തിരുവനന്തപുരം: ശബരിമല യുവതീ പ്രവേശന വിഷയത്തിൽ ഖേദം പ്രകടിപ്പിച്ച മന്ത്രി കടകംപള്ളി സുരേന്ദ്രനെതിരെ നിശിദ വിമർശനവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ശബരിമലയോട് കാണിച്ച അനീതിക്കും ക്രൂരതയ്ക്കും ആയിരം വട്ടം ഗംഗയിൽ മുങ്ങിയാലും കടകംപള്ളി സുരേന്ദ്രന് മാപ്പ് ലഭിക്കില്ലെന്ന് സുരേന്ദ്രൻ പ്രതികരിച്ചു. കടകംപള്ളി സുരേന്ദ്രന്റെ മലക്കംമറിച്ചിൽ പരിഹാസ്യമാണ്. ആയിരം തിരഞ്ഞെടുപ്പിൽ തോറ്റാലും നാല് വോട്ടിന് വേണ്ടി നിലപാട് മാറ്റില്ലെന്ന് പറഞ്ഞ കടകംപള്ളി ഇപ്പോൾ നെഞ്ചത്തടിച്ച് നിലവിളിക്കുന്നത് തിരഞ്ഞെടുപ്പിൽ തോൽക്കുമെന്ന ഭയംകൊണ്ടാണെന്നും സുരേന്ദ്രൻ പറഞ്ഞു.

യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് ശബരിമലയിൽ ഉണ്ടായ സംഭവവികാസങ്ങളിൽ മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഖേദം പ്രകടിപ്പിച്ച വാർത്തയെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു സുരേന്ദ്രൻ. ചെയ്തതിനെല്ലാം കടകംപള്ളി സുരേന്ദ്രൻ ഓരോന്നോരാന്നായി മാപ്പ് പറയണം. മനീതി സംഘത്തേയും രഹ്ന ഫാത്തിമയേയും പതിനെട്ടാംപടി കയറ്റാൻ നോക്കിയതിന് കടകംപള്ളി പരസ്യമായി ഉത്തരവാദിത്വം ഏറ്റെടുക്കാൻ തയ്യാറാകണം. വിശ്വാസികളെ വഞ്ചിച്ചുകൊണ്ട് സുപ്രീം കോടതിയിൽ നൽകിയ സത്യവാങ്മൂലം തിരുത്തിക്കൊടുക്കാൻ തയ്യാറാകുന്നില്ലെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.

കടകംപള്ളി ദേവസ്വം മന്ത്രി ആയതിന് ശേഷമാണ് ക്ഷേത്രങ്ങൾ തകർക്കാൻ ആസൂത്രിതമായ ഗൂഢാലോചന നടന്നതെന്നും കെ. സുരേന്ദ്രൻ ആരോപിച്ചു. ശബരിമല മാത്രമല്ല, ഗുരുവായൂരും പത്മനാഭസ്വാമി ക്ഷേത്രവും തകർക്കാനാണ് കടകംപള്ളി സുരേന്ദ്രൻ ശ്രമിച്ചത്. ക്ഷേത്രങ്ങൾ ഈ നിലയിൽ പരിതാപകരമായ അവസ്ഥയിലായത് കടകംപള്ളി സുരേന്ദ്രന്റെ ദുരൂഹമായ ഇടപെടൽ കൊണ്ടാണ്. അദ്ദേഹത്തിന്റെ കള്ളക്കരച്ചിൽ കേരളത്തിലെ പൊതു സമൂഹം വിശ്വസിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

ശബരിമലയുടെ കാര്യത്തിലും വിശ്വാസികളുടെ കാര്യത്തിലും ലോക്സഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ സിപിഎം മലക്കം മറിഞ്ഞിരുന്നു. പക്ഷേ എന്തുകൊണ്ടാണ് കടകംപള്ളി സുരേന്ദ്രൻ സുപ്രീം കോടതിയിൽ സത്യവാങ്മൂലം മാറ്റിക്കൊടുക്കാത്തത്. കടകംപള്ളി സുരേന്ദ്രന് ഒരു നിമിഷം കൊണ്ട് വിചാരിച്ചാൽ സാധിക്കുന്നതല്ലേയെന്നും അദ്ദേഹം ചോദിച്ചു. ജനങ്ങളെ കബളിപ്പിക്കാനാണ് ശ്രമിക്കുന്നതെന്നും ഇത് ഒരു തരത്തിലും വിശ്വാസി സമൂഹം ചെവിക്കൊള്ളില്ലെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.

