തൊടുപുഴ: കെ റെയിൽ പദ്ധതിക്കെതിരെ തുടർ സമരവുമായി മുന്നോട്ടു പോകാൻ യുഡിഎഫ് നീക്കം. തുടർ സമര പരിപാടി തീരുമാനിക്കാൻ വേണ്ടി യുഡിഎഫ് ഇന്ന് യോഗം ചേരുന്നുണ്ട്. ശക്തമായ പ്രക്ഷോഭം നടത്താനാണ് യുഡിഎഫിന്റെ നീക്കം. പ്രതിപക്ഷ നേതാവിന്റെ ഔദ്യോഗിക വസതിയിൽ ആണ് യോഗം. സിൽവർ ലൈനിൽ കടുത്ത സമരത്തിലേക്ക് പോകാനാണ് ഇന്നലെ ചേർന്ന കെപിസിസി രാഷ്ട്രീയകാര്യ സമിതിയിലുണ്ടായ തീരുമാനം. സിൽവർ ലൈനായുള്ള സർവ്വേക്കല്ലുകൾ പിഴുതെറിയുമെന്നാണ് ഇന്നലെ കെപിസിസി പ്രസിഡന്റ് കെ സുധാകരൻ പ്രഖ്യാപിച്ചത്.

വലിയ സമരത്തിലേക്കിറങ്ങാനാകും യുഡിഎഫിന്റെയും നിലപാട്. സിൽവർ ലൈനിൽ ഭൂമി നഷ്ടപ്പെടുന്നവരെ ചേർത്ത് താഴേത്തട്ടിൽ പ്രത്യേക യോഗങ്ങൾ വിളിച്ചു ചേർക്കാനും തീരുമാനമുണ്ട്. പദ്ധതിയുടെ ഇരകളാകുന്നവരെ പങ്കെടുപ്പിച്ചാകും യോഗം. ഇതിന്റെ തുടർചർച്ചകൾ ഇന്നുണ്ടാകും. മുഖ്യമന്ത്രി വിളിച്ച രാഷ്ട്രീയ പാർട്ടികളുടെയും ജനപ്രതിനിധികളുടെയും യോഗത്തിൽ യുഡിഎഫ് പ്രതിനിധികൾ പങ്കെടുക്കണോ എന്ന കാര്യത്തിലും ഇന്ന് തീരുമാനമുണ്ടാകും.

സിൽവർ ലൈനിൽ സർക്കാർ വാശി കാണിച്ചാൽ യുദ്ധ സന്നാഹത്തോടെ എതിർക്കുമെന്ന പ്രഖ്യാപനമാണ് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ കെ സുധാകരൻ പറഞ്ഞുവച്ചത്. തുടക്കം മുതൽ ഒടുക്കം വരെ കല്ലുകൾ പിഴുതെറിയുമെന്ന് കെപിസിസി അധ്യക്ഷൻ വെല്ലുവിളി നടത്തി. പദ്ധതിയിലെ അഞ്ച് ശതമാനം കമ്മീഷനിൽ മാത്രമാണ് സർക്കാരിന്റെ കണ്ണെന്നാണ് സുധാകരന്റെ ആക്ഷേപം. ക്രമസമാധാന തകർച്ച മുഖ്യമന്ത്രി ക്ഷണിച്ച് വരുത്തരുതെന്നും കെ സുധാകരൻ മുന്നറിയിപ്പ് നൽകി.

ഒരു കാരണവശാലും കെ റെയിൽ നടപ്പാക്കാൻ സമ്മതിക്കില്ലെന്ന് ഉറപ്പിച്ച് പറയുന്നു കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. പദ്ധതി നടത്തണമെന്ന് മുഖ്യമന്ത്രി വാശിപിടിക്കുന്നത് ലാവലിനെക്കാളും കമ്മീഷൻ കിട്ടും എന്നതുകൊണ്ടാണെന്നാണ് ആരോപണം. സമരമുഖത്തേക്ക് ജനങ്ങളെ കൊണ്ടുവരും. പാക്കേജ് മുഖ്യമന്ത്രിയുടെ ഔദാര്യമല്ല അത് അവകാശമാണ്. സുധാകരൻ നിലപാട് വ്യക്തമാക്കി.

കെ റെയിൽ വേണ്ട എന്ന് തന്നെയാണ് കെപിസിസി നിലപാട്. തന്റേടമുണ്ടെങ്കിൽ മുഖ്യമന്ത്രി ഞങ്ങളെ പദ്ധതി ബോധ്യപ്പെടുത്ത്, എന്നിട്ട് സംസാരിക്കാമെന്നാണ് സുധാകരന്റെ വെല്ലുവിളി. ജനങ്ങളുടെ മനസമാധാനം തകർത്ത സംഭവമായി സിൽവർ ലൈൻ മാറി, ട്രാക്ക് പോകുന്ന പരിസരത്തുള്ളവരും പ്രതിസന്ധിയിലാകും. കല്ലിടുന്നത് കോടതിയലക്ഷ്യമാണെന്ന് പറഞ്ഞ കെപിസിസി അധ്യക്ഷൻ കോടതിയെ പോലും ബഹുമാനിക്കാത്ത മുഖ്യമന്ത്രിയാണ് പിണറായി വിജയനെന്ന് കുറ്റപ്പെടുത്തി.

