കാസർകോഡ്: കാസർകോഡ് കാനത്തൂരിൽ ഭാര്യയെ വെടിവെച്ചു കൊന്നതിന് ശേഷം ഭർത്താവ് ആത്മഹത്യ ചെയ്തതിന് പിന്നിൽ ഭർത്താവിന്റെ സംശയരോഗമെന്ന് നാട്ടുകാരും പൊലീസും. ഇന്നലെയാണ് കാസർകോഡ് കാനത്തൂർ വടക്കേക്കരയിൽ വിജയൻ ഭാര്യ ബേബി ശാലിനിയെ വെടിവെച്ച് കൊലപ്പെടുത്തിയതിന് ശേഷം ആത്മഹത്യ ചെയ്തത്. സ്വയം വെടിവെച്ച് മരിക്കാനുള്ള ശ്രമം പരാജയപ്പെട്ടതോടെ തൂങ്ങി മരിക്കുകയായിരുന്നു.

ശാലിനിയെ കുറിച്ചുള്ള സംശയങ്ങളാണ് കൊലപാതകത്തിലേക്കും ആത്മഹത്യയിലേക്കും നയിച്ചത് എന്നാണ് നാട്ടുകാരും ആദൂർ പൊലീസും നൽകുന്ന വിവരം. മരിക്കുന്നതിന് തലേദിവസം അതായത് വെള്ളിയാഴ്ച ഇരുവരും ആദൂർ സ്റ്റേഷനിലെത്തി ഒരു പരാതി നൽകിയിരുന്നു. ശാലിനിയുടെ ഫോണിലേക്ക് ഒരു ഡ്രൈവർ നിരന്തരം വിളിച്ച് ശല്യം ചെയ്യുന്നു എന്നായിരുന്നു പരാതി. ഇത്രയും കാലം ഫോൺ ഉപയോഗിക്കാതിരുന്ന ശാലിനി മൂന്നാഴ്ച മുമ്പാണ് ഒരു ഫോൺ വാങ്ങിയത്.

പരാതി ലഭിച്ച പൊലീസ് പ്രസ്തുത ഡ്രൈവറെ സ്റ്റേഷനിലേക്ക് വിളിച്ച് കാര്യം തിരക്കിയെങ്കിലും അയാൾ അത് നിഷേധിക്കുകയായിരുന്നു. അടുത്ത ദിവസം രണ്ട് കൂട്ടരോടും സ്റ്റേഷനിലേക്ക് എത്താനും ആവശ്യപ്പെട്ടിരുന്നു. ഇതു പ്രകാരം പ്രസ്തുത ഡ്രൈവർ വീട്ടിൽ നിന്നും സ്റ്റേഷനിലേക്ക് പുറപ്പെട്ടിരുന്നെങ്കിലും വഴിയിൽ വെച്ച് തന്നെ ശാലിനിയെ വിജയൻ കൊലപ്പെടുത്തിയെന്ന വാർത്ത അറിഞ്ഞു. ഇതോടെ തിരികെ പോകുകയായിരുന്നു. ഇതേ സംശയത്തിന്റെ പേരിൽ ശാലിനിയുടെ മുടി ദിവസങ്ങൾക്ക് മുമ്പ് വിജയൻ മുറിച്ചിരുന്നു.

പിന്നീട് ശാലിനി പുറത്തേക്കിറങ്ങുമ്പോൾ ഷാൾ, തോർത്ത് മുണ്ട് എന്നിവ ഉപയോഗിച്ച് തല മറക്കുകയും ചെയ്തിരുന്നു. ഇരുവരും വീട്ടിൽ എല്ലായിപ്പോഴും വഴക്കായിരുന്നു എന്നും അയൽവാസികൾ പറയുന്നു. എന്നാൽ ബേബി ഫോൺ വാങ്ങിയതോടെ ഈ വഴക്ക് രൂക്ഷമാകുകയായിരുന്നു എന്നും നാട്ടുകാർ പറയുന്നു. ഭാര്യയെ വെടിവെച്ചു കൊന്നതിന് ശേഷം മകൻ അഭിഷേകാണ് അയൽ വീട്ടുകളിൽ പോയി അമ്മയെ അച്ഛൻ കൊലപ്പെടുത്തിയെന്ന വിവരം അറിയിച്ചത്. ഇതറിഞ്ഞ് അയൽ വീട്ടിലെ രണ്ട് സ്ത്രീകൾ ഓടിയെത്തിയെങ്കിലും അവരെയും വിജയൻ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി.

വിവരം പുറത്തുപറഞ്ഞാൽ നിങ്ങളെയും കൊല്ലുമെന്നാണ് വിജയൻ അവരോട് പറഞ്ഞത്. അവർ അപ്പോൾ തന്നെ പേടിച്ച് പിന്മാറി. ഈ സമയത്ത് ശാലിനി വീടിനകത്ത് ചോരയിൽ കുളിച്ച് കിടക്കുകയായിരുന്നു. പിന്നീട് വിജയൻ തന്നെയാണ് നാട്ടുകാരനായ ഒരു പൊലീസ് ഉദ്യോഗസ്ഥനെ വിവരം അറിയിച്ചത്. ശാലിനിയെ ഞാൻ കൊന്നു എന്നാണ് വിജയൻ ആ പൊലീസുകാരനോട് പറഞ്ഞത്. പിന്നീട് അദ്ദേഹം നൽകിയ വിവരം അനുസരിച്ച് ആദൂർ പൊലീസെത്തിയാണ് ശാലിനിയെ ആശുപത്രിയിലെത്തിച്ചത്. അപ്പോഴേക്കും ശാലിനി മരിച്ചിരുന്നു. അത്രയും കൃത്യമായി ചെവിയുടെ സമീപത്തായാണ് വെടിയുണ്ട കൊണ്ടിട്ടുള്ളത്.

