തിരുവനന്തപുരം: അതിയന്നൂരിൽ ദമ്പതികളെയും കുട്ടികളെയും കുടിയൊഴിപ്പിക്കാൻ ഒത്താശ ചെയ്തുകൊടുത്ത നെയ്യാറ്റിൻകര പൊലീസിനെതിരെ വീണ്ടും പരാതി ഉന്നയിച്ച് മറ്റൊരു കുടുംബം എത്തുമ്പോൾ പരിശോധനയ്ക്ക് സർക്കാർ. നെയ്യാറ്റിൻകര കരിനട നയന വിഹാറിൽ അനിൽകുമാറും ഭാര്യ സിമിയുമാണ് പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. ഇന്നലെ മറുനാടൻ ഇതിന്റെ വിശദാംശങ്ങൾ പുറത്തു വിട്ടിരുന്നു. ഈ സാഹചര്യത്തിലാണ് പൊലീസ് അന്വേഷണത്തിന് തയ്യാറെടുക്കുന്നത്. സ്‌പെഷ്യൽ ബ്രാഞ്ച് ഇക്കാര്യത്തിൽ വിവരങ്ങൾ ശേഖരിക്കും.

പൊലീസിനെതിരെ ഗുരുതര ആരോപണമാണ് ഉന്നയിച്ചിരിക്കുന്നത്. കോടതിയിൽ നിന്ന് അനിൽകുമാറിന്റെയും കുടുംബത്തിന്റെയും സഞ്ചാരസ്വതന്ത്ര്യം നഷ്ട്‌പെടുത്തിയത് നീക്കണമെന്ന് വിധി നേടുകയും ചെയ്തു. ഈ വിധിയുടെ പകർപ്പ് നെയ്യാറ്റിൻകര സി. ഐയ്ക്ക് നൽകിയപ്പോൾ വിധിയിൽ പൊലീസ് ഇടപെടാൻ നിർദ്ദേശിച്ചിട്ടില്ലാത്തതിനാൽ ആ നിർദ്ദേശം വാങ്ങി വരാൻ സിഐ അനിൽകുമാറിനും കുടംബത്തിനും നിർദ്ദേശം നൽകി. ഇത് ഗുരുതര വീഴ്ചയാണ്. ഇതിലെ വസ്തുതകളും പരിശോധിക്കും.

അനിൽകുമാറിന്റെ സഹോദരി ശ്രീലതയും ഭർത്താവും കാർ വഴിയിൽ പാർക്ക് ചെയ്ത് സഞ്ചാര സ്വാതന്ത്ര്യം തടസപ്പെടുത്തിയ സംഭവത്തിൽ അനുകൂല വിധി കോടതിയിൽ നിന്നും നേടിയിട്ടും നടപ്പിലാക്കാതെ പൊലീസ് അലംഭാവം കാണിക്കുന്നുവെന്നാണ് പരാതി ഉയരുന്നത്. അനിൽകുമാറിന്റെ വീട്ടിലെ കാർ പുറത്തേക്കിറക്കാനാവാത്ത രീതിയിലാണ് സഹോദരി വാഹനം പാർക്ക് ചെയ്ത് പോയിരിക്കുന്നത്. അതിനാൽ ഏറെ ബുദ്ധിമുട്ടിലായ അനിൽകുമാറും ഭാര്യയും നെയ്യാറ്റിൻകര സിഐക്കും ഡി.വൈ.എസ്‌പിക്കും പരാതി നൽകിയെങ്കിലും യാതൊരു ഫലവുമുണ്ടായില്ല. തുടർന്നാണ് കോടതിയെ സമീപിച്ചത്. സ്വാധീനത്തിന് പൊലീസ് വഴങ്ങുന്നതിന് തെളിവാണ് ഇത്.

നെയ്യാറ്റിൻകര കരിനട നയന വിഹാറിൽ പരേതരായ പുഷ്‌കര പണിക്കരുടെയും,വത്സലയുടെയും അഞ്ച് മക്കളിൽ രണ്ടു പേരാണ് അനിൽകുമാറും, ശ്രീലതയും. വർഷങ്ങൾക്ക് മുമ്പ് പുഷ്‌കരപണിക്കർ മരിച്ചിരുന്നു. നാലു വർഷങ്ങൾക്ക് മുമ്പാണ് വത്സല മരിക്കുന്നത്. മരണത്തിന് മുമ്പ് തന്നെ വസ്തുക്കളെല്ലാം അഞ്ച് മക്കളുടെ പേരിൽ എഴുതി വച്ചിരുന്നു. വിവാഹം കഴിഞ്ഞ ശേഷം മര്യാപുരത്താണ് അനിൽകുമാറിന്റെ സഹോദരിയും രജിസ്ട്രാറിൽ ആഡിറ്ററുമായ ശ്രീലതാകുമാരി താമസിച്ചിരുന്നത്. എന്നാൽ അമ്മയുടെ മരണശേഷമാണ് ഭാഗം വച്ചതിൽ കിട്ടിയ ആറ് സെന്റ് വസ്തുവിൽ ശ്രീലത വീട് പണിയുന്നത്.

