കോഴിക്കോട്: എആർ നഗർ സഹകരണ ബാങ്ക് ഇടപാടുകൾ ഇഡി അന്വേഷിക്കേണ്ടതില്ലെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പരാമർശത്തിൽ പ്രതികരണവുമായി ബിജെപി. കെ ടി ജലീലിനെ തള്ളി മുഖ്യമന്ത്രിയും പാർട്ടിയും രംഗത്തുവന്ന സാഹചര്യത്തിലാണ് ബിജെപിയും വിഷയത്തിൽ ഇടപെട്ടു കൊണ്ട് രംഗത്തുവന്നത്. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ സിപിഎമ്മിനെതിരെ രംഗത്തെത്തി.

മുസ്ലിം ലീഗും സിപിഐഎമ്മും തമ്മിൽ വർഷങ്ങളായി നിലനിൽക്കുന്ന ബന്ധമാണ് ഇതിലൂടെ വ്യക്തമാവുന്നതെന്ന് സുരേന്ദ്രൻ ആരോപിച്ചു. ഈ ബന്ധമാണ് മുൻ മന്ത്രി കെടി ജലീലിനെ തള്ളിപ്പറയാൻ മുഖ്യമന്ത്രിയെ പ്രേരിപ്പിച്ചതെന്നും സുരേന്ദ്രൻ തന്റെ ഫേസ്‌ബുക്കിലൂടെ അഭിപ്രായപ്പെട്ടു. എആർ നഗർ ബാങ്കിലെ കള്ളപ്പണം ദേശവിരുദ്ധ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്നുണ്ടെന്ന കെടി ജലീലിന്റെ പ്രസ്താവനയെ പിന്തുണച്ച കെ സുരേന്ദ്രൻ കോൺഗ്രസുകാർ കഥയറിയാതെ ആട്ടം കാണുകയാമെന്നും ആത്മാഭിമാനുള്ള കോൺഗ്രസുകാർ യുഡിഎഫ് വിടണമെന്നും ആവശ്യപ്പെട്ടു.

കെ സുരേന്ദ്രന്റെ പ്രതികരണം:

ലീഗ് -സിപിഎം അവിശുദ്ധ ബന്ധം തെളിഞ്ഞു.

എആർ നഗർ ബാങ്കിലെ കുഞ്ഞാലിക്കുട്ടിയുടെ കള്ളപ്പണം ഇഡി അന്വേഷിക്കേണ്ടതില്ലെന്ന മുഖ്യമന്ത്രിയുടെ പരസ്യ നിലപാട് വർഷങ്ങളായുള്ള ലീഗ് - സിപിഎം അവിശുദ്ധ ബന്ധം കൂടുതൽ വ്യക്തമാക്കുന്നു. മുസ്ലിംലീഗിലെ കുഞ്ഞാലിക്കുട്ടി വിഭാഗവുമായുള്ള സിപിഎമ്മിന്റേയും മുഖ്യമന്ത്രിയുടേയും ബന്ധമാണ് ജലീലിനെ തള്ളിപ്പറയാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചത്. കേരളത്തിലെ സഹകരണ ബാങ്കുകളിലെ കള്ളപ്പണ ഇടപാടിലൂടെയാണ് ജിഹാദി-സിപിഎം ബന്ധം ദൃഢമാകുന്നത്. എആർ നഗർ ബാങ്കിലെ കള്ളപ്പണം ദേശവിരുദ്ധ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്നുണ്ടെന്ന കെ.ടി ജലീലിന്റെ പ്രസ്താവന ഗൗരവതരമാണ്. മാറാട് കലാപം മുതൽ പാലാരിവട്ടം പാലം വരെയുള്ള സംഭവങ്ങളിൽ ഈ ലീഗ്- മാർകിസ്റ്റ് ബന്ധം വ്യക്തമാണ്. ഇപ്പോഴും ലീഗിനാൽ നയിക്കപ്പെടുന്ന കോൺഗ്രസുകാർ കഥയറിയാതെ ആട്ടം കാണുകയാണ്. ആത്മാഭിമാനമുള്ള കോൺഗ്രസ് പ്രവർത്തകർ യുഡിഎഫ് വിട്ട് പുറത്തുവരണം.

