കണ്ണുർ: കണ്ണൂരിൽ കഴിഞ്ഞ ഒരു മാസത്തിനിടെ പിടികൂടിയത് 14500 ലിറ്റർ വാഷാണെന്ന് എക്‌സൈസ് അധികൃതർ ' 175 ലിറ്റർ വാറ്റുചാരായവും റെയ്ഡിൽ കണ്ടെടുത്തു.95 അബ്കാരി കേസുകളാണ് ഇതുവരെ രജിസ്റ്റർ ചെയ്തത്.കൊ വിഡ് അടച്ചു പൂട്ടലിനെ തുടർന്ന് ബാറുകൾക്കും ബീവറേജ്‌സ് ഔട്ട്‌ലെറ്റുകൾക്കും താഴ് വീണപ്പോഴാണ് വ്യാജവാറ്റ് വ്യാപകമായി തുടങ്ങിയതെന്ന് എക്‌സൈസ് വകുപ്പ് അധികൃതർ പറയുന്നു.

ജില്ലയിൽ ഏറി വരുന്ന വീടുകളിലെ കള്ളവാറ്റിനെതിരെ അതിശക്തമായ മുന്നറിയിപ്പുമായി എക്‌സൈസ് രംഗത്തെത്തിയിട്ടുണ്ട്. ഒരു കുപ്പി വാറ്റിയാലും നൂറ് ലിറ്റർ വാറ്റിയാലും ഒരേ കുറ്റം തന്നെയാണെന്ന് എക്‌സൈസ് അധികൃതർ വ്യക്തമാക്കി. ലോക് ഡൗൺ ഭാഗമായി മദ്യഷാപ്പുകൾ അടച്ചു പൂട്ടിയതോടെ വീടുകൾ കേന്ദ്രീകരിച്ച് കള്ളവാറ്റ് വർധിച്ചതായി എക്‌സൈസ് അധികൃതർ കണക്കുകൾ സഹിതം ചൂണ്ടിക്കാട്ടുന്നു യു ട്യൂബ് ക്‌ളാസുകളിൽ നിന്നും പഠിച്ച് വീടുകളിൽ നിന്നും പ്രഷർകുക്കറും വെല്ലവും ഉപയോഗിച്ച് വാറ്റുന്ന പലരും അറിയുന്നില്ല പിടിക്കപ്പെട്ടാൽ അത് പത്ത് വർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണെന്ന്.

കേരളത്തിൽ സ്വയം മദ്യം ഉൽപ്പാദിപ്പിക്കാനുള്ള അനുമതിസർക്കാരിനല്ലാതെ മറ്റാർക്കുമില്ല. സ്വന്തമായി ഉപയോഗിക്കാൻ വേണ്ടി വാറ്റുന്നവർക്കും വിൽക്കാനായി വാറ്റുന്നവർക്കും പത്ത് വർഷം വരെ തടവ് ശിക്ഷ ലഭിക്കും. ഇതറിയാതെയാണ് പലരും യുടൂബ് കണ്ട് വാറ്റുന്നത് പഠിച്ച് പയറ്റുന്നതെന്ന് കണ്ണൂർ എക്‌സൈസ് അസി.കമ്മിഷണർ ടി.രാഗേഷ് ചൂണ്ടിക്കാട്ടി. ഇത്തരം യൂട്ഊബർമാരെ കണ്ടെത്തുന്നതിനായി ഇവരെ കുറിച്ചുള്ള വിവരങ്ങൾ സൈബർ പൊലിസിന് കൈമാറിയിട്ടുണ്ട്.

വീടുകൾ കേന്ദ്രികരിച്ച് കള്ളവാറ്റ് നടത്തുന്നവരെ കുറിച്ച് വ്യക്തമായ വിവരങ്ങൾ എക്‌സൈസിന് ലഭിക്കുന്നുണ്ട്. കള്ളവാറ്റിനായി പ്രഷർ കുക്കറും വെല്ലവും അമിതമായ തോതിൽ വാങ്ങുന്നവരെ കുറിച്ചുള്ള വിവരങ്ങൾ വ്യാപാരികൾ കൈമാറുന്നുണ്ട്. ഇവരെ പിടികൂടുന്നതിനായി ഷാഡോ എക്‌സൈസ് സംഘത്തിന് എളുപ്പത്തിൽ വിവരം ലഭിക്കുന്നുണ്ടെന്നും വേണ്ടിവന്നാൽ സംശയമുള്ള വീടുകൾ പരിശോധിച്ച് കള്ളവാറ്റ് നടത്തുന്നത് പിടികൂടുമെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ദിവസം പള്ളിക്കുന്ന് കാനച്ചേരിയിൽ വീട്ടിൽ കള്ളവാറ്റു നടത്തുന്നതിനിടെ ഓടി രക്ഷപ്പെട്ട യാളെ പിടി കുടിയിട്ടുണ്ട്. വരും ദിനങ്ങളിലും റെയ്ഡ് ശക്തമാക്കുമെന്ന് എക്‌സൈസ് അറിയിച്ചു.കണ്ണുർ ജില്ലയിലെ അതിർത്തി പ്രദേശങ്ങളിലൂടെ കർണാടകയിൽ നിന്നും മദ്യം കടത്തുന്നുണ്ടെന്നാണ് എക്‌സൈസ് പറയുന്നത്.നിരവധി കേസുകൾ ഇതിനകം പിടികൂടിയിട്ടുണ്ട്. അതിർത്തി പ്രദേശങ്ങളിൽ പൊലിസും എക്‌സൈസും സംയുക്തമായാണ് റെയ്ഡ് നടത്തുന്നത്. ജില്ലയിലെ മലയോര പ്രദേശങ്ങളായ ഇരിട്ടി, കണ്ണവം ഭാഗങ്ങളിൽ വനമേഖലയിൽ വ്യാജവാറ്റ് പെരുകുന്നത് തടയാൻ വ്യാപക റെയ്ഡ് നടത്താനാണ് എക്‌സൈസിന്റെ തീരുമാനം.