കണ്ണൂർ: കണ്ണൂരിൽ കല്യാണത്തോട് അനുബന്ധിച്ചുണ്ടായ തർക്കങ്ങൾ കൊലപാതകത്തിൽ കലാശിച്ചതിന്റെ ഞെട്ടലിലാണ് തോട്ടട പ്രദേശം. വിവാഹ ആഘോഷങ്ങളുമായി ബന്ധപ്പെട്ടുണ്ടായ രണ്ട് ചേരിയും വഴക്കുമാണ് കൊലപാതകത്തിലേക്ക് കാര്യങ്ങൾ എത്തിച്ചത്. ബോംബ് പൊട്ടിത്തെറിച്ച് കൊല്ലപ്പെട്ടത് ബോംബുമായി എത്തിയ സംഘാംഗം തന്നെയെന്നാണ് പുറത്തുവരുന്ന വിവരം. ഇക്കാര്യം പൊലീസ് സ്ഥിരീകരിച്ചു.

ചക്കരക്കൽ ഏച്ചൂർ സ്വദേശി ജിഷ്ണുവാണ് കൊല്ലപ്പെട്ടത്. അക്രമി സംഘം എറിഞ്ഞ രണ്ടാമത്തെ ബോംബ് ജിഷ്ണുവിന്റെ തലയ്ക്കാണ് വീണത്. ആദ്യമെറിഞ്ഞ ബോംബ് പൊട്ടിയിരുന്നില്ല. ഇന്നലെ തോട്ടടയിലെ വിവാഹ വീട്ടിൽ രാത്രി സത്കാരം കഴിഞ്ഞ് സംഗീത പരിപാടി നടന്നിരുന്നു. ഉച്ചഭാഷിണി പ്രവർത്തിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ഇവിടെ ഉടലെടുത്ത തർക്കം പിന്നീട് സംഘർഷത്തിലേക്ക് മാറി. ഏച്ചൂരിൽ നിന്ന് വന്ന വരന്റെ സംഘവും വരന്റെ നാട്ടുകാരായ യുവാക്കളും രണ്ട് ചേരിയായി സംഘർഷത്തിലേർപ്പെട്ടു.

പ്രശ്‌നം ഒത്തുതീർത്ത ശേഷമാണ് ഇന്ന് വിവാഹത്തിന് വരനും സംഘവും പോയത്. വധൂഗൃഹത്തിൽ വിവാഹം കഴിഞ്ഞ വരനും സംഘവും വീട്ടിലേക്ക് മടങ്ങിയ ശേഷമാണ് ബോംബ് പൊട്ടിത്തെറിച്ചത്. ഏച്ചൂരിൽ നിന്നുള്ള സംഘമാണ് ബോംബുമായി വന്നത്. ജിഷ്ണു സംഭവ സ്ഥലത്ത് തന്നെ മരിച്ചു. മറ്റ് മൂന്ന് പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരിൽ ഒരാളുടെ നില ഗുരുതരമാണ്.

സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം ജിഷ്ണുവിന്റെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി മാറ്റി. നാടൻ ബോംബാണ് സംഘം ഉപയോഗിച്ചത്. പൊട്ടാതെ ബാക്കിയായ ബോംബ് പൊലീസ് നിർവീര്യമാക്കി. ഇത് കസ്റ്റഡിയിലെടുത്തു. സംഭവത്തിൽ ആരെയും ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല.

ജിഷ്ണുവിന്റെ കൂടെ ഉണ്ടായിരുന്ന കൂടെയുണ്ടായിരുന്ന മൂന്ന് പേർക്ക് പരുക്കേറ്റിട്ടുണ്ട്. തോട്ടട സ്വദേശികളായ റിജിലേഷ്, അനുരാഗ്, ഹേമന്ദ് എന്നിവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തോട്ടടയിലെ സുനിലിന്റെ മകൻ ഷമലിന്റെ വിവാഹത്തിൽ പങ്കെടുക്കാനെത്തിയതായിരുന്നു ജിഷ്ണു. സുനിൽ ഏച്ചൂർ സ്വദേശിയാണ്. ഇതിനാൽ ഏച്ചൂരിൽ നിന്നുള്ളവരെയും ക്ഷണിച്ചിരുന്നു.