എആർ നഗർ സഹകരണ ബാങ്കിൽ പികെ കുഞ്ഞാലിക്കുട്ടിക്ക് കള്ളപ്പണഇടപാട് ഉണ്ടെന്ന് ആരോപിച്ച കെടി ജലീൽ ഇഡി അന്വേഷണവും ആവശ്യപ്പെട്ടിരുന്നു. എന്നാൽ മുഖ്യമന്ത്രി കെടി ജലീലിനെ തള്ളുകയായിരുന്നു. കേരളത്തിലെ സഹകരണ മേഖല ഇഡിയൊന്നും കൈകാര്യം ചെയ്യേണ്ടതല്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. കെടി ജലീൽ ഇഡി ചോദ്യം ചെയ്തയാളാണ്, ആ ചോദ്യം ചെയ്യലോടു കൂടി ഇഡിയിൽ അദ്ദേഹത്തിന് കൂടുതൽ വിശ്വാസം വന്നതായാണ് തോന്നുന്നത്. അങ്ങനെ ചില പ്രതികരണങ്ങളാണ് കാണുന്നതെന്നും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു. കെടി ജലീൽ ഇ.ഡി അന്വേഷണം ആവശ്യപ്പെട്ടത് ശരിയായ നടപടിയല്ലെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാണിച്ചു.

കെടി ജലീലിന്റെ പ്രസ്താവനകളിൽ സിപിഐഎം ആക്ടിങ് സെക്രട്ടറി എ വിജയരാഘവൻ അതൃപ്തി അറിയിച്ചിരുന്നു. പ്രതികരിക്കുമ്പോൾ ജാഗ്രത പുലർത്തണമെന്നാണ് സിപിഐഎം കെടി ജലീലിന് നൽകിയ നിർദ്ദേശം. സഹകരണബാങ്കിൽ ഇഡി അന്വേഷിക്കണമെന്നത് പാർട്ടി നിലപാടിന് എതിരാണെന്നും മുസ്ലിം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടിയെ മാത്രം ലക്ഷ്യം വെക്കുന്നത് ശരിയല്ലെന്നും സിപിഐഎം കെടി ജലീലിനെ അറിയിച്ചു.

കെടി ജലീലിന്റെ പ്രസ്താവനയെ തള്ളികൊണ്ടുള്ള സഹകരണ വകുപ്പ് മന്ത്രി വിഎൻ വാസവന്റെ പ്രസ്താവനക്ക് പിന്നാലെയാണ് സിപിഐഎം നിലപാടറിയിച്ചത്. സഹകരണ ബാങ്ക് ക്രമക്കേട് അന്വേഷിക്കാൻ കേരളത്തിൽ സംവിധാനമുണ്ടെന്നും സഹകരണ മേഖല സംസ്ഥാനത്തിന്റെ കീഴിൽ വരുന്ന വിഷയമാണ്. അതിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് വരേണ്ട കാര്യമില്ലെന്നുമാണ് വിഎൻ വാസവൻ അറിയിച്ചത്. എആർ നഗർ ബാങ്ക് അന്വേഷണ റിപ്പോർട്ട് സർക്കാറിന് കിട്ടിയിട്ടില്ല. ഇൻകം ടാക്‌സ് റിപ്പോർട്ടാണ് ജലീൽ പരസ്യപ്പെടുത്തിയത്. ജലീൽ ആരോപണം ഉന്നയിച്ച സാഹചര്യം അറിയില്ല, അന്വേഷണ റിപ്പോർട്ട് ലഭിച്ചാൽ കൂടുതൽ പ്രതികരിക്കാമെന്നും മന്ത്രി വ്യക്തമാക്കുന്നു.