തിരുവനന്തപുരം: ശബരിമല യുവതീ പ്രവേശന വിഷയത്തിൽ മലക്കം മറിഞ്ഞ് മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ. സംഘർഷങ്ങളിൽ വിഷമമുണ്ടെന്നാണ് താൻ പറഞ്ഞതെന്നും മാപ്പ് പറഞ്ഞിട്ടില്ലെന്നും ഖേദം പ്രകടിപ്പിക്കുയാണെന്നും അദ്ദേഹം നിയമസഭയിൽ വ്യക്തമാക്കി. വാർത്ത വന്നതിന് ശേഷം തിരുത്താത്തത് മന്ത്രി മാപ്പ് പറഞ്ഞില്ലെന്ന കെണിയിൽ വീഴുമെന്നതുകൊണ്ടാണെന്നും അതിന് താനില്ലെന്നും കടകംപള്ളി പറഞ്ഞു. പ്രതിപക്ഷ നേതാവ് വിഡി സതീശൻ ഒരുചാനലിന് നൽകിയ അഭിമുഖം ചൂണ്ടിക്കാട്ടിയാണ് കടകംപള്ളിയുടെ നിയമസഭയിലെ പ്രതികരണം.

ലക്ഷദ്വീപ് പ്രമേയത്തിലെ ഐക്യത്തിന് ശേഷം രാഷ്ട്രീയ ചർച്ചകളിലേക്ക് കടന്ന നിയമസഭയിൽ വലിയ ആരോപണ പ്രത്യാരോപണങ്ങളാണ് ഭരണപക്ഷവും പ്രതിപക്ഷവും തമ്മിൽ നടക്കുന്നത്. ഇതിനിടെയാണ് ശബരിമല പ്രസ്താവനയിൽ കടകംപള്ളിയുടെ വിശദീകരണം. യുഡിഎഫും എൻഡിഎയും തമ്മിലുള്ള ധാരണ കൂടി ഇല്ലായിരുന്നെങ്കിൽ യുഡിഎഫ് ഇതിലും വലിയ പരാജയത്തിലേക്ക് കൂപ്പുകുത്തുമായിരുന്നു എന്നും പറഞ്ഞു.

സിപിഎം സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് പിന്നാലെയാണ് ശബരിമലയിൽ യുവതിപ്രവേശനത്തിന് കൂട്ടുനിന്ന സർക്കാരിന് തെറ്റുപറ്റിയെന്ന് സ്ഥാനാർത്ഥി കൂടിയായ കടകംപള്ളി പറഞ്ഞത്. '2018ലെ ഒരു പ്രത്യേക സംഭവമാണിത്. അതിൽ എല്ലാവരും ഖേദിക്കുന്നുണ്ട്. സുപ്രീംകോടതി വിധിയും അതുമായി ബന്ധപ്പെട്ട പ്രശ്നങ്ങളിലൊക്കെ ഞങ്ങൾക്ക് വിഷമമുണ്ട്. എന്നാൽ ഇന്ന് അതൊന്നും ജനങ്ങളുടെ മനസ്സിലില്ലെന്നാണ് കരുതുന്നത്.

സുപ്രീംകോടതിയുടെ വിശാല ബെഞ്ചിന് മുന്നിൽ കിടക്കുന്ന വിധി എന്തുതന്നെയായാലും വിശ്വാസികളുമായി ചർച്ച ചെയ്തുമാത്രമേ അക്കാര്യത്തിൽ തീരുമാനമെടുക്കൂ എന്നുള്ളത് ഞങ്ങൾ വീണ്ടും വീണ്ടും എടുത്തുപറയുന്നുണ്ട്. അന്നെടുത്ത കേസുകൾ പിൻവലിക്കാൻ സർക്കാർ തീരുമാനിച്ചു. അതെല്ലാം തന്നെ ഒരു സന്ദേശം തന്നെയാണ്.' എന്നായിരുന്നു കടകംപള്ളിയുടെ വാക്കുകൾ

തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കടകംപള്ളിയുടെ മാപ്പ് പറച്ചിൽ വലിയ വിവാദമായിരുന്നു. സിപിഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി കടകംപള്ളിക്കെതിരെ രംഗത്തെത്തി. ന്യൂനപക്ഷ സംവരണ വിധി നടപ്പാക്കാത്തതിനെ ശബരിമലയുമായി ബന്ധിപ്പിച്ചുള്ള ബിജെപിയുടെ ആരോപണങ്ങൾക്കിടെയാണ് കടകംപള്ളിയുടെ മലക്കംമറിച്ചിൽ.