തിരുവനന്തപുരം: കെപിസിസി പ്രസിഡന്റായി തന്നെ നിയമിച്ചത് വലിയ ഉത്തരവാദിത്വമാണെന്ന് കെ.സുധാകരൻ എംപി. വളരെ സന്തോഷത്തോടെയാണ് സ്ഥാനം ഏറ്റെടുക്കുന്നത്. കേരളത്തിൽപാർട്ടിയെ തിരികെ കൊണ്ടുവരാനുള്ള രാഹുൽഗാന്ധിയുടെയും ഹൈക്കമാന്റിന്റെയും ആവശ്യം ആ ദൗത്യമാണ് താൻ ഏറ്റെടുക്കുന്നതെന്നും സുധാകരൻ അറിയിച്ചു.

ആവേശമുള്ള ടീമായി കേരളത്തിലെ കോൺഗ്രസിനെ താൻ തിരികെ കൊണ്ടുവരും. ഗ്രൂപ്പല്ല പാർട്ടിയാണ് പ്രധാനം, എല്ലാ നേതാക്കളെയും ഒന്നിച്ച് കൊണ്ടുപോകുമെന്നും സുധാകരൻ പറഞ്ഞു. പാർട്ടി സംസ്ഥാന അദ്ധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ട ശേഷം പേട്ടയിലെ വീട്ടിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഗ്രൂപ്പിന് മുകളിലാണ് പാർട്ടിയെന്ന് താൻ വിശ്വസിക്കുന്നു. കേരളത്തിൽ പാർട്ടിയെ പുനരുജ്ജീവിപ്പിക്കും. എന്തെങ്കിലും അഭിപ്രായ വ്യത്യാസങ്ങളുണ്ടെങ്കിൽ അതെല്ലാം മാറ്റി പഴയ ശക്തമായ കോൺഗ്രസായി മുന്നോട്ട് കൊണ്ടുപോകുമെന്നും കെ.സുധാകരൻ അഭിപ്രായപ്പെട്ടു. അേർഹതപ്പെട്ട, കഴിവുള്ളവരെ നേതൃനിരയിലേക്ക് കൊണ്ടുവരുമെന്ന് സുധാകരൻ പറഞ്ഞു.

കേരളത്തിലെ കോൺഗ്രസ് പാർട്ടിയെ പഴയ പ്രതാപത്തിലേക്ക് തിരികെക്കൊണ്ടുവരികയെന്ന ദൗത്യമാണ് എനിക്കുള്ളത്. അത് സത്യസന്ധമായി നിർവഹിക്കും. അർഹതയും കഴിവുമുള്ളവരെ നേതൃനിരയിലെത്തിക്കും. കോൺഗ്രസിൽ എന്തെങ്കിലും അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടെങ്കിൽ അത് മാറ്റി എല്ലാ നേതാക്കളേയും സഹകരിപ്പിച്ച് മുന്നോട്ടുപോവാൻ സാധിക്കുമെന്ന് ഉറപ്പുണ്ട്. എല്ലാ നേതാക്കളേയും നേരിട്ട് കാണും, സഹകരണം അഭ്യർത്ഥിക്കും. എല്ലാ നേതാക്കളേയും എങ്ങനെ സഹകരിപ്പിക്കണണെന്ന് തനിക്കറിയാം. പത്തമ്പത് വർഷത്തെ രാഷ്ട്രീയ പ്രവർത്തന പരിചയം തനിക്കുണ്ട്.- സുധാകരൻ വ്യക്തമാക്കി.

കെപിസിസി അധ്യക്ഷനായി സുധാകരനെ നിയോഗിച്ച തീരുമാനം രാഹുൽഗാന്ധി കെ സുധാകരനെ ഫോണിൽ വിളിച്ച് അറിയിക്കുകയാണ് ഉണ്ടായത്. 14 ഡിസിസികളുടേയും തലപ്പത്തും ഉടൻ അഴിച്ചുപണിയുണ്ടാകുമെന്ന് വ്യക്തമാക്കിയാണ് ഹൈക്കമാൻഡ് സുധാകരനെ കെ പി സി സി അദ്ധ്യക്ഷനാക്കുന്നത്.

കെ കരുണാകരൻ നയിക്കുന്ന ഐ ഗ്രൂപ്പിനേയും എ കെ ആന്റണിയുടെ എ ഗ്രൂപ്പിനേയും വെല്ലുവിളിച്ച് കണ്ണൂർ ഡിസിസി അദ്ധ്യക്ഷനായതോടെയാണ് കെ സുധാകരൻ കേരള രാഷ്ട്രീയത്തിൽ സ്വന്തം ഇടം നേടിയെടുക്കുന്നത്. അക്രമരാഷ്ട്രീയം ആളിക്കത്തിയ തൊണ്ണൂറുകളിൽ ആർ എസ് എസും സി പി എമ്മും പരസ്പരം പോരടിച്ചു നിന്നപ്പോൾ അതിനിടയിൽ പാർട്ടിക്ക് പ്രതിരോധമൊരുക്കിയത് സുധാകരനാണ്. ഗാന്ധിയൻ ശൈലി തള്ളി കോൺഗ്രസുകാരെ ആയുധമെടുപ്പിക്കുന്നുവെന്ന ആരോപണം സുധാകരൻ നേരിട്ടെങ്കിലും അണികളുടെ പിന്തുണ എന്നും സുധാകരനുണ്ടായിരുന്നു. പ്രവർത്തനത്തിലും സംസാരത്തിലും കടുപ്പക്കാരനെങ്കിലും അണികൾക്ക് പ്രിയപ്പെട്ട നേതാവാണ് കെ സുധാകരൻ. കണ്ണൂരിലും കാസർകോടിലും സുധാകരന് ശക്തമായ സ്വാധീനമുണ്ട്.