കണ്ണൂർ: രണ്ടാം പിണറായി സർക്കാരിന്റെ വരവോടെ കണ്ണുർ സിപിഎമ്മിൽ രാഷ്ട്രീയ സമവാക്യങ്ങൾ മാറുന്നു. പാർട്ടിയിലും സർക്കാരിലും കരുത്തനായി എം.വി ഗോവിന്ദൻ മാറിയതോടെ മുതിർന്ന ചില നേതാക്കളുടെ അസാന്നിധ്യമാണ് ചർച്ചയാകുന്നത്. മന്ത്രിയായി ചുമതലയേറ്റതിനു ശേഷം ആദ്യമായി കണ്ണുരിലെത്തിയ എം.വി ഗോവിന്ദനെ സ്വീകരിക്കാൻ ഇവരിൽ പലരുമെത്തിയില്ലെന്നതാണ് ശ്രദ്ധേയം.

കോവിഡ് നിയന്ത്രണങ്ങളുടെ പേരിലാണെങ്കിലും ഈ വിട്ടു നിൽക്കൽ പാർട്ടി അണികൾക്കിടെയിലും ചർച്ചയായിട്ടുണ്ട്. കഴിഞ്ഞ ദിവസം ജില്ലയിലെത്തിയ എം.വി ഗോവിന്ദന് കണ്ണുർ ജില്ലാ കമ്മറ്റി ഓഫിസായ അഴിക്കോടൻ മന്ദിരത്തിലൊരുക്കിയ സ്വീകരണത്തിൽ മുൻ മന്ത്രിയും കേന്ദ്ര കമ്മിറ്റിയംഗവുമായ ഇ പി ജയരാജൻ, കേന്ദ്ര കമ്മിറ്റിയംഗങ്ങളായ പി കെ ശ്രീമതി, കെ കെ ശൈലജ തുടങ്ങി പ്രമുഖരടക്കമുള്ളവർ പങ്കെടുത്തിരുന്നില്ല.

എന്നാൽ സംസ്ഥാന കമ്മിറ്റിയംഗവും ഐ.ആർ.പി.സി ചെയർമാനുമായ പി.ജയരാജൻ താൻ നേരിടേണ്ടി വന്ന തിക്താനുഭവങ്ങളെല്ലാം മറന്നു കൊണ്ട് മന്ത്രിയെ സ്വീകരിക്കാൻ മറ്റു നേതാക്കളോടൊപ്പം കണ്ണൂർ വിമാനതാവളത്തിലെത്തിയിരുന്നു. എന്നാൽ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ സീറ്റ് നിഷേധിക്കപ്പെട്ടതിനെ തുടർന്ന് കടുത്ത അതൃപ്തിയിലാണ് ഇ.പി ജയരാജനെന്നാണ് സൂചന. തെരഞ്ഞെടുപ്പിന് ശേഷം കണ്ണുരിലെ പൊതുവേദികളിൽ ഇതുവരെ അദ്ദേഹത്തിന്റെ സാന്നിധ്യമുണ്ടായിട്ടില്ല.

ഇനി തെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്നും പ്രായാധിക്യത്താൽ വിശ്രമിക്കേണ്ട സമയമായെന്നും തുറന്നു പറഞ്ഞ ഇ.പി ജയരാജന്റെ പ്രസ്താവന തെരഞ്ഞെടുപ്പ് കാലത്ത് വിവാദമായതിനെ തുടർന്ന് മുഖ്യമന്ത്രി തിരുത്തിയിരുന്നുവെങ്കിലും ഇരുവരും തമ്മിലുള്ള അകൽച്ചയുടെ മഞ്ഞുരുകിയില്ല. നിലവിൽ കേന്ദ്ര കമ്മിറ്റിയംഗം മാത്രമാണ് ഇ.പി ജയരാജൻ. വരുന്ന സംസ്ഥാന സമ്മേളനത്തോെടെ കോടിയേരിക്ക് പകരക്കാരനായി സംസ്ഥാന സെക്രട്ടറി പദവിയിലേക്ക് ഇ പി യെത്തുമെന്ന അഭ്യുഹമുണ്ടായിരുന്നുവെങ്കിലും പിന്നീട് ആ സാധ്യതകളൊക്കെ ഇല്ലാതാവുകയായിരുന്നു.

