തിരുവനന്തപുരം: തീപിടുത്തമുണ്ടായ വേളയിൽ സെക്രട്ടറിയേറ്റ് പരിസരത്തേക്ക് എത്തിയതിന്റെ പേരിൽ തനിക്കെതിരെ കേസെടുത്ത പൊലീസ നടപടിയെ വിമർശിച്ചു ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. പൊതുപ്രവർത്തകനെന്ന നിലയിലാണ് സെക്രട്ടേറിയറ്റിലെത്തിയതെന്ന് കെ.സുരേന്ദ്രൻ. സർക്കാർ അന്വേഷണം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് പ്രതികരണം. ഗേറ്റുകൾ തുറന്നിട്ടിരുന്നു, തന്നെ ആരും തടഞ്ഞില്ലെന്ന് സുരേന്ദ്രൻ പ്രതികരിച്ചു. സെക്രട്ടറിയേറ്റിൽ സുരക്ഷാവീഴ്ച ഉണ്ടായതിന് തനിക്കെതിരെയല്ല മുഖ്യമന്ത്രിക്കെതിരെയാണ് കേസെടുക്കേണ്ടതെന്ന് സുരേന്ദ്രൻ പറഞ്ഞു.

സുരക്ഷാവീഴ്ചയുണ്ടെങ്കിൽ ഉദ്യോഗസ്ഥർക്കെതിരെ അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എന്നെ വേട്ടയാടി മതിയായിക്കാണില്ല. ശബരിമല കാലത്തെ പോലെ അകത്തിടാനാകും പരിപാടി. മാധ്യമങ്ങളിൽ വാർത്ത കണ്ടാണ് ഞാൻ അവിടെ എത്തിയത്. പിണറായിക്ക് ഭ്രാന്ത് പിടിച്ചോ.. ഇവിടെ എന്താണ് അടിയന്തരാവസ്ഥയാണോ.. അദ്ദേഹം ചോദിച്ചു. എന്താണ് പ്രതിപക്ഷ നേതാവിനെക്കുറിച്ച് അന്വേഷിക്കാത്തതെന്നും സുരേന്ദ്രൻ ചോദിച്ചു.

അഞ്ചുപേരിൽ കൂടുതൽ സംഘം ചേർന്നു, പൊലീസിന്റെ ഡ്യൂട്ടി തടസപ്പെടുത്തി, ഗതാഗത തടസമുണ്ടാക്കി, കോവിഡ് പ്രോട്ടോക്കോൾ ലംഘിച്ചു തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. കലാപത്തിന് ശ്രമിച്ചെന്നത് അടക്കമുള്ള കുറ്റങ്ങളും ചുമത്തിയത്. പൊലീസിനെ പിടിച്ചു തള്ളിയെന്നുമാണ് എഫ്‌ഐആറിൽ പറയുന്നത്. ഇന്നലെ സെക്രട്ടേറിയറ്റിൽ തീപിടുത്തമുണ്ടായതറിഞ്ഞ് കെ. സുരേന്ദ്രൻ അടക്കമുള്ള ബിജെപി നേതാക്കൾ സ്ഥലത്ത് എത്തിയിരുന്നു. പ്രതിഷേധവുമായി എത്തിയ ബിജെപി നേതാക്കളെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കിയിരുന്നു. സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ, ബിജെപി ജില്ലാ പ്രസിഡന്റ് വിവി രാജേഷ് ഉൾപ്പെടെയുള്ള നേതാക്കളെ അറസ്റ്റ് ചെയ്തു നീക്കുകയായിരുന്നു ചെയ്തത്.

തീപിടിത്തത്തിന് പിന്നാലെ സുരേന്ദ്രൻ അകത്ത് കടന്നത് സുരക്ഷാവീഴ്ചയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് മന്ത്രിസഭാ യോഗത്തിൽ പറഞ്ഞിരുന്നു. ചീഫ് സെക്രട്ടറി ഓഫീസിൽ നിന്നെത്തുംമുൻപ് സുരേന്ദ്രൻ എത്തിയത് സംശയാസ്പദമാണ്. സെക്രട്ടേറിയറ്റിലെ തീപിടിത്തത്തിൽ ചീഫ് സെക്രട്ടറിക്ക് മന്ത്രിസഭയുടെ അഭിനന്ദനം. ജാഗ്രതയോടെ ഇടപെട്ടു. സംഘാർഷവസ്ഥ ഉണ്ടാവാതിരുന്നത് ചീഫ് സെക്രട്ടറിയുടെ ഇടപെടൽ മൂലം. സെക്രട്ടേറിയറ്റിന്റെ സുരക്ഷയിൽ ആശങ്കയെന്ന് മന്ത്രിസഭ വിലയിരുത്തി. കാലോചിതമായ പരിഷ്‌കാരം അനിവാര്യമെന്നും വിലയിരുത്തൽ.

