തിരുവനന്തപുരം: ബന്ധുനിയമനക്കേസിൽ ലോകായുക്തയുടെ വിധിപ്പകർപ്പ് കിട്ടിയ ശേഷം നിയമവിദഗ്ധരുമായി ആലോചിച്ച് തുടർനടപടികൾ സ്വീകരിക്കുമെന്ന് മന്ത്രി കെ.ടി.ജലീൽ. ഹൈക്കോടതിയിലും കേരള ഗവർണറും തള്ളിയ കേസിലാണ് ലോകായുക്ത ഇങ്ങനെ ഒരുവിധി പുറപ്പെടുവിച്ചിരിക്കുന്നതെന്നും ജലീൽ പ്രതികരിച്ചു. ഫേസ്‌ബുക്ക് പോസ്റ്റായാണ് പ്രതികരണം.

കുറിപ്പ് ഇങ്ങനെ

ബഹുമാനപ്പെട്ട ഹൈക്കോടതിയും ബഹുമാനപ്പെട്ട മുൻ കേരള ഗവർണ്ണറും സുപ്രിംകോടതി മുൻ ചീഫ് ജസ്റ്റിസുമായ പി. സദാശിവവും തള്ളിയ കേസിലാണ് ബഹുമാനപ്പെട്ട ലോകായുക്ത ഇപ്പോൾ ഇങ്ങിനെ ഒരു വിധി പുറപ്പെടുവിച്ചിരിക്കുന്നത്. പൂർണ്ണമായ വിധിപ്പകർപ്പ് കിട്ടിയ ശേഷം നിയമ വിദഗ്ധരുമായി ആലോചിച്ച് ഇക്കാര്യത്തിൽ തുടർ നടപടികൾ സ്വീകരിക്കുന്നതാണ്.

സ്വജനപക്ഷപാതം കാണിച്ച ജലീൽ സത്യപ്രതിജ്ഞാ ലംഘനം നടത്തിയെന്നും മന്ത്രി സ്ഥാനത്ത് തുടരാൻ അർഹതയില്ലെന്നും ലോകായുക്താ ഡിവിഷൻ ബെഞ്ച് വിധിച്ചത്. ന്യൂന പക്ഷ കോർപ്പറേഷന്റെ ജനറൽ മാനേജർ തസ്തികയിലേക്കുള്ള നിയമനവുമായി ബന്ധപ്പെട്ട് മലപ്പുറം സ്വദേശി മുഹമ്മദ് ഷാഫി നൽകിയ പരാതിയിലാണ് വിധി. ബന്ധുനിയമനത്തിൽ ജലീലിന്റേത് അധികാര ദുർവിനിയോഗമാണെന്ന് ലോകായുക്ത നിരീക്ഷിച്ചു. ബന്ധുവായ അദീബിനെ ന്യൂനപക്ഷ കോർപ്പറേഷൻ ജനറൽ മാനേജർ ആക്കിയത് ചട്ടം ലംഘിച്ചാണെന്നും വിധിയിൽ പറയുന്നു. ജലീലിനെ മന്ത്രി സഭയിൽ നിന്നും പുറത്താക്കണമെന്നും മുഖ്യമന്ത്രിയോട് ലോകായുക്താ കോടതി വിധിയിൽ ആവശ്യപ്പെടുന്നുണ്ട്.

സംസ്ഥാന ന്യൂനപക്ഷ വികസന കോർപറേഷൻ ജനറൽ മാനേജരായി ബന്ധുവായ കെ.ടി.അദീബിനെ മന്ത്രി കെ.ടി.ജലീൽ നിയമിച്ചത് നിയമവിരുദ്ധമാണെന്നും, മന്ത്രിസ്ഥാനത്ത് തുടരാൻ ജലീൽ യോഗ്യനല്ലെന്നും ലോകായുക്ത. ലോകായുക്ത ആക്ട് 12(3) അനുസരിച്ചുള്ള റിപ്പോർട്ട് തുടർ നടപടികൾക്കായി മുഖ്യമന്ത്രിക്കു കൈമാറുമെന്നും ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫ്, ഉപ ലോകായുക്ത ഹരുൺ അൽ റഷീദ് എന്നിവരടങ്ങിയ ബെഞ്ചിന്റെ ഉത്തരവിൽ വ്യക്തമാക്കുന്നു.