നിലവിൽ എ വിജയരാഘവൻ തന്നെയാണ് പാർട്ടിയുടെയും എൽ.ഡി.എഫിന്റെയും ചുമതല വഹിക്കുന്നത്. തെരഞ്ഞെടുപ്പിലെ എൽ.ഡി.എഫ് നേടിയ വിജയത്തിന് ശേഷം കോടിയേരി ബാലകൃഷ്ണൻ സെക്രട്ടറി സ്ഥാനത്തേക്ക് തിരിച്ചു വരുമെന്ന പ്രതീതിയുണ്ടായിരുന്നുവെങ്കിലും കേന്ദ്ര കമ്മിറ്റി പച്ചക്കൊടി കാട്ടാത്തതിനെ തുടർന്ന് പിന്നോട്ടടിക്കുകയായിരുന്നു. ഈ സാഹചര്യത്തിലാണ് പാർട്ടി പത്രത്തിന്റെ ചുമതലക്കാരനായി കോടിയേരിയെ നിയോഗിക്കുന്നത്. ഒന്നാം പിണറായി സർക്കാരിൽ മുഖ്യമന്ത്രിക്ക് ശേഷം രണ്ടാമനെന്ന് വിശേഷിക്കപ്പെട്ടിരുന്ന ഇ പി ജയരാജൻ പാർട്ടിക്കുള്ളിൽ പൂർണമായി ഒറ്റപ്പെട്ടിരിക്കുകയാണെന്ന സൂചനയാണ് ലഭിക്കുന്നത്.

സർക്കാരിൽ എം.വി ഗോവിന്ദൻ പുതിയ ശക്തികേന്ദ്രമായി ഉയർന്നതോടെ പാർട്ടിയിൽ ഇ.പിയടക്കമുള്ള നേതാക്കൾ പിൻനിരയിലേക്ക് മാറേണ്ടി വന്നിരിക്കുകയാണ്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ സീറ്റ് പ്രതീക്ഷിച്ചിരുന്ന മുൻ എംപി കൂടിയായ പി.കെ ശ്രീമതിയുടെയും സ്ഥിതി ഇതുതന്നെയാണ്. കണ്ണുരിലെ പ്രവർത്തകരുടെ ആവേശമായ പി.ജയരാജനാകട്ടെ ഐ.ആർ.പി.സിയെന്ന സന്നദ്ധ സേവന സംഘടനയുടെ പ്രവർത്തനങ്ങളിലൂടെ മെയിൻ സ്ട്രീമിൽ പിടിച്ചു നിൽക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും വരുന്ന പാർട്ടി സംസ്ഥാന സമ്മേളനത്തിൽ സംസ്ഥാന സെക്രട്ടറിയേറ്റിലേക്ക് കയറാമെന്ന അദ്ദേഹത്തിന്റെ സ്വപ്നം സാക്ഷാത്കരിക്കാൻ സാധ്യത കുറവാണ്.

