കണ്ണുർ: അർജുൻ ആയങ്കി പ്രതിയായ സ്വർണ കടത്ത് ക്വട്ടേഷൻ കേസിൽ സിപിഎം നേതൃത്വത്തെ സോഷ്യൽ മീഡിയിലുടെ വിമർശിച്ച സിപിഐ കണ്ണൂർ ജില്ലാ സെക്രട്ടറി അഡ്വ.പി.സന്തോഷ് കുമാറിന് സംസ്ഥാന നേതൃത്വത്തിന്റെ വിമർശനം. സിപിഐ മേഖലാ സമ്മേളനത്തിലാണ് പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി കാനം രാജേന്ദ്രൻ ഈ വിഷയത്തിൽ നിലപാട് വ്യക്തമാക്കിയത്.

സ്വർണക്കടത്ത് ക്വട്ടേഷൻ വിവാദമുണ്ടായപ്പോൾ സൈബർ സഖാക്കളെയും അതുവഴി സിപിഎം നേതൃത്വത്തെയും വിമർശിച്ചു കൊണ്ട് സിപിഐ നേതാവിന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റ് സിപിഎം നേത്യത്വത്തിന് അതൃപ്തി സൃഷ്ടിച്ചിരുന്നു. മുന്നണി തുടർച്ചയായി മുന്നണി മര്യാദ ലംഘിക്കുകയാണ് സിപിഐ കണ്ണുർ ജില്ലാ നേതൃത്വമന്നായിരുന്നു പരാതി ഇതു കൂടാതെ കണ്ണുർ സർവകലാശാല വിവാദ സിലബസിൽ സിൻഡിക്കേറ്റിൽ അംഗമായിരുന്നിട്ട് ഇടതുമുന്നണി ഭരിക്കുന്ന സർവകലാശാലയ്‌ക്കെതിരെ സിപിഐയുടെ വിദ്യാർത്ഥി വിഭാഗമായ എ.ഐ.എസ്.എഫ് പ്രതിഷേധ മാർച്ച് നടത്തിയതും സിപിഎമ്മിനെ ചൊടിപ്പിച്ചിരുന്നു.

ഈ സാഹചര്യത്തിലാണ് പാർട്ടി കണ്ണുർ ജില്ലാ നേതൃത്വത്തിനെ തിരുത്തി കൊണ്ട് കാനം രംഗത്തുവന്നത്. സിപിഎമ്മിനെയും പോഷകസംഘടനകളുടെയും വിമർശിക്കുന്ന നിലപാട് ആവർത്തിക്കരുതെന്ന് ജില്ലയിലെ സിപിഐ നേതാക്കൾക്ക് സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ നിർദ്ദേശം നൽകിയിട്ടുണ്ട്.

സിപിഐയുടെ മേഖല കൺവൻഷനിലാണ് ഇത്തരം വിഷയങ്ങളിൽ നേതാക്കളും പ്രവർത്തകരും കൂടുതൽ സംയമനം പാലിക്കണമെന്ന് കാനംനിർദേശിച്ചത്. സിപിഎമ്മിനെ നിരന്തരം മനഃപൂർവമായോ അല്ലാതെയോ വിമർശിക്കുന്ന ശൈലി ഉപേക്ഷിക്കണമെന്നാണ് കാനത്തിന്റെ മുന്നറിയിപ്പ്.

ഭരണത്തിൽ എന്തെങ്കിലും പോരായ്മയുണ്ടെങ്കിൽ മുന്നണി എന്നനിലയിൽ എൽഡിഎഫിലെ എല്ലാവർക്കും തുല്യ ഉത്തരവാദിത്തമാണുള്ളത്. അതിനുപകരം സിപിഎമ്മിനെ മാത്രം കുറ്റപ്പെടുത്തുന്നത് ശരിയല്ല. തെരഞ്ഞെടുപ്പ് ഘട്ടത്തിലും അല്ലാതെയും മുന്നണിക്കുണ്ടാകുന്ന നഷ്ടം സിപിഎമ്മിന്റെ ശൈലി കാരണമാണെന്നും നേതാക്കളുടെ വീഴ്ച കാരണമാണെന്നുമുള്ള പരസ്യവിമർശനം ഗുണമുണ്ടാക്കുന്നത് എതിരാളികൾക്കാണെന്നും കാനം പറഞ്ഞു. മുന്നണിക്കുള്ളിൽ നിന്നുകൊണ്ട് മറ്റൊരു ഘടകകക്ഷിയെ വിമർശിക്കുമ്പോൾസ്വന്തം പാർട്ടിയുടെ അടിത്തറയെ തന്നെ അത് ബാധിക്കുന്നുണ്ടെന്ന് തിരിച്ചറിയണം.

ഇനി അത്തരത്തിലുള്ള സമീപനം വേണ്ടതില്ലെന്ന് സംസ്ഥാന കൗൺസിൽ തീരുമാനിച്ചിട്ടുണ്ടെന്നും കാനം പറഞ്ഞു. മുന്നണിക്കുള്ളിൽ വിമർശനം ഉന്നയിക്കാം. അത് പരസ്യവിമർശനമായി മാറരുത്. പാർട്ടി അച്ചടക്കത്തിന്റെ പരിധിയിൽ സോഷ്യൽ മീഡിയയും ഉൾപ്പെടുമെന്നും കാനം കണ്ണൂരിലെ ജില്ലാ സെക്രട്ടറിയടക്കമുള്ള നേതാക്കൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട് 'ഇതോടെ യഥാർത്ഥ ഇടതു മൂല്യങ്ങൾ സംരക്ഷിക്കുന്ന പാർട്ടി തങ്ങളുടെതാണെന്ന ഇമേജ് ബിൽഡപ്പ് ചെയ്യാതുള്ള കണ്ണുരിലെ ചില സിപിഐ നേതാക്കളുടെ നീക്കങ്ങൾക്കാണ് സംസ്ഥാന നേതൃത്വം കടിഞ്ഞാണിട്ടത്.