അതുകൊണ്ട് തീപ്പിടിത്തം ഉണ്ടായതു സംബന്ധിച്ച് അന്വേഷണം നടത്തുന്ന എഡിജിപി മനോജ് എബ്രഹാമിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം ഇതുമായി ബന്ധപ്പെട്ട് എന്തെങ്കിലും ഗൂഢാലോചനയുണ്ടായിട്ടുണ്ടോ എന്നുകൂടി അന്വേഷിക്കണമെന്നാണ് പറഞ്ഞിരിക്കുന്നത്. സെക്രട്ടറിയേറ്റിലേക്ക് ആർക്കും കയറിവരാവുന്ന സ്ഥിതി ഇപ്പോഴുണ്ട്. അതിനാൽ അന്വേഷണ റിപ്പോർട്ട് വരുന്നതിനൊപ്പം സെക്രട്ടറിയേറ്റിന്റെ സുരക്ഷ വർധിപ്പിച്ചുകൊണ്ടുള്ള തീരുമാനവുമുണ്ടാകും. സെക്രട്ടറിയേറ്റിലെ സുരക്ഷാപോരായ്മകൾ പരിഹരിച്ച് നടപടിയെടുക്കാൻ ആഭ്യന്തര സെക്രട്ടറിയെ മന്ത്രിസഭായോഗം ചുമതലപ്പെടുത്തിയിട്ടുണ്ട്.

അതേസമയം പ്രോട്ടോകോൾ വിഭാഗത്തിൽ ഉണ്ടായ തീപിടുത്തത്തെ തുടർന്ന് സംസ്ഥാനത്ത് വിവിധ പ്രതിപക്ഷ സംഘടനകൾ നടത്തുന്ന പ്രതിഷേധം കനക്കുകയാണ്. തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റ് പടിക്കൽ ബിജെപി-യുവമോർച്ച-മഹിളാമോർച്ച പ്രതിഷേധം അക്രമാസക്തമായി. പ്രവർത്തകർക്ക് നേരെ പൊലീസ് ഗ്രനേഡും, ജലപീരങ്കിയും പ്രയോഗിച്ചു. തുടർന്ന് അകന്ന് പോയ പ്രവർത്തകർ ഇപ്പോൾ വീണ്ടും സംഘടിച്ചു.

നേരത്തെ എസ്.ഡി.പി.ഐ പ്രവർത്തകർ നടത്തിയ പ്രകടനം സെക്രട്ടേറിയറ്റ് പടിക്കൽ സംഘർഷഭരിതമായി. ബാരിക്കേഡുകൾ തകർക്കാൻ ശ്രമിച്ച പ്രവർത്തകരുമായി പൊലീസ് ഏറ്റുമുട്ടലുണ്ടായി.സെക്രട്ടേറിയറ്റിന് മുന്നിൽ നോർത്ത് ഗേറ്റിൽ മഹിളാകോൺഗ്രസ് പ്രവർത്തകർ പ്രതിഷേധിക്കുകയാണ്. ഇവിടെ മുഖ്യമന്ത്രിയുടെ കോലം കത്തിച്ചു. കൊല്ലത്തും യൂത്ത് കോൺഗ്രസ് പ്രവർത്തകർ നടത്തിയ പ്രതിഷേധം പൊലീസ് തടഞ്ഞു. കണ്ണൂരിൽ കോൺഗ്രസ് പ്രവർത്തകർ മുഖ്യമന്ത്രിയുടെ കോലം കത്തിച്ചു.

കണ്ണൂർ കളക്ടറേറ്റിലേക്ക് യുവമോർച്ച നടത്തിയ പ്രകടനം പൊലീസ് തടഞ്ഞതിനെ തുടർന്നുണ്ടായ സംഘർഷത്തിൽ സമരക്കാർക്ക് നേരെ ജലപീരങ്കി പ്രയോഗിച്ചു. തുടർന്ന് ലാത്തിച്ചാർജിൽ പ്രവർത്തകർക്ക് പരുക്കേറ്റു. ഇവിടെ പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.കൊച്ചിയിൽ കണയന്നൂരിൽ പ്രതിഷേധിച്ച ബിജെപി പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. കൊച്ചിയിൽ യൂത്ത് കോൺഗ്രസ് പ്രതിഷേധത്തിലും സംഘർഷമുണ്ടായി. കണയന്നൂർ താലൂക്ക് ഓഫീസിലേക്ക് യൂത്ത് കോൺഗ്രസ് പ്രവർത്തകർ നടത്തിയ പ്രകടനത്തിൽ പൊലീസുമായി ഉന്തും തള്ളുമുണ്ടായി.