ശനിയാഴ്‌ച്ച രാത്രി വിവാഹവീട്ടിൽ വച്ചു പാട്ടുവയ്ക്കുന്നതിനെ ചൊല്ലി ഏച്ചൂരിൽ നിന്നെത്തിയ യുവാക്കളും തോട്ടടസ്വദേശികളായ യുവാക്കളും തമ്മിൽ തർക്കമുണ്ടായിരുന്നു. ഇതു നാട്ടുകാർ ഇടപെട്ടു പരിഹരിക്കുകയായിരുന്നു. നീല പുള്ളികളുള്ള ഷർട്ടും വെള്ളമുണ്ടും ധരിച്ചു പ്രത്യേക ഡ്രസ് കോഡിൽ ടെപോ ട്രാവലറിൽ ഏച്ചൂരിൽ നിന്നെത്തിയ സംഘത്തിലുള്ളയാളാണ് ജിഷ്ണു. ഇവർ വന്നിരുന്ന വാഹനത്തിൽ ബോംബുകളും ആയുധങ്ങളും കൊണ്ടുവന്നുവോയെന്ന് പൊലിസ് അന്വേഷിക്കുന്നുണ്ട്.

വിവാഹ സംഘം ദേശീയപാതയിലെ തോട്ടടയിൽ വാഹനമിറങ്ങി വധൂവരന്മാരുമായി നടന്നാണ് വരന്റെ വീട്ടിലേക്ക് പോയിരുന്നത്. ഏച്ചൂർ സ്വദേശി ബാലക്കണ്ടി മോഹനന്റെയും ശ്യാമളയുടെയും മകനാണ് ജിഷ്ണു. സഹോദരൻ: മേഖുൽ. കണ്ണൂർ സിറ്റി പൊലിസ് കമ്മിഷണർ ആർ ഇളങ്കോ റൂറൽ എസ്. പി രാജീവ് എന്നിവർ സംഭവസ്ഥലം സന്ദർശിച്ചു. കണ്ണൂർ ഡെപ്യൂട്ടി പൊലിസ് കമ്മിഷണർ പി.പി സദാനന്ദന്റെ നേതൃത്വത്തിലുള്ള പൊലിസ് സംഘം മൃതദേഹം ഇൻക്വസ്റ്റ് നടത്തി പോസ്റ്റുമോർട്ടത്തിനായി ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. സംഭവസ്ഥലത്ത് എത്താൻ വൈകിയെന്നാരോപിച്ചു നാട്ടുകാർ പ്രതിഷേധിച്ചു. ഇതുകൂടാതെ ഇരുവിഭാഗമാളുകളും തമ്മിൽ സംഘർഷാവസ്ഥയും നിലനിന്നിരുന്നു.

കൊലപാതകവിവരമറിഞ്ഞെത്തിയ സി.പി. എം കണ്ണൂർ ജില്ലാസെക്രട്ടറിയേറ്റംഗം എൻ. ചന്ദ്രൻ പ്രശ്നത്തിൽ ഇടപെട്ട് സ്ഥിതി ശാന്തമാക്കി. കണ്ണൂർ കോർപറേഷൻ മേയർ ടി. ഒ മോഹനൻ, എടക്കാട് ഗ്രാമപഞ്ചായത്ത് മുൻപ്രസിഡന്റ് കെ.വി രവീന്ദ്രൻ എന്നിവരും സ്ഥലെത്തിയിരുന്നു. കണ്ണൂരിൽ നിന്നെത്തിയ ഫോറൻസിക് വിഭാഗവും ഡോഗ് സ്‌ക്വാഡും പരിശോധന നടത്തി.