വ്യക്തിപൂജയുടെ പേരിൽ കടുത്ത പിണറായി കോപത്തിന് ഇരയാക്കപ്പെട്ട ജയരാജന് വരുന്ന പാർട്ടി സമ്മേളനത്തിൽ നിലവിലുള്ള സംസ്ഥാന കമ്മിറ്റിയംഗമെന്ന സ്ഥാനം തന്നെ നിലനിർത്താൻ പാടുപെടേണ്ടി വന്നേക്കാം. കഴിഞ്ഞ പിണറായി മന്ത്രിസഭയിൽ ആരോഗ്യ മന്ത്രിയായിരുന്ന കെ.കെ ശൈലജ മട്ടന്നൂരിലെ ജനപ്രതി തിധിയാണെങ്കിലും വീണ്ടും മന്ത്രി സ്ഥാനമെന്ന പദവി ലഭിച്ചതുമില്ല. സി. പി. എം കേന്ദ്ര കമ്മിറ്റിയംഗം കുടിയായ ശൈലജ യെ മന്ത്രിസഭയിൽ ഉൾപ്പെടുത്തണമെന്ന് പി.ബി അംഗമായ വൃന്ദാ കാരാട്ട് ഉൾപ്പെടെയുള്ളവർ ആവശ്യപ്പെട്ടിട്ടും അതു നേരത്തെ ഒഴിവാക്കപ്പെട്ട മറ്റു മന്ത്രിമാർ മോശക്കാരാണെന്ന തെറ്റിദ്ധാരണയുണ്ടാക്കുമെന്ന് ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി പിണറായി വിജയൻ തള്ളി കളയുകയായിരുന്നു.

പാർട്ടി അനുഭാവികളിലും സോഷ്യൽ മീഡിയയിലും ശൈലജയ്ക്ക് മന്ത്രി സ്ഥാനം ലഭിക്കാത്തതിനെ ചൊല്ലി വ്യാപകമായ പ്രതിഷേധമാണ് സിപിഎം സൈബർ സഖാക്കൾ ഉയർത്തിയതെങ്കിലും അടഞ്ഞ അധ്യായമാണെന്നായിരുന്നു പാർട്ടി നിലപാട്. തെരഞ്ഞെടുപ്പിൽ രണ്ടാമതും വൻ വിജയം നേടി തലശേരിയിൽ നിന്നും നിയമസഭയിലെത്തിയ എ.എൻ ഷംസീറിന് മന്ത്രി സ്ഥാനം ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നുവെങ്കിലും മുഖ്യമന്ത്രിയുടെ മരുമകനും ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്റുമായ മുഹമ്മദ് റിയാസിനായി വഴിമാറികൊടുക്കേണ്ടി വന്നു. കോടിയേരി ബാലകൃഷ്ണനെന്ന ഗോഡ്ഫാദറിന്റെ പിൻതുണയുണ്ടായിട്ടും ഷംസീറിന് മന്ത്രി സ്ഥാനം ലഭിക്കാത്തത് തലശേരിയിലെ പാർട്ടി പ്രവർത്തകർക്കിടെയിൽ കടുത്ത നിരാശയുളവാക്കിയിട്ടുണ്ട്.

നേരത്തെ വി എസ് പക്ഷപാതിത്വത്തിന്റെ പേരിൽ പാർട്ടിക്കുള്ളിലെ വിഭാഗീയതയുമായി ബന്ധപ്പെട്ട് മുൻ സംസ്ഥാന കമ്മിറ്റിയംഗമായ സി.കെ.പി പത്മനാഭനപ്പോലുള്ള ജനകീയ നേതാക്കൾ വെട്ടിനിരത്തപ്പെട്ടുവെങ്കിൽ എന്നും പിണറായി പക്ഷത്ത് ഉറച്ചു നിന്നിരുന്ന പ്രമുഖ നേതാക്കളിൽ ചിലരാണ് ഇപ്പോൾ ഒതുക്കപ്പെട്ടിരിക്കുന്നത്. പാർട്ടിയും സർക്കാരും പരിപൂർണമായി കൈപ്പിടിയിലൊതുക്കി മുഖ്യമന്ത്രി പിണറായി വിജയൻ ഏകശിലാരൂപത്തിൽ ഏക അധികാര കേന്ദ്രമായതോടെ അദ്ദേഹത്തിന്റെ പ്രീതിയോടെയല്ലാതെ ഇനിയൊരു തിരിച്ചുവരവ് അസാധ്യമായിരിക്കുകയാണ് ഒതുക്കപ്പെട്ട നേതാക്കൾക്ക്.