അച്ഛന്റെയും അമ്മയുടെയും മരണത്തോടെ അനാഥനായ ഇവരുടെ ഏക മകൻ അഭിഷേക് എന്ന ആറുവയസ്സുകാരനെ ഇന്നലെ തന്നെ ശാലിയുടെ സഹോദരനെത്തി ശാലിനിയുടെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി. കാനത്തൂർ ഗവ. യുപി സ്‌കൂളിലെ ഒന്നാം ക്ലാസ് വിദ്യാർത്ഥിയാണ് അഭിഷേക്. അഭിഷേകാണ് അയൽ വീടുകളിൽ അച്ഛൻ അമ്മയെ കൊലപ്പെടുത്തിയ കാര്യം അറിയിച്ചത്.

നാട്ടിലെ നായാട്ടു സംഘത്തിന്റെ നേതാവായിരുന്നു വിജയൻ. ഉന്നം തെറ്റാതെ വെടിയുതിർക്കാനുള്ള കഴിവായിരുന്നു നായാട്ടുകാർക്കിടയിൽ വിജയനെ പ്രശസ്തനാക്കിയത്. എന്നാൽ ഈ കഴിവ് തന്നെയാണ് ഇപ്പോൾ നാടിനെ നടുക്കിയ ദുരന്തത്തിനും കാരണമായത്. നായാട്ടിന് ഉപയോഗിക്കുന്ന നീളമേറിയ നാടൻ തോക്കുപയോഗിച്ചാണ് വിജയൻ ശാലിനിയെ കൊലപ്പെടുത്തിയത്. ഈ തോക്ക് ഉപയോഗിച്ച് ആദ്യം സ്വയം വെടിയുതിർത്ത് മരിക്കാനുള്ള രണ്ട് ശ്രമങ്ങൾ പരാജയപ്പെട്ടതോടെ ആയിരിക്കാം വിജയൻ തൂങ്ങിമരിച്ചത് എന്നാണ് പൊലീസ് നിഗമനം.

ഭാര്യയെ കൊലപ്പെടുത്തി സമീപത്തെ റബർ തോട്ടത്തിലേക്ക് വിജയൻ പോയതിന് പിന്നാലെ രണ്ട് തവണ വെടിയൊച്ച കേട്ടിരുന്നതായി നാട്ടുകാർ പറയുന്നുണ്ട്. ഇത് സ്വയം വെടിയുതിർത്ത് മരിക്കാനുള്ള ശ്രമമായിരിക്കാം എന്നാണ് പൊലീസ് പറയുന്നത്. കാസർകോഡ് കാർണാട അതിർത്തി ഗ്രാമങ്ങളിൽ ഇത്തരം തോക്കുകൾ സാധാരണയാണെന്ന് പൊലീസ് പറയുന്നു. എന്നാൽ അവ കണ്ടെത്താനുള്ള പരിശോധനകൾ ഈ പ്രദേശങ്ങളിൽ വ്യാപകമായി നടക്കാറുമില്ല. ലൈസൻസില്ലാത്ത ഒറ്റക്കുഴൽ നാടൻ തോക്ക് ഉപയോഗിച്ചാണ് വിജയൻ ശാലിനിയെ കൊലപ്പെടുത്തിയത്.

കെണിവെച്ച് പിടിക്കുന്ന കാട്ടുപന്നികളെ വെടിവെച്ചു കൊല്ലാനാണ് സാധാരണ ഇത്തരം തോക്കുകൾ ഉപയോഗിക്കുന്നത്. നിരവധി വർഷങ്ങളായി ഈ തോക്ക് വിജയന്റെ കയ്യിലുണ്ടെന്ന് നാട്ടുകാർ സാക്ഷ്യപ്പെടുത്തുന്നുണ്ട്. തദ്ദേശ തെരഞ്ഞെടുപ്പിന്റെ ഭാഗമായി ജില്ലയിലെ ലൈസൻസുള്ള തോക്കുകൾ പൊലീസ് സ്റ്റേഷനുകളിലാണ് ഇപ്പോഴുമുമുള്ളത്. എന്നാൽ ലൈസൻസില്ലാത്തതിനാൽ ഈ തോക്ക് പൊലീസിന്റെ കണക്കിൽ പെട്ടിരുന്നില്ല.

2010ൽ സിപിഐഎം പ്രവർത്തകൻ ഇത്തരം തോക്കിൽ നിന്ന് വെടിയേറ്റ് മരിച്ചതോടെയാണ് പ്രദേശത്ത് ഇത്തരം നിരവധി തോക്കുകൾ കൈവശം വെച്ചിരിക്കുന്ന നിരവധി പേരുണ്ടെന്ന വിവരം പുറത്തു വന്നത്. എന്നാൽ അവ കണ്ടെത്താനോ പിടിച്ചെടുക്കാനോ ഉള്ള ശ്രമങ്ങൾ ഇതുവരെ ആരംഭിച്ചിട്ടില്ല. ഇത്തരം തോക്കുകൾ ഉപയോഗിച്ച് ഇതിനു മുമ്പ് ഈ പ്രദേശങ്ങളിൽ കൊലപാതകങ്ങൽ നടന്നിട്ടുള്ളതായാണ് വിവരം.