കണ്ണൂർ: കണ്ണുർ സെൻട്രൽ ജയിലിലെ ഭക്ഷ്യ വിതരണ കൗണ്ടറിൽ നിന്നും രണ്ടു ലക്ഷം രൂപയോളം കവർന്നത് ജയിലിന് പുറത്തുള്ളവരാണെന്ന് പൊലിസ് ' മോഷണം നടന്ന ജയിൽ വളപ്പിലെ ഭക്ഷ്യ വിതരണ ഓഫിസിൽ കണ്ണൂർ ടൗൺ പൊലിസും വിരലടയാള വിദഗ്ദ്ധരും ഡോഗ് സ്‌ക്വാഡും പരിശോധന നടത്തി. പ്രൊഫഷനൽ മോഷ്ടാക്കൾക്ക് മാത്രമേ ജയിലിൽ മോഷണം നടത്താനാകുവെന്ന നിഗമനത്തിലാണ് പൊലീസ്.

ജയിൽ വളപ്പിലെ ചപ്പാത്തി കൗണ്ടറിൽ നിന്നും വിൽപ്പന നടത്തിയ ചപ്പാത്തി, ബിരിയാണി, ചിക്കൻ കബാബ്. ചിക്കൻ കറി, ചിപ്‌സ് എന്നിവയുടെ ഒരുദിവസത്തെ കലക്ഷനായ 1,95,600 രൂപയാണ് മോഷണം പോയത്.ജയിലിൽ ഭക്ഷണം വറ്റു കിട്ടുന്ന പണം അതാത് ദിവസങ്ങളിൽ ജയിലിലെ ഓഫിസിൽ അടയ്ക്കാറാണ് പതിവ്. ഇന്നലത്തെ വിറ്റുവരവാണ് മോഷണം പോയത്.

24 മണിക്കുറും സി.സി.ടി.വി ക്യാമറയും ആയുധമേന്തിയ കമാൻഡോകളും കാവലുള്ള ജയിലിന് അമ്പതു മീറ്റർ മാത്രം ദൂരമുള്ള ഓഫിസിൽ നിന്നും എങ്ങനെയാണ് പണം കവർന്നതെന്നാണ് പൊലിസിനെയും ജയിൽ അധികൃതരേയും അമ്പരപ്പിക്കുന്ന കാര്യം ബുധനാഴ്‌ച്ച രാത്രിയോടെ ചെയ്ത വേനൽ മഴയിലും ഇടിമിന്നലിലും ജില്ലയിലെ വിവിധ സ്ഥലങ്ങളിലെന്നപോലെ ജയിലിലും വൈദ്യുതി ബന്ധം നിലച്ചിരുന്നു ഈ സമയത്താണ് കവർച്ച നടന്നതെന്നാണ് പൊലിസിന്റെ പ്രാഥമിക നിഗമനം.

ഇത്രയും സുരക്ഷാ സംവിധാനമുള്ള ജയിൽ പരിസരത്ത് മോഷണം നടന്നത് വിശ്വസിക്കാനാവുന്നില്ലെന്നാണ് ജയിൽ ജീവനക്കാർ പറയുന്നത്. രാവിലെ വിവിധ ബ്‌ളോക്കുകളിൽ നിന്നും പുറത്തു വിടുന്ന ജയിലിലെ അന്തേവാസികളെത്തരെയും ഇപ്പോൾ ജയിലിന് പുറത്തേക്ക് വിടാറില്ല. ശിക്ഷാ തടവ് തീരാറായ വരെ മാത്രമാണ് പ്രധാനമായും പുറത്തെ ജോലികൾക്കായി ജയിലിന് പുറത്ത് എത്തിക്കുന്നത്. വൈകുന്നേരത്തോടെ മുഴുവൻ അന്തേവാസികളെയും അതാതു ബ്‌ളോക്കിലേക്ക് തന്നെ അയക്കും പലരും നേരത്തെ ഭക്ഷണം കഴിഞ്ഞ് ഉറങ്ങാറാണ് പതിവ്.

ബുധനാഴ്‌ച്ച രാത്രി വൈദ്യുതിയില്ലാത്തതുകൊണ്ടും അന്തേവാസികളെല്ലാം നേരത്തെ കിടന്നുറങ്ങിയിരുന്നു. ജയിൽ വകുപ്പിന്റെ ചപ്പാത്തി കൗണ്ടർ രാവിലെ ഏഴു മണി മുതൽ രാത്രി പത്തു മണി വരെയാണ് തുറന്നു പ്രവർത്തിക്കുന്നത്. ഭക്ഷണ സാധനങ്ങൾ വിറ്റ ശേഷം പത്തു മണിയോടെ കൗണ്ടർ അടയ്ക്കും.പിന്നെ അന്നത്തെ വിറ്റുവരവ് ജയിലിനോട് ചേർന്നുള്ള ഓഫിസിൽ അടയ്ക്കാറാണ് പതിവ്. ഈക്കാര്യം കണക്കിലെടുത്ത് രാത്രി പതിനൊന്നിന് ശേഗവും പുലർച്ചെ അഞ്ചിനുമിടെയിലാണ് മോഷണം നടന്നതെന്ന് വ്യക്തമാണെന്ന് പൊലിസ് പറഞ്ഞു.