കൊച്ചി: കന്യാസ്ത്രീയെ ബലാത്സംഗം ചെയ്‌തെന്ന കേസിൽ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ വെറുതെ വിട്ട കോടതി വിധിക്കെതിരെ റിട്ട. ജസ്റ്റിസ് ബി കെമാൽ പാഷ. വിധിയിൽ വളരെ നിരാശനാണ്. കോടതിയുടെ കണ്ടെത്തൽ തലതിരിഞ്ഞുപോയോ എന്ന് സംശയമുണ്ട്. ഇരയായ കന്യാസ്ത്രീയെ എങ്ങനെ അവിശ്വസിക്കാം എന്ന് റിസർച്ച് ചെയ്തതുപോലെയാണ് വിധിന്യായം കണ്ടാൽ തോന്നുകയെന്ന് കെമാൽ പാഷ അഭിപ്രായപ്പെട്ടു. കന്യാസ്ത്രീയെ എങ്ങനെ വിശ്വസിക്കാം എന്നതല്ല, എങ്ങനെ അവിശ്വസിക്കാം എന്ന രീതിയിലേക്ക് പോയി. അതാണ് പ്രശ്നം. അവിശ്വസിക്കാൻ പറഞ്ഞ കാരണങ്ങളെല്ലാം ബാലിശമാണ്. കാര്യമുള്ളതായി തനിക്ക് തോന്നുന്നില്ല. വളരെ വികലമാണെന്നും കെമാൽ പാഷ പറഞ്ഞു.

കേസിൽ സഹാചര്യ തെളിവുകളാണ് നോക്കേണ്ടിയിരുന്നതെന്നും കെമാൽ പാഷ പറയുന്നു. പ്രതിയുടെ അധീനതയിലാണ് സ്ഥാപനം എന്നതെല്ലാം കോടതി കണ്ടെത്തിയിട്ടുണ്ട്. നേരത്തെ പ്രതിയുടെ കീഴിലല്ല, പാലാ ബിഷപ്പിന്റെ അധീനതയിലാണെന്നൊക്കെ തർക്കിച്ചിരുന്നതാണ്. അതെല്ലാം തള്ളിക്കളഞ്ഞ് ബിഷപ്പ് ഫ്രാങ്കോയുടെ അധീനതയിൽ തന്നെയാണെന്നുള്ളതിന് ശരിയായ തെളിവുകൾ പ്രോസിക്യൂഷൻ നൽകിയത് കോടതി സ്വീകരിച്ചിട്ടുണ്ട്.

5,6 തീയതികളിൽ പ്രതി മഠത്തിൽ താമസിച്ചതായും കോടതി കണ്ടെത്തിയിട്ടുണ്ട്. ബലാത്സംഗക്കേസിൽ ഇരയുടെ മൊഴി വിശ്വാസത്തിലെടുക്കണമെന്ന തത്വത്തിന് പിന്നിൽ, സംഭവിച്ചത് എന്താണെന്ന് ഇരയ്ക്കും പ്രതിക്കും മാത്രമേ അറിയാൻ കഴിയുള്ളൂ എന്നതിനാലാണ്. ഇത് രഹസ്യമായി നടക്കുന്നതാണ്, അല്ലാതെ നാട്ടുകാരുടെ മൊത്തം അറിവിൽ നടക്കുന്ന കാര്യമല്ല. ഇരയുടെ മൊഴിക്ക് അനുസരിച്ചുള്ള സാഹചര്യത്തെളിവുകളുണ്ടോ എന്നാണ് നോക്കേണ്ടിയിരുന്നത്.

മൊഴി നൽകിയത് ഒരു സ്ത്രീയാണ്, പ്രത്യേകിച്ചും കന്യാസ്ത്രീയാണ്. അവർ കർത്താവിന്റെ മണവാട്ടിയായി മാത്രം അറിയപ്പെടുന്നവരാണ്. അവരുടെ വാക്കുകൾക്ക് കൂടുതൽ വില കൽപ്പിക്കണമായിരുന്നു. എന്നാൽ വിധിന്യായത്തിൽ അതു കണ്ടില്ല. പ്രോസിക്യൂഷനും പൊലീസും പരാജയമായിരുന്നില്ല. അന്വേഷണ ഉദ്യോഗസ്ഥരായ ഹരിശങ്കറും സുഭാഷും സത്യസന്ധമായാണ് അന്വേഷിച്ചത്.

ബിഷപ്പ് അയച്ച മൊബൈൽ കണ്ടെടുത്തില്ലെന്നാണ് വീഴ്ചയായി കോടതി പറയുന്നത്. ഇത് ബലാത്സംഗക്കേസാണ്. അശ്ലീലസന്ദേശം അയച്ചോ എന്നതിൽ എന്ത് സാംഗത്യമാണുള്ളത്. അപ്പീൽ നൽകിയാൽ വളരെ സാധ്യതയുണ്ട്. അപ്പീൽ നൽകേണ്ട കേസാണിത്. നീതിന്യായ വ്യവസ്ഥയെ 35 വർഷം പിന്നോട്ടടിക്കുന്ന വിധിയാണിതെന്ന് കെമാൽ പാഷ പറഞ്ഞു.