വെറും സ്വപ്നം മാത്രമാണിത്, യുദ്ധ സന്നാഹത്തോടെ ഞങ്ങളും നീങ്ങും. കുറ്റികൾ പിഴുതെറിയും. ക്രമസമാധാന തകർച്ച മുഖ്യമന്ത്രിക്ക് വിളിച്ച് വരുത്താം. കടുത്ത നിലപാടാണ് വിഷയത്തിൽ കെപിസിസിയുടേത്. തുടക്കം മുതൽ ഒടുക്കം വരെ കുറ്റികൾ പിഴുതെറിയുമെന്നാണ് ആഹ്വാനം. കാലഹരണപ്പെട്ട ടെക്‌നോളജിയാണ് സിൽവർ ലൈൻ, ഇ ശ്രീധരനും പരിഷത്തും പദ്ധതിയെ എതിർക്കുന്നു. അഞ്ച് ശതമാനം കമ്മീഷനിലാണ് മുഖ്യമന്ത്രിയുടെ കണ്ണെന്ന് പ്രതിപക്ഷം ആരോപിക്കുന്നു. പഠനം നടത്തുന്ന ഏജൻസി സർക്കാർ നേരിട്ട് തെരഞ്ഞെടുത്ത ഏജൻസിയാണ് അതുകൊണ്ട് തന്നെ അവരുടെ പഠന റിപ്പോർട്ട് എങ്ങനെയായിരിക്കും എന്ന് ഉറപ്പിക്കാവുന്നതല്ലേയെന്നാണ് സുധാകരന്റെ ചോദ്യം. കോൺഗ്രസിനെ വികസനം പഠിപ്പിക്കാൻ പിണറായി വരണ്ടെന്നും സുധാകരൻ പറഞ്ഞ് വച്ചു.

അതേസമയം കെ റെയിൽ പദ്ധതിയുടെ അതിരടയാള കല്ലുകൾ പിഴുതു മാറ്റിയാൽ കേരളത്തിൽ പദ്ധതി ഇല്ലാതാവില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. യുദ്ധം ചെയ്യാനുള്ള കെൽപ്പ് ഒന്നും കോൺഗ്രസിനില്ല . യുദ്ധസന്നാഹമൊരുക്കുമെന്നത് വീരസ്യം പറച്ചിലാണെന്നും കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെ പ്രസ്താവനയ്ക്ക് മറുപടിയായി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. കല്ലുകൾ പിഴുതു മാറ്റിയാൽ സർക്കാർ നിയമ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

വികസനത്തെ തടസ്സപ്പെടുത്തുന്നവരെ ജനം ഒറ്റപ്പെടുത്തും. ഇത്തരം നടപടികളിൽ നിന്ന് യുഡിഎഫ് പിന്തിരിയണം. സംസ്ഥാനത്ത് കലാപമുണ്ടാക്കാനാണ് ആർഎസ്എസിനെയും എസ്ഡിപിഐയുടെയും ശ്രമം. ഈ ശ്രമത്തിനെതിരെ മതനിരപേക്ഷ ശക്തികൾ ഒന്നിക്കണം. സംഘർഷം ഉണ്ടാക്കാനുള്ള ശ്രമത്തെ സർവ്വ ശക്തിയുമുപയോഗിച്ച് സർക്കാർ എതിർക്കും. സിപിഐയുടെ കോൺഗ്രസ് പുകഴ്‌ത്തലിനെ സംബന്ധിച്ചും കോടിയേരി പ്രതികരിച്ചു. കാനം രാജേന്ദ്രൻ പറഞ്ഞത് അദ്ദേഹത്തിന്റെ അഭിപ്രായമാണ്. സിപിഎമ്മും സിപിഐയും തമ്മിൽ പ്രശ്‌നങ്ങളൊന്നുമില്ല. അതിൽ പാർട്ടി ഇടപെടേണ്ട കാര്യമില്ല. സർക്കാർ മാതൃകാപരമായ നടപടികൾ സ്വീകരിക്കുന്നുണ്ട്.

പൊലീസിന്റെ ഭാഗത്തുനിന്നുള്ള വീഴ്ചകൾ ഒറ്റപെട്ട സംഭവങ്ങളാണ്. രാജ്യത്തെ ഏറ്റവും മികച്ച പൊലീസ് ആണ് കേരളത്തിലേത്. ഒറ്റപ്പെട്ട സംഭവങ്ങളെ വലുതാക്കി കാണിക്കേണ്ട കാര്യമില്ല. പൊലീസിനെതിരായ ഹൈക്കോടതി പരാമർശങ്ങൾ പുതിയ കാര്യമല്ല. ഇടുക്കി സമ്മേളനം സംബന്ധിച്ച് പുറത്തുവരുന്ന വിവരം പലതും മാധ്യമസൃഷ്ടിയാണ്. ആഭ്യന്തരവകുപ്പിന് പ്രത്യേക മന്ത്രി വേണമെന്ന ആവശ്യം ഉയർന്നിട്ടില്ല. സമ്മേളനത്തിൽ ഒരു പ്രതിനിധിയും ഇക്കാര്യം ആവശ്യപ്പെട്ടിട്ടില്ല. ഇടുക്കി സമ്മേളന വാർത്തകൾ മാധ്യമങ്ങൾ വക്രീകരിച്ചു നൽകിയെന്നും കോടിയേരി ബാലകൃഷ്ണൻ വിമർശിച്ചു.