നേരത്തെ ശബരിമല യുവതീ പ്രവേശനത്തിൽ ഖേദം പ്രകടിപ്പിച്ച് കടകംപള്ളി രംഗത്തുവന്നിരുന്നു. യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് ശബരിമലയിൽ ഉണ്ടായ സംഭവവികാസങ്ങളിൽ ഇപ്പോൾ ഖേദുമുണ്ടെന്ന് മന്ത്രി പ്രതികരിച്ചു. സുപ്രീംകോടതിയുടെ വിശാല ബെഞ്ചിന് മുന്നിൽ കിടക്കുന്ന വിധി എന്തുതന്നെയായാലും വിശ്വാസികളുമായി ചർച്ച ചെയ്തുമാത്രമേ അക്കാര്യത്തിൽ തീരുമാനമെടുക്കൂവെന്നും അദ്ദേഹം വ്യക്തമാക്കി.

സിപിഎം സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് പിന്നാലെയാണ് ശബരിമലയിൽ യുവതിപ്രവേശനത്തിന് കൂട്ടുനിന്ന സർക്കാരിന് തെറ്റുപറ്റിയെന്ന് സ്ഥാനാർത്ഥി കൂടിയായ ദേവസ്വം മന്ത്രി തുറന്നു സമ്മതിച്ചിരിക്കുന്നത്. പാർട്ടിയുടെ അടിത്തറ ഇളക്കിയ ശബരിമല വിഷയം പ്രതിപക്ഷം ചർച്ചാ വിഷയമാക്കിയതിനാൽ വീണ്ടും സർക്കാർ നേരിടേണ്ടി വരുന്ന തിരിച്ചടി ഒഴിവാക്കാനാണ് ദേവസ്വം മന്ത്രിയുടെ ഏറ്റുപറച്ചിൽ.

'2018-ലെ ഒരു പ്രത്യേക സംഭവമാണിത്. അതിൽ എല്ലാവരും ഖേദിക്കുന്നുണ്ട്. സുപ്രീംകോടതി വിധിയും അതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളിലൊക്കെ ഞങ്ങൾക്ക് വിഷമമുണ്ട്. എന്നാൽ ഇന്ന് അതൊന്നും ജനങ്ങളുടെ മനസ്സിലില്ലെന്നാണ് കരുതുന്നത്. സുപ്രീംകോടതിയുടെ വിശാല ബെഞ്ചിന് മുന്നിൽ കിടക്കുന്ന വിധി എന്തുതന്നെയായാലും വിശ്വാസികളുമായി ചർച്ച ചെയ്തുമാത്രമേ അക്കാര്യത്തിൽ തീരുമാനമെടുക്കൂ എന്നുള്ളത് ഞങ്ങൾ വീണ്ടും വീണ്ടും എടുത്തുപറയുന്നുണ്ട്. അന്നെടുത്ത കേസുകൾ പിൻവലിക്കാൻ സർക്കാർ തീരുമാനിച്ചു. അതെല്ലാം തന്നെ ഒരു സന്ദേശം തന്നെയാണ്.' മന്ത്രി പറഞ്ഞു.

ശബരിമല യുവതിപ്രവേശവുമായി ബന്ധപ്പെട്ട വിഷയത്തിൽ ശബരിമല ആക്ടിവിസം കാണിക്കേണ്ട സ്ഥലമല്ലെന്ന് ദേവസ്വം മന്ത്രി ആദ്യം പ്രതികരിച്ചിരുന്നു. എന്നാൽ പിന്നീട് പാർട്ടി നിലപാടിനെ ന്യായീകരിക്കേണ്ടതായും വന്നിരുന്നു. നേരത്തെ ശബരിമല, പൗരത്വനിയമ കേസുകൾ പിൻവലിച്ചു കൊണ്ട് സർക്കാർ തീരുമാനം പുറത്തുവന്നിരുന്നു. ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങളിൽ എടുത്ത കേസുകളും പൗരത്വ നിയമത്തിനെതിരെയുള്ള പ്രതിഷേധം സംബന്ധിച്ച കേസുകളുമാണ് പിൻവലിച്ചത്.