തിരുവനന്തപുരം: കടയ്ക്കാവൂർ പോക്‌സോ കേസും പരാതി കെട്ടിച്ചമച്ചതാണെന്ന ആരോപണവും ഏറെ അസ്വസ്ഥതയുണ്ടാക്കുന്നതായി ആരോഗ്യമന്ത്രി കെ.കെ. ശൈലജ. സംഭവത്തിൽ ശിശുക്ഷേമ സമിതി അന്വേഷണം നടത്തുന്നുണ്ട്. റിപ്പോർട്ട് ലഭിച്ചിട്ടില്ല. നിജസ്ഥിതി അറിഞ്ഞ ശേഷം പ്രതികരിക്കാമെന്നും മന്ത്രി പറഞ്ഞു.

ഒമ്പതാം ക്ലാസുകാരനായ മകനെ പീഡിപ്പിച്ചെന്ന പരാതിയിൽ വക്കം സ്വദേശിനിയായ യുവതിയെ ദിവസങ്ങൾക്ക് മുൻപാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പിതാവാണ് പരാതി നൽകിയത്. എന്നാൽ പിതാവിനെതിരെ ഗുരുതര ആരോപണവുമായി ഇളയ മകനും മാതാവിന്റെ കുടുംബവും രംഗത്തെത്തിയതോടെ സംഭവത്തിലെ ദുരൂഹത ഏറി.

അമ്മയെ കേസിൽ കുടുക്കുമെന്ന് പിതാവ് ഭീഷണിപ്പെടുത്തിയതായായിരുന്നു ഇളയ മകന്റെ വെളിപ്പെടുത്തൽ. ചേട്ടനെ മർദിച്ച് പരാതി പറയിപ്പിച്ചതാണെന്നും ഇളയ മകൻ പറഞ്ഞു. മകൾ നിരപരാധിയാണെന്ന് യുവതിയുടെ അമ്മയും വ്യക്തമാക്കി. വിവാഹ ബന്ധം വേർപെടുത്താതെ യുവതിയുടെ ഭർത്താവ് രണ്ടാം വിവാഹം കഴിക്കാൻ ശ്രമിച്ചതാണ് പ്രശ്‌നങ്ങൾക്ക് കാരണമായതെന്നായിരുന്നു യുവതിയുടെ ബന്ധുക്കളുടെ ആരോപണം.

സംഭവം വിവാദമായതോടെ ഉന്നതതല അന്വേഷണത്തിന് ഡി.ജി.പി ഉത്തരവിട്ടു. ദക്ഷിണ മേഖലാ ഐ.ജി ഹർഷിത അട്ടല്ലൂരിക്കാണ് അന്വേഷണ ചുമതല. കള്ളക്കേസാണെന്ന ആരോപണമാണ് ഐജി ഹർഷിത അട്ടല്ലൂരി അന്വേഷിക്കുക. നിരവധി കുടുംബപ്രശ്നങ്ങൾ നിലനിൽക്കവേ ഇത്തരമൊരു കേസ് കടയ്ക്കാവൂർ പൊലീസ് രജിസ്റ്റർ ചെയ്ത സംഭവത്തിൽ ആക്ഷൻ കൗൺസിലും നാട്ടുകാരും പൊലീസിന് എതിരായ നിലപാടിലാണ്. ബന്ധുക്കളും പൊലീസ് ഏകപക്ഷീയമായി കേസിനെ സമീപിച്ചെന്ന ആരോപണം ഉയർത്തിയ പശ്ചാത്തലത്തിലാണ് ഐജിയുടെ അന്വേഷണം വരുന്നത്. പൊലീസ് വീഴ്‌ച്ചയെ കുറിച്ചും കേസിന്റെ സാഹചര്യവും പരിശോധിക്കും.

അതേസമയം എഫ്ഐആറിൽ പരാതിക്കാരന്റെ സ്ഥാനത്ത് പേരു ചേർത്ത സംഭവത്തിൽ പരാതി നൽകാനൊരുങ്ങുകയാണ് ബാലക്ഷേമ സമിതിയും. ആഭ്യന്തര സെക്രട്ടറിക്കും ഡിജിപിക്കും പരാതി നൽകാനാണ് നീക്കം. കൗൺസിലിങ് നൽകാൻ ആവശ്യപ്പെട്ട് പൊലീസ് നൽകിയ കത്തും പരാതിക്കൊപ്പം നൽകും. പൊലീസിനോടും വിശദീകരണം ആവശ്യപ്പെടും. എഫ്ഐആറിൽ പരാതിക്കാരന്റെ സ്ഥാനത്ത് ശിശുക്ഷേമ സമിതി ചെയർ പേഴ്‌സന്റെ പേരു ചേർത്തത് നേരത്തെ വിവാദമായിരുന്നു.

ഇതിനെതിരെ ജില്ലാ ചൈൽഡ് വെൽഫെയർ കമ്മിറ്റി അധ്യക്ഷ അഡ്വ. എൻ സുനന്ദ രംഗത്തെത്തിയിരുന്നു. കുട്ടി ലൈംഗികപീഡനത്തിന് ഇരയായെന്ന വിവരം പൊലീസിനെ അറിയിച്ചത് ശിശുക്ഷേമസമിതിയല്ലെന്ന് ജില്ലാ ചൈൽഡ് വെൽഫെയർ കമ്മിറ്റി അധ്യക്ഷ അഡ്വ. എൻ സുനന്ദ വ്യക്തമാക്കിയത്. പൊലീസ് ശിശുക്ഷേമസമിതിയോട് കുട്ടിക്ക് കൗൺസിലിങ് കൊടുത്ത് റിപ്പോർട്ട് നൽകാൻ മാത്രമാണ് പറഞ്ഞത്. അത് ചെയ്തിട്ടുണ്ടെന്നും പൊലീസ് എഫ്ഐആറിൽ വിവരമറിയിച്ചത് സിഡബ്ല്യുസി ആണെന്ന് എഴുതിയത് തെറ്റാണെന്നും ശിശുക്ഷേമസമിതി അധ്യക്ഷ വ്യക്തമാക്കിയിരുന്നു. ഇതും കേസിലെ കള്ളക്കളിയെന്ന ആരോപണത്തിന് കരുത്തു പകരുന്നതാണ്.