തൃശൂർ: കരുവന്നൂർ ബാങ്കിൽ നിന്നും വായ്‌പ്പയെടുത്തവരിൽ ഒരാൾ കൂടി ജീവനൊടുക്കി. ആലപാടൻ ജോസ് (60) എന്നയാളാണ് ആത്മഹത്യ ചെയ്തത്. കൽപണിക്കാരനായിരുന്ന ജോസ് കരിവന്നൂർ ബാങ്കിൽ നിന്ന് നാല് ലക്ഷം രൂപ വായ്പ എടുത്തിരുന്നു. മകളുടെ വിവാഹ ആവശ്യത്തിനാണ് പണം കടമെടുത്തിരുന്നു. കൊറോണയും ലോക്‌ഡൗണും അടക്കമുള്ള പ്രതിസന്ധി വന്നതോടെ തിരിച്ചടവ് മുടങ്ങി.

ബാങ്കിൽ നിന്നും കഴിഞ്ഞ ദിവസം ജപ്തി നോട്ടീസ് ലഭിച്ചതോടെ വലിയ മാനസിക സമ്മർദ്ദത്തിലായിരുന്ന ജോസിനെ ഇന്ന് പുലർച്ചയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കരിവന്നൂർ ബാങ്കിൽ നിന്നും വായ്‌പ്പയെടുത്ത് പ്രതിസന്ധിയിലായി രണ്ടാമത്തെ ആളാണ് ഇത്തരത്തിൽ ജീവനൊടുക്കുന്നത്. നേരത്തെ ഇരിഞ്ഞാലക്കുട സ്വദേശി മുകുന്ദനും സമാനമായ രീതിയിൽ ബാങ്കിൽ നിന്നും ജപ്തി നോട്ടീസ് ലഭിച്ചതോടെ ജീവനൊടുക്കിയിരുന്നു.

സിപിഎം നിയന്ത്രണത്തിലുള്ള കരുവന്നൂർ ബാങ്കിൽ കോടികളുടെ വൻ വായ്പാ തട്ടിപ്പാണ് നടന്നത്. 100 ലധികം വ്യാജ വായ്പകളാണ് ഭരണസമിതിയുടെ വ്യക്തമായ പങ്കോട് കൂടി നടത്തിയതെന്നാണ് ക്രൈം ബ്രാഞ്ച് കണ്ടെത്തൽ. കേസിൽ 12 ഭരണസമിതി അംഗങ്ങളെ ക്രൈം ബ്രാഞ്ച് പ്രതിചേർത്തിട്ടുണ്ട്. എന്നാൽ കോടികൾ വായ്‌പ്പയെടുത്ത് മുങ്ങിയവർക്കെതിരെ ജപ്തിയടക്കമുള്ള നടപടികൾ സ്വീകരിക്കാതെ ബാങ്ക്, സാധാരണക്കാർക്ക് മാത്രം ജപ്തി നോട്ടീസ് അടക്കമുള്ള നടപടിയെടുക്കുകയാണെന്ന വിമർശനം ഉയർന്നിട്ടുണ്ട്.