ബെംഗളൂരു: വിദ്യാർത്ഥികളെ കയറ്റാതെ പോയ കർണാടക സ്റ്റേറ്റ് റോഡ് ട്രാൻസ്‌പോട്ട് കോർപ്പറേഷൻ (കെഎസ്ആർടിസി) ബസ് പിന്തുടർന്ന് തടഞ്ഞ് നിർത്തി വിദ്യാഭ്യാസ മന്ത്രി. കർണാടക വിദ്യാഭ്യാസ മന്ത്രി എസ് സുരേഷ് കുമാറാണ് ബസ് തടഞ്ഞ് നിർത്തി വിദ്യാർത്ഥികളുടെ ഹീറോയായി മാറിയത്. കർണാടക തുംകുരു കൊറത്തഗേരെ മേഖലയിൽ കഴിഞ്ഞദിവസമാണ് അസാധാരണമായ സംഭവം നടന്നത്.

റോഡ് സൈഡിൽ ബസ് കാത്തുനിൽക്കുകയായിരുന്ന വിദ്യാർത്ഥികളെ കയറ്റാതെ ബസ് പോകുന്നത് ഇതുവഴി വരികയായിരുന്ന മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുകയായിരുന്നു. വിദ്യാർത്ഥികൾ അഭ്യർത്ഥിച്ചിട്ടും കയറ്റാതെ കെഎസ്ആർടിസി പോകുന്നത് മധുരഗിരിയിൽ ഒരു ചടങ്ങിൽ പങ്കെടുക്കാൻ വരുന്ന വഴിയാണ് മന്ത്രി കണ്ടത്. ഇതോടെ മന്ത്രി തന്റെ വാഹനത്തിൽ ബസിനെ പിന്തുടരുകയായിരുന്നു.

നീലഗൊണ്ടന ഹള്ളി ഐകെ കോളനിക്ക് സമീപത്തെ സംസ്ഥാന പാതയിൽ വച്ച് മന്ത്രി ബസ് തടഞ്ഞു നിർത്തുകയും ചെയ്തു. വിദ്യാർത്ഥികളെ കയറ്റാതെ പോയ ഡ്രൈവറുടെയും കണ്ടക്ടറുടെയും നടപടി ചോദ്യം ചെയ്ത ഇദ്ദേഹം ജീവനക്കാരിൽ നിന്ന് വിശദീകരണം തേടുകയും ചെയ്തു. റൂട്ടിൽ സഞ്ചരിക്കവെ സ്റ്റോപ്പുകളിൽ നിന്ന് വിദ്യാർത്ഥികളെ നിർബന്ധമായും കയറ്റണമെന്ന നിർദേശവും മന്ത്രി ജീവനക്കാർക്ക് നൽകി.

സംഭവത്തെക്കുറിച്ച് പ്രതികരിച്ച കെഎസ്ആർടിസി അധികൃതർ ഇക്കാര്യം ബന്ധപ്പെട്ടവരുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ടെന്നും പരിശോധിച്ച ശേഷം വേണ്ട നടപടിയെടുക്കാൻ നിർദേശിച്ചിട്ടുണ്ടെന്നും വ്യക്തമാക്കി.