തിരുവനന്തപുരം: ദുരൂഹസാഹചര്യത്തിൽ മരിച്ച നവവധുവിന്റെ ഭർതൃമാതാവ് മരിച്ചനിലയിൽ. കല്ലമ്പലം സുനിതാ ഭവനിൽ ശ്യാമളയാണ് മരിച്ചത്. വീടിനോട് ചേർന്ന പറമ്പിലെ മരത്തിൽ തൂങ്ങിമരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ആതിരയുടേത് ആത്മഹത്യയാണെന്ന നിഗമനം പൊലീസിനുണ്ടെങ്കിലും ഭർതൃവീട്ടുകാർക്കെതിരെ ആതിരയുടെ കുടുംബം ആരോപണം ഉന്നയിക്കുന്നതിനിടെയാണ് ഭർതൃമാതാവിന്റെ മരണം.

മരുമകൾ ആതിരയെ രണ്ടാഴ്ച മുമ്പ് കുളിമുറിയിൽ മരിച്ചനിലയിൽ കണ്ടെത്തിയിരുന്നു. കഴിഞ്ഞ നവംബർ 30 നായിരുന്നു ശ്യാമളയുടെ മകനുമായുള്ള ആതിരയുടെ വിവാഹം നടന്നത്. ജനുവരി 15നാണ് വിവാഹം കഴിഞ്ഞ് ഒന്നര മാസം മാത്രം പിന്നിട്ട ശേഷം ആതിര എന്ന 24കാരി ദുരൂഹസാഹചര്യത്തിൽ മരിക്കുന്നത്. കഴുത്തറുത്ത് മരിച്ച നിലയിലായിരുന്നു ശുചിമുറിയിൽ മൃതദേഹം കണ്ടെത്തിയത്. വീട്ടിലെ അടുക്കളയിലുണ്ടായിരുന്ന കറിക്കത്തി ഉപയോഗിച്ചാണ് കഴുത്തറത്തതെന്നായിരുന്നു പൊലീസ് കണ്ടെത്തിയത്.

ഇതിനു പുറമെ ആതിരയുടെ കൈഞരമ്പുകളിലും മുറിവുണ്ടായിരുന്നു. ആത്മഹത്യയാണെന്നാണ് പ്രാഥമിക പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ വ്യക്തമാക്കുന്നതെങ്കിലും വിശദമായ റിപ്പോർട്ടിനായി കാത്തിരിക്കുകയാണ് പൊലീസ്. ഭർതൃവീട്ടുകാർക്കെതിരെ ആതിരയുടെ കുടുംബം ആരോപണമുന്നയിക്കുന്ന സാഹചര്യത്തിൽ മരണത്തിലെ ദുരൂഹത നീക്കാൻ പൊലീസ് അന്വേഷണം നടത്തുന്നതിനിടയിലാണ് ഭർതൃമാതാവിന്റെ മരണം.

ആതിരയുടെ മരണത്തിൽ ഇതുവരെ ഭർത്താവിന്റെ വീട്ടിൽ നിന്ന് ആരെയും അറസ്റ്റ് ചെയ്തിരുന്നില്ല. ഭർത്താവുമായി ആതിരയ്ക്ക് പ്രശ്‌നങ്ങൾ ഇല്ലായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. എന്നാൽ ഭർതൃമാതാവായ ശ്യാമള ഇടയ്ക്കിടെ വഴക്കിട്ട് വീട്ടിൽ നിന്ന് പോകാറുണ്ടായിരുന്നുവെന്ന് ആതിരയുടെ വീട്ടുകാർ ആരോപിക്കുന്നുണ്ട്.

ആതിരയുടേതുകൊലപാതകമാകാൻ വിദൂര സാധ്യത മാത്രമാണുള്ളതെന്നാണ് പൊലീസ് പറയുന്നത്. സമീപത്തുണ്ടായിരുന്ന കറിക്കത്തി ഉപയോഗിച്ച് സ്വയം കഴുത്തു മുറിക്കുകയായിരുന്നുവെന്നും അതിനു മുൻപായി ആതിര കൈകളിൽ മുറിവുണ്ടാക്കിയതാകാമെന്നുമാണ് പൊലീസ് പറയുന്നത്. ഇതുകൊലപാകതമാണെങ്കിൽ വിദഗ്ധനായ ഒരു കൊലയാളിക്ക് മാത്രമേ ഇത്തരത്തിൽ കൊല്ലാൻ കഴിയൂവെന്നും അവർ വിലയിരുത്തി. അന്വേഷണത്തിന്റെ ഭാഗമായി പതിനഞ്ചോളം പേരെ ചോദ്യം ചെയ്തിരുന്നു.