കുടംബ വീടായ നയന വിഹാർ ഇരിക്കുന്ന പത്ത് സെന്റ് സ്ഥലം അനിൽകുമാറിന്റെ പേരിലാണ് എഴുതിയിരുന്നത്. ഇതിൽ ശ്രീലതയും മറ്റൊരു സഹോദരനായ റിട്ട. ആർമി ഉദ്യോഗസ്ഥനായ ജയചന്ദ്രനും ചെറിയ എതിർപ്പ് ഉണ്ടായിരുന്നു. എന്നാൽ എതിർപ്പ് ഇവർ രണ്ടുപേരും പുറത്തു കാണിച്ചിരുന്നില്ല. പക്ഷേ ഇവർ എങ്ങനെയെങ്കിലും വീടും സ്ഥലവും കൈയ്ക്കലാക്കുന്നതിനും ശ്രമിച്ചുകൊണ്ടെയിരുന്നു. പക്ഷെ നല്ല സഹകരണത്തിലായിരുന്നതു കാരണം ശ്രീലതയ്ക്ക് വീട് പണിയുന്ന അവസരത്തിൽ അനിൽകുമാറും സഹായിച്ചിരുന്നു. വീടിന്റെ പാലു കാച്ച് ചടങ്ങ് കഴിഞ്ഞ മൂന്ന് മാസങ്ങൾക്ക് ശേഷമാണ് ഇവരിൽ അസ്വാരസ്യങ്ങൾ തുടങ്ങിയത്. ഇതിന് കാരണക്കാരൻ ഇവരുടെ ബന്ധുവായ റിട്ട. ആർമി ഉദ്യോഗസ്ഥനും ഭാര്യയുമായി ബന്ധം വേർപിരിഞ്ഞ്് കഴിയുന്ന ഒരു യുവാവുമാണ്. അനിൽകുമാറിന്റെ ചേട്ടനായ റിട്ട ആർമിക്കാരന്റെ വീട്ടിൽ ബന്ധുവായ യുവാവ് നിത്യേന സന്ദർശനം നടത്തുന്നത് അനിൽകുമാർ എതിർത്തിരുന്നു.

അനിൽകുമാറിന്റെ സഹോദരി ശ്രീലതയ്ക്ക് വാഗൺ ആർ കാറാണ് ഉണ്ടായിരുന്നത്. ഇത് ഇവരുടെ വീട്ടിൽ തന്നെയാണ് പാർക്ക് ചെയ്തിരുന്നത്. എന്നാൽ കഴിഞ്ഞ രണ്ട് മാസങ്ങൾക്ക് മുമ്പ് ശ്രീലത കാർ മാറ്റി ഐ20 വാങ്ങി. എന്നാൽ ഈ കാർ ഇവരുടെ വീട്ടിലേക്ക് കയറില്ല. ഇതേ തുടർന്ന് അനിൽകുമാറിനോട് വീടിന്റെ അടുക്കളഭാഗം പൊളിച്ചുനീക്കാൻ ശ്രീലതയും ഭർത്താവും ചേർന്ന് ആവശ്യപ്പെട്ടു. എന്നാൽ വീട് പൊളിച്ചുമാറ്റാൻ കഴിയില്ലെന്ന് അനിൽകുമാർ പറഞ്ഞതോടെ ശ്രീലത പരാതിയുമായി നഗരസഭയിലെത്തി. പരാതിയുടെ അടിസ്ഥാനത്തിൽ നഗരസഭയിൽ നിന്ന് ഉദ്യോഗസ്ഥധർ പരിശോധിച്ചപ്പോൾ അനിൽകുമാർ പുതുക്കി പണിത വീട് നിയമപരമായാണ് പണിതിട്ടുള്ളതെന്ന് പറയുകയും വന്നവർ തിരികെ പോകുകയും ചെയ്തു. ഇതേ തുടർന്നാണ് ബന്ധുവായ റിട്ട. ആർമി ഉദ്യോഗസ്ഥനായ യുവാവുമായി ചേർന്ന് ഗുണ്ടായിസം തുടങ്ങിയത്. അനിൽകുമാറിന്റെ വീടിന് മുൻവശം സഹോദരനായ ജയചന്ദ്രന്റെ വസ്തുവിൽ ഇവർ അനധിക്യതമായി വാഹനം പാർക്ക് ചെയ്തു.

ഈ വാഹനം കിടക്കുന്നത് കാരണം അനിൽകുമാറിന് വാഹനം പുറത്തിറക്കാൻ കഴിയുന്നില്ല. പുറകിലോട്ട് മാറ്റിയിടാൻ സ്ഥലമുണ്ടായിട്ടും മനഃപൂർവമാണ് വാഹനം തടസ്സമായി പാർക്ക് ചെയ്തിരിക്കുന്നത്. ഇതാണ് വിവാദത്തിന് ഇട നൽകുന്നത്.