ന്യൂനപക്ഷ വികസന കോർപറേഷനിൽ ജലീലിന്റെ അടുത്ത ബന്ധുവായ കെ.ടി.അദീബിനെ നിയമിച്ചു എന്നാണ് പരാതി. വിവാദത്തെ തുടർന്ന് അദീബ് രാജിവച്ചിരുന്നു. സൗത്ത് ഇന്ത്യൻ ബാങ്കിലെ മാനേജർ പദവിയിലിരിക്കുമ്പോഴാണ് അദീബിനെ ഡെപ്യൂട്ടേഷനിൽ ന്യൂനപക്ഷ വികസന കോർപറേഷനിൽ മാനേജരായി നിയമിച്ചത്.

അദീബിന്റെ നിയമനവുമായി ബന്ധപ്പെട്ട് ജലീലിനെ മന്ത്രിസ്ഥാനത്തുനിന്നും നീക്കി അന്വേഷണം നടത്തണമെന്നാണ് ഹർജിയിലെ ആവശ്യം. യൂത്ത് ലീഗ് നേതാവ് വി.കെ.മുഹമ്മദ് ഷാഫിയാണ് പരാതിക്കാരൻ. സംസ്ഥാന സർക്കാർ, മന്ത്രി ജലീൽ, എ.പി.അബ്ദുൽ വഹാബ്, എ.അക്‌ബർ, കെ.ടി.അദീബ് എന്നിവരാണ് എതിർകക്ഷികൾ.

രാജി വയ്ക്കണമെന്ന് പ്രതിപക്ഷം

ബന്ധു നിയമന വിവാദത്തിൽ കുറ്റക്കാരനെന്ന് ലോകായുക്ത കണ്ടെത്തിയ മന്ത്രി കെ ടി ജലീലിനെ മുഖ്യമന്ത്രി പിണറായി വിജയൻ മന്ത്രിസഭയിൽ നിന്ന് പുറത്താക്കണമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. സർക്കാരിനെ ജനം പുറത്താക്കുമെന്നുറപ്പാണ്. കെയർ ടേക്കർ സർക്കാരാണെങ്കിലും ധാർമ്മികത അൽപമെങ്കിലും ഉണ്ടെങ്കിൽ ജലീലിനെ പുറത്താക്കണമെന്നും ചെന്നിത്തല പറഞ്ഞു.

ബന്ധുനിയമനവുമായി ബന്ധപ്പെട്ട് കുറ്റക്കാരനെന്ന് ലോകായുക്ത കണ്ടെത്തിയ മന്ത്രി കെ.ടി ജലീൽ എത്രയും വേഗം രാജിവയ്ക്കണമെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ.

സ്വജനപക്ഷപാതവും അധികാര ദുർവിനിയോഗം കാട്ടിയ മന്ത്രി നഗ്‌നമായ സത്യപ്രതിജ്ഞാ ലംഘനമാണ് നടത്തിയെന്ന് ലോകായുക്ത വിധിയിലൂടെ തെളിഞ്ഞു.ബന്ധുനിയമന വിവാദം ഉയർന്ന് വന്നപ്പോൾ തെറ്റായി ഒന്നും ചെയ്തില്ലെന്നായിരുന്നു മന്ത്രിയുടെ വാദം.അത് പൂർണ്ണമായി അംഗീകരിച്ച മുഖ്യമന്ത്രി ബന്ധുനിയമന വിവാദത്തിന്റെ പേരിൽ രാജിവെച്ച മന്ത്രി ഇപി ജയരാജന് നൽകാത്ത സമ്പൂർണ്ണ സംരക്ഷണമാണ് മന്ത്രി ജലീലിന് നൽകിയത്.