തിരുവനന്തപുരം: സ്വർണ്ണക്കടത്തു കേസുമായി ബന്ധപ്പെട്ട് ആരോപണ വിധേയനായ മന്ത്രി കെ ടി ജലീലിനെതിരെ സിപിഐക്കുള്ളിൽ കടുത്ത എതിർപ്പ്. മുന്നണിയുടെ പേരു കളങ്കപ്പെടുത്തുന്ന വിധത്തിലാണ് ജലീലിന്റെ പ്രവർത്തനങ്ങളെന്ന പൊതുവികാരമാണ് എൽഡിഎഫിലെ പ്രധാന ഘടകകക്ഷിയായ സിപിഐ പ്രകടിപ്പിക്കുന്നത്. മന്ത്രി മാധ്യമങ്ങളെ ഒളിച്ചു നടക്കുന്നതാണ് പ്രശ്‌നമെന്നാണ് സിപിഐയുടെ പക്ഷം. സ്വന്തം ഭാഗത്ത് തെറ്റില്ലെങ്കിൽ എന്തിനാണ് ഈ ഒളിച്ചുകളിയെന്നാണ് സിപിഐ ചോദിക്കുന്നത്.

മലപ്പുറത്ത് നിന്ന് വൻ പൊലീസ് സന്നാഹത്തോടെ തിരുവനന്തപുരത്തെ ഔദ്യോഗിക വസതിയിലെത്തിയ മന്ത്രി കെ.ടി ജലീൽ മൗനം തുടരുന്ന അവസ്ഥയാണുള്ളത്. മാധ്യമങ്ങളിലൂടെ പ്രതികരിക്കാനില്ലെന്ന ഉറച്ച നിലപാടിലാണ് മന്ത്രി. മന്ത്രിയുടെ ഔദ്യോഗിക ഫോൺ നമ്പറും പേഴ്സണൽ നമ്പറും സ്വിച്ച് ഓഫ് ചെയ്തിരിക്കുകയാണ്. അദ്ദേഹവുമായി ബന്ധപ്പെട്ട അടുത്ത വൃത്തങ്ങളൊന്നും പ്രതികരിക്കാൻ തയ്യാറല്ല. മന്ത്രിയുടെ ഔദ്യോഗിക വസതിയിലേക്കും സെക്രട്ടറിയേറ്റിലേക്കും ഇന്നും മാർച്ചുണ്ടാകുമെന്നാണ് വിവരം.

കൂടുതൽ വനിത പൊലീസുകാരെ ഉൾപ്പടെ എത്തിച്ച് വലിയ സുരക്ഷ വലയമാണ് സെക്രട്ടറിയേറ്റിന് മുന്നിൽ തീർത്തിരിക്കുന്നത്.അതേസമയം ജലീൽ ഇന്ന് മുഖ്യമന്ത്രിയെ കണ്ടേക്കുമെന്നും സൂചനയുണ്ട്. തന്റെ നിരപരാധിത്വം അദ്ദേഹം മുഖ്യമന്ത്രിക്ക് മുന്നിൽ വിശദീകരിക്കും. പാർട്ടി-സർക്കാർ നിലപാടുകൾ മുഖ്യമന്ത്രി അദ്ദേഹത്തെ അറിയിക്കുകയും ചെയ്യും. ജലീൽ വ്യവസായിയുടെ വാഹനത്തിൽ ചോദ്യം ചെയ്യലിന് ഹാജരായത് വിവാദമായതിൽ മുന്നണിയിലെ പ്രധാന കക്ഷിയായ സിപിഐക്ക് കടുത്ത അമർഷമാണുള്ളത്. തുറന്ന് പറഞ്ഞുകൊണ്ട് തന്നെ ചോദ്യം ചെയ്യലിന് പോകുന്നതായിരൂന്നു ഉചിതമെന്ന നിലപാടാണ് സിപിഐ നേതൃത്വത്തിനുള്ളത്.സ്വകാര്യവാഹനത്തിൽ പോകണമെങ്കിൽ സ്വന്തം വാഹനം ഉപയോഗിക്കണമായിരുന്നു.

വ്യവസായിയുടെ വീട്ടിൽ ഔദ്യോഗിക വാഹനമിട്ടതും അവരുടെ വാഹനം ഉപയോഗിച്ചതുമാണ് സിപിഐ നേതൃത്വത്തിൽ അമർഷമുണ്ടാക്കിയിരിക്കുന്നത്. ചോദ്യം ചെയ്യപ്പെട്ടതിനേക്കാൾ സർക്കാരിന് നാണക്കേടായത് മന്ത്രിയുടെ സമീപനമാണെന്നതാണ് സിപിഐ വിലയിരുത്തൽ.വിഷയം തത്ക്കാലം ഇടതുമുന്നണി യോഗത്തിൽ വിശദീകരിക്കേണ്ട എന്നാണ് സിപിഐ നിലപാട്. സിപിഎം എൽ.ഡി.എഫ് യോഗത്തിൽ സാഹചര്യം വിശദീകരിക്കും എന്നാണ് സിപിഐ കരുതുന്നത്. ചട്ടങ്ങൾ ലംഘിച്ച് കെ.ടി ജലീൽ മതഗ്രന്ഥവും ഉപഹാരവും യു.എ.യിൽ നിന്ന് സ്വീകരിച്ചതിൽ നേരത്തെ തന്നെ സിപിഐ പാർട്ടിപത്രത്തിലൂടെ വിയോജിപ്പ് പരസ്യമാക്കിയിരുന്നു

അതേസമയം വിമാനത്താവളം വഴിയുള്ള സ്വർണക്കടത്ത് കേസിൽ മന്ത്രി കെടി ജലീലിനെ കസ്റ്റംസും ഉടൻ ചോദ്യം ചെയ്യും. എൻഫോഴ്‌സ്‌മെന്റ് ചോദ്യം ചെയ്യലിന് പിറകെയാണ് നീക്കം. നയതന്ത്ര ബാഗ് വഴി മതഗ്രന്ധങ്ങൾ വന്നതിന്റെ മറവിൽ സ്വപ്ന സുരേഷും സംഘവും സ്വർണക്കകള്ളക്കടത്ത് നടത്തിയോ എന്ന അന്വേഷണത്തിന്റെ ഭാഗമായാണ് ചോദ്യം ചെയ്യുക. ഇതിനിടെ ലൈഫ് മിഷനുമായി ബന്ധപ്പെട്ട കമ്മീഷൻ ആരോപണത്തിൽ സിഇഒ യു.വി.ജോസിനെ ഇന്ന് എൻഫോഴ്‌സ്‌മെന്റ് ചോദ്യം ചെയ്‌തേക്കുമെന്നും സൂചനയുണ്ട്.

റെഡ് ക്രസന്റ് കേരളത്തിലേക്ക് സാന്പത്തിക സഹായം നൽകാൻ ഇടയായ സാഹചര്യം, നിർമ്മാണത്തിനായി യൂണിടെകിനെ തെരഞ്ഞെടുത്ത സാഹചര്യം, ഇതിന്റെ പേരിലുള്ള കൈക്കൂലി ഇടപാട് എന്നിവയിലാണ് ചോദ്യം ചെയ്യൽ.