ്ണിത്തുടങ്ങുമ്പോൾ മുതൽ കെ.കെ.രമ മുന്നിലായിരുന്നു. കോഴിക്കോട്ടെ മറ്റു യുഡിഎഫ് സ്ഥാനാർത്ഥികളൊക്കെ കിതച്ചു മുന്നേറിയപ്പോൾ രമയുടെ ഭൂരിപക്ഷം എല്ലാ ഘട്ടത്തിലും ഉയർന്നു നിന്നു. ഇടയ്ക്ക് 2000 ൽ നിന്നു ഭൂരിപക്ഷം 450 ലേക്കു കുറഞ്ഞെങ്കിലും അടുത്ത റൗണ്ടുകളിൽ രമ ഭൂരിപക്ഷം തിരിച്ചു പിടിച്ചു. കോഴിക്കോട്ടെ സ്ഥാനാർത്ഥികളിൽ അതിവേഗം ഫിനിഷിങ് പോയിന്റിൽ എത്തിയവരിൽ ഒരാളും രമയായിരുന്നു.

സിപിഎമ്മിനെതിരെ കെ.കെ.രമ എന്ന കോൺഗ്രസിന്റെ രാഷ്ട്രീയ തന്ത്രമാണ് വടകരയിൽ വിജയം കണ്ടത്. വടകര സീറ്റ് ആർഎംപിക്കു നൽകാൻ യുഡിഎഫ് തീരുമാനിച്ചപ്പോൾത്തന്നെ രമയായിരിക്കണം സ്ഥാനാർത്ഥി എന്ന് ആവശ്യപ്പെട്ടിരുന്നു. ആദ്യ ഘട്ടത്തിൽ വിസമ്മതിച്ചെങ്കിലും രമ മത്സരിക്കുന്നില്ലെങ്കിൽ സീറ്റ് തിരിച്ചെടുക്കുമെന്നു കോൺഗ്രസ് കർശന നിലപാട് എടുത്തതോടെയാണ് രമ മത്സര രംഗത്തേക്ക് എത്തുന്നത്. ആർഎംപിയുടെയും യുഡിഎഫിന്റെയും വോട്ടുകൾക്കു പുറമേ നിഷ്പക്ഷ വോട്ടുകളും കൂടി ലഭിച്ചതാണു രമയുടെ വിജയത്തെ സഹായിച്ചത്.

സിപിഎമ്മിന്റെ അക്രമകൊലപാതക രാഷ്ട്രീയത്തിന്റെ ഇര എന്ന രീതിയിൽ തുടക്കം മുതലേ രമയ്ക്ക് അനുകൂല വികാരം മണ്ഡലത്തിലുണ്ടായിരുന്നു. പ്രചാരണ രംഗത്തു സ്ത്രീകളുടെ ഉയർന്ന സാന്നിധ്യം വടകരയിലെ ട്രെൻഡ് വ്യക്തമാക്കിയിരുന്നു. സാധാരണ പൊതു പരിപാടികളിൽ ഇല്ലാത്ത വിധത്തിലായിരുന്നു സ്ത്രീ പങ്കാളിത്തം. രാഹുൽഗാന്ധി പ്രചാരണത്തിനിറങ്ങിയതും രമയ്ക്കു ഗുണം ചെയ്തു.

സിപിഎമ്മിന്റെ അഭിമാന പ്രശ്‌നമായിരുന്ന വടകരയിൽ കോഴിക്കോട്ട് മറ്റൊരു മണ്ഡലത്തിലുമില്ലാത്ത വിധം മുഖ്യമന്ത്രി പിണറായി വിജയൻ രണ്ടു തവണ പ്രചാരണത്തിനെത്തിയിരുന്നെങ്കിലും ഫലം കണ്ടില്ല. ലോക് താന്ത്രിക് ജനതാദൾ യുഡിഎഫ് വിട്ട് എൽഡിഎഫിലെത്തിയപ്പോൾ കഴിഞ്ഞ തവണ യുഡിഎഫ് സ്ഥാനാർത്ഥിയായിരുന്ന മനയത്ത് ചന്ദ്രനായിരുന്നു ഇക്കുറി എൽഡിഎഫ് സ്ഥാനാർത്ഥി. കഴിഞ്ഞ തവണ തോൽപ്പിച്ച സ്ഥാനാർത്ഥിക്കു വേണ്ടി വോട്ടു പിടിക്കാനിറങ്ങേണ്ടി വരുന്നതിന്റെ പ്രയാസം ഇടതുമുന്നണിയിൽ പലർക്കുമുണ്ടായിരുന്നു.

തദ്ദേശതിരഞ്ഞെടുപ്പിൽ വടകരയിലെ 3 തദ്ദേശസ്ഥാപനങ്ങളിൽ ആർഎംപിയുഡിഎഫ് സഖ്യം ഭരണം നേടിയതിന്റെ അടിസ്ഥാനത്തിലാണ് നിയമസഭാ തിരഞ്ഞെടുപ്പിലും പരീക്ഷണം തുടരാൻ യുഡിഎഫ് തീരുമാനിച്ചത്. 2016ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ വടകരയിൽ 3 മുന്നണികൾക്കുമെതിരെ മത്സരിച്ച രമ 20,504 വോട്ടു നേടിയിരുന്നു. അന്ന് എൽഡിഎഫ് സ്ഥാനാർത്ഥി സി.കെ.നാണുവിന്റെ വിജയം 9511 വോട്ടിനായിരുന്നു. ഇതും സഖ്യം തുടരാൻ യുഡിഎഫിനെ പ്രേരിപ്പിച്ചു. ഈ കണക്കുകൂട്ടലുകൾ വിജയത്തിലെത്തിക്കാൻ കഴിഞ്ഞു എന്നതാണു നേട്ടം.