തിന്മക്കെതിരെ സമരം ചെയ്തതിനെ പുച്ഛിക്കുകയും ആക്ഷേപിക്കുകയും ചെയ്യുന്നത് ജുഡീഷ്യറിയുടെ ജോലിയല്ല. അത് ചെയ്യാൻ പാടില്ല. ഇങ്ങനെ തെരുവിൽ സമരം ചെയ്തതുകൊണ്ടല്ലേ പ്രതിയെ അറസ്റ്റു ചെയ്തതെന്ന് കെമാൽ പാഷ ചോദിച്ചു. ഇത്തരം തിന്മകൾക്കെതിരെ സമരം ചെയ്യേണ്ടത് സമൂഹത്തിന്റെ ഉത്തരവാദിത്തമാണ്. കന്യാസ്ത്രികൾ സമരം ചെയ്തത്, അവരുടെ സാമൂഹികപ്രതിബദ്ധതയായിട്ടാണ് കാണേണ്ടത്. എത്രത്തോളം പണവും സ്വാധീനവുമുള്ളയാളാണ് പ്രതിയെന്ന് എല്ലാവർക്കും അറിയാം. അത്തരക്കാർക്ക് വേണ്ടി പറയാനും ധാരാളം പേർ കാണും. നല്ല അഴിമതി വീരന്മാർ ഇഷ്ടംപോലെ കാണും ഇങ്ങനെയുള്ളവരെ കൊണ്ടു നടക്കാനും പറയാനും എന്നും കെമാൽ പാഷ പറഞ്ഞു.

അതേസമയം കോടതി വിധിയിൽ തുടർനടപടികളെടുക്കും മുമ്പ് പൊലീസ് നിയമോപദേശം തേടും. പരാതിക്കാരിക്ക് അനുകൂലമായ തെളിവുകൾ കോടതി വേണ്ടവിധത്തിൽ പരിശോധിച്ചില്ലെന്നാണ് പൊലീസിന്റെ വിലയിരുത്തൽ. നിസ്സാര പൊരുത്തക്കേടുകളുടെ പേരിലാണ് പരാതിക്കാരിയുടെ മൊഴിക്കു വിശ്വാസ്യതയില്ലെന്നു കോടതി വിലയിരുത്തിയതെന്നും അന്വേഷണ ഉദ്യോഗസ്ഥർ കരുതുന്നു. വിധിക്കെതിരെ അപ്പീൽ നൽകുന്നതിൽ ഉടൻ തന്നെ പ്രോസിക്യൂഷൻ തീരുമാനമെടുക്കും. കുറവിലങ്ങാട്ടെ മഠത്തിൽ എത്തി പൊലീസ് ഉദ്യോഗസ്ഥർ പരാതിക്കാരിയുമായി സംസാരിച്ചിട്ടുണ്ട്. നിയമ വിദഗ്ധരുമായി കൂടിയാലോചന നടത്തിയ ശേഷം തുടർനടപടിയെടുക്കാനാണ് ധാരണയായിട്ടുള്ളത്.

മൊഴിയിൽ പൊരുത്തക്കേടെന്നു വിധി

കന്യാസ്ത്രീ നൽകിയ വിവിധ മൊഴികളിൽ പൊരുത്തക്കേടുകൾ ഉണ്ടെന്ന് വിധിയിൽകോടതിയുടെ പറയുന്നത്. ബലപ്രയോഗം നടത്തിയെന്ന് ആദ്യ മൊഴിയിൽ ഇല്ല. പിന്നീട് പരിശോധിച്ച ഡോക്ടറോടും ഇക്കാര്യം പറഞ്ഞിട്ടില്ല. ഉദ്യോഗസ്ഥരെ വിശ്വാസമില്ലാത്തതിനാലെന്ന വിശദീകരണം മുഖവിലയ്ക്ക് എടുക്കാനാകില്ലെന്നും കോടതി വിധിന്യായത്തിൽ ചൂണ്ടിക്കാട്ടി.

21 പോയിന്റുകൾ അക്കമിട്ടു നിരത്തിയാണ് കന്യാസ്ത്രീയുടെ മൊഴിയിലെ പൊരുത്തക്കേടുകൾ വിധിയിൽ ചൂണ്ടിക്കാട്ടിയിട്ടുള്ളത്. ഇരയുടെ മൊഴി മാത്രം കണക്കിലെടുക്കാൻ കഴിയില്ലെന്നും വിധിന്യായത്തിൽ പറയുന്നു. ഇരയുടെ മൊഴിക്കു പുറമേ കേസ് തെളിയിക്കുന്നതിനു ശക്തമായ തെളിവുകൾ ഹാജരാക്കാൻ പ്രോസിക്യൂഷനു കഴിഞ്ഞില്ല. പ്രതിഭാഗം സമർപ്പിച്ച രേഖകൾ കേസ് സംബന്ധിച്ചു സംശയം ജനിപ്പിക്കുന്നുവെന്നും കോടതി നിരീക്ഷിച്ചു. കുറവിലങ്ങാട് പൊലീസ് സ്റ്റേഷനിൽ നൽകിയ ആദ്യ മൊഴിയിൽ 13 തവണ ലൈംഗികപീഡനം നടന്നു എന്നു വ്യക്തമാക്കിയിട്ടില്ല. മെഡിക്കൽ പരിശോധനയ്ക്കു ശേഷമാണ് ഇക്കാര്യം മൊഴി നൽകിയത്. ബിഷപ്പുമാർക്ക് അടക്കം ആദ്യം നൽകിയ പരാതിയിൽ ശാരീരിക പീഡനം നടന്നതായി ആരോപിച്ചിട്ടില്ല. അശ്ലീലച്ചുവയുള്ള സന്ദേശങ്ങൾ അയയ്ക്കുന്നു എന്നു മാത്രമാണു വ്യക്തമാക്കിയത്. എന്നാൽ ശാരീരിക പീഡനം നടന്നെന്നു മൊഴി നൽകിയ തീയതികൾക്കു ശേഷമാണ് ഈ പരാതികൾ നൽകിയിരിക്കുന്നതെന്നും കണ്